ജൂണ്‍ അഞ്ചുമുതല്‍ എ.ഐ. ക്യാമറ പിഴ ഈടാക്കും

ജൂണ്‍ അഞ്ചുമുതല്‍ എ.ഐ. ക്യാമറ വഴി ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടുന്നതിന് മുന്നോടിയായി മോട്ടോര്‍ വാഹനവകുപ്പിന്റെ ഉന്നതതലയോഗം 24-ന് ചേരും. നിലവില്‍ കണ്‍ട്രോള്‍ റൂമുകളില്‍നിന്നും ബോധവത്കരണ നോട്ടീസ് നല്‍കുന്നുണ്ട്. ജൂണ്‍ നാലുവരെമാത്രമേ ഇതുണ്ടാകൂ. ഇതിനുശേഷം പിഴനോട്ടീസ് അയച്ചുതുടങ്ങും. ഉദ്യോഗസ്ഥതലത്തില്‍ പ്രാഥമിക പരിശോധന നടത്തിയശേഷമാകും പിഴ ചുമത്തുക. ക്യാമറ കണ്ടെത്തുന്ന കുറ്റകൃത്യങ്ങളില്‍ പ്രാഥമിക പരിശോധന നടത്തിയശേഷം മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. ഇരുചക്രവാഹനങ്ങളില്‍ രണ്ടുപേര്‍ക്കൊപ്പം കുട്ടികളെക്കൂടി കൊണ്ടുപോകാന്‍ ഇളവ് അനുവദിക്കണമെന്ന ആവശ്യത്തില്‍ കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. കേന്ദ്രനിയമത്തിന് എതിരായ വ്യവസ്ഥ ആയതിനാല്‍ ഇളവ് ലഭിക്കാനിടയില്ല. രണ്ടുപേര്‍ക്കൊപ്പം കുട്ടികളെക്കൂടി കൊണ്ടുപോകുന്നത് ഇപ്പോഴും നിയമവിരുദ്ധമാണെങ്കിലും പിഴ ഈടാക്കുന്നില്ല. ക്യാമറയില്‍ ഇത്തരം ഇളവ് ലഭിക്കില്ല. എന്നാല്‍ ക്യാമറ കണ്ടെത്തുന്ന കുറ്റകൃത്യങ്ങളുടെ പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ക്ക് ഇതൊഴിവാക്കാനാകും. പൊതുവികാരം എതിരായതിനാല്‍ കുട്ടികള്‍ക്ക് പിഴ ചുമത്തി പഴികേള്‍ക്കേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. നിയമവിരുദ്ധമായതിനാല്‍ ഇക്കാര്യം പരസ്യമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാരിനോ മോട്ടോര്‍വാഹന വകുപ്പിനോ കഴിയില്ല.