മനുഷ്യൻ പ്രകൃതിയിലേക്ക് മടങ്ങണം - കുമ്മനം രാജശേഖരൻ
കല്‍പ്പറ്റ: മനുഷ്യന്‍ പ്രകൃതിയിലേക്ക് മടങ്ങണമെന്ന് മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. മണ്ണിനെ മറന്ന് ജീവിതം വാണിജ്യവല്‍കരിക്കുകയാണ്.കല്‍പ്പറ്റ ഓഷിന്‍ ഓഡിറ്റോറിയത്തില്‍ ജന്മഭൂമി സംഘടിപ്പിച്ച പത്മശ്രീ പുരസ്‌കാര ബഹുമാനിതരായ ഡോ. ഡി.ഡി. സഗ്‌ദേവിനെയും, ചെറുവയല്‍ രാമനെയും അദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യര്‍ ഇന്ന് ലാഭത്തിന് പുറകേയാണ് ജീവിക്കുന്നത്.
നല്ല വെള്ളമോ നല്ല ഭക്ഷണമോ ലഭിക്കാതെയായി. ലാഭത്തിനായി മനുഷ്യന്‍ പ്രകൃതിയെ ചൂഷണം ചെയ്തു. ഒരുകാലത്ത് ഒരു കുടുബമായി ജീവിച്ച മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള ബന്ധം നശിച്ച് ഇപ്പോള്‍ മനുഷ്യ വന്യജീവി സംഘര്‍ഷത്തിലേക്ക് എത്തി. നമുക്ക് നമ്മുടെ നാട്ടറിവുകള്‍ നഷ്ടമായി. ഹൈബ്രിഡ് കൃഷിരീതികളിലേക്ക് കര്‍ഷകര്‍ മാറി. അതോടെ നമ്മുടെ പാരമ്പര്യ വിത്തുകളും നമുക്ക് നഷ്ടമായി. കേരളത്തിലുണ്ടായിരുന്ന അഞ്ചര ലക്ഷം ഹെക്ടര്‍ നെല്‍ വയലുകളില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് രണ്ടര ഹെക്ടര്‍ മാത്രമാണ്. ഇത്തരത്തില്‍ നഷ്ടപ്പെട്ടുപോയ വിത്തുകളും പാരമ്പര്യവും സംരക്ഷിക്കുന്ന പത്മശ്രീ ചെറുവയല്‍ രാമനെപോലുള്ളവരാണ് നാടിനെ നയിക്കേണ്ടത്.
മനുഷ്യര്‍ പ്രകൃതിയിലേക്ക് മടങ്ങി വരണം അല്ലാതെ നിലനില്‍പ്പില്ല എന്ന് തിരിച്ചറിയണം എന്നും അദ്ദേഹം പറഞ്ഞു. പത്മശ്രീ പുരസ്‌കാരം നേടിയ ചെറുവയല്‍ രാമനും ഡോ. ഡി.ഡി. സഗ്‌േവവും സ്വന്തം നേട്ടം കണക്കാക്കാതെ ജീവിതം നാടിന് വേണ്ടി സമര്‍പ്പിച്ചവരാണ്. ലോകത്ത് എവിടെയും വലിയ പ്രതിഫലം വാങ്ങി ജോലി ചെയ്യാന്‍ കഴിയുമായിരുന്നിട്ടും മറ്റൊരു സംസ്ഥാനത്ത് നിന്ന് വയനാടന്‍ മലനിരകളില്‍ എത്തി ഈ നാട്ടിലെ പാവങ്ങളെയും വനവാസികളെയും സേവിക്കാന്‍ ഡോക്ടര്‍ തീരുമാനിച്ചത് സഹജീവികളോടുള്ള സ്‌നേഹം കൊണ്ട് മാത്രമാണ്. ഇവരുടെ ജീവിതം നമ്മള്‍ മാതൃകയാക്കണം. ഇവരുടെ കാലടികള്‍ നമ്മള്‍ പിന്തുടരണം എന്നും കുമ്മനം രാജശേഖരന്‍ കൂട്ടിച്ചേര്‍ത്തു. വയനാട് ചേമ്പര്‍ ഓഫ് കോമേഴ്‌സ് അധ്യക്ഷന്‍ ജോണി പാറ്റാനി അധ്യക്ഷത വഹിച്ച യോഗത്തില്‍ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
സ്വന്തം ലേഖകൻ