കാർഷികോല്പന്നങ്ങളുടെ വിപണത്തിന് ഇനിമുതൽ പുത്തൻ സാങ്കേതിക വിദ്യകൾ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ്ങുമായി ഇന്ന് ധാരണ പത്രം ഒപ്പിടും

  • Posted on February 27, 2023
  • News
  • By Fazna
  • 179 Views

തിരുവനന്തപുരം: സംസ്ഥാനത്തെ കർഷകരുടെ പ്രാദേശിക ഉത്പന്നങ്ങൾ ഇനിമുതൽ ആകർഷകമായ പായ്ക്കറ്റുകളിൽ വിപണിയിലെത്തും. ഉത്പന്നങ്ങൾക്കു മെച്ചപ്പെട്ട വിപണി എന്നത് കർഷകരുടെ എക്കാലത്തെയും ഒരു സ്വപ്നമാണ്. നമ്മുടെ പ്രാദേശിക കർഷകർക്കു പരാജയം സംഭവിക്കുന്നതും ഈ മേഖലയിലാണ്. മനോഹരമായ പാക്കറ്റുകളിൽ എത്തുന്ന ഉത്പന്നങ്ങൾ എപ്പോഴും ഉപഭോക്താക്കളുടെ കണ്ണിൽപ്പെടാറുണ്ട്. അന്താരാഷ്ട്ര വിപണിയിലും ഉത്പന്നങ്ങളുടെ പാക്കേജിങ് ഏറെ നിർണായക ഘടകമാണ്. ഗുണമേന്മയുള്ള നമ്മുടെ പ്രാദേശിക വിഭവങ്ങൾക്ക് ആകർഷകമായ പാക്കിങ് കൂടിയുണ്ടെങ്കിലോ? ഇതിനു കർഷകരെ സജ്ജമാക്കി എടുക്കുന്നതിനുള്ള നടപടിക്ക് കൃഷിവകുപ്പ് തുടക്കം കുറിക്കുകയാണ്. ബ്രാൻഡിംഗ്,പാക്കേജിങ്, ലേബലിംഗ് തുടങ്ങി കാർഷികോത്പങ്ങളുടെ വിപണനം മെച്ചപ്പെടുത്തുന്നതിനുള്ള സാങ്കേതികവിദ്യകളിൽ  കർഷകർക്ക് പരിശീലനം, സാങ്കേതികവിദ്യ കൈമാറ്റം എന്നിവ ലക്ഷ്യമിട്ട് മുംബൈ ആസ്ഥാനമായുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ് സ്ഥാപനവുമായി കേരള സർക്കാർ ഇന്ന് വൈഗാ വേദിയിൽ വച്ച് ധാരണപത്രം ഒപ്പിടും.  കൃഷി മന്ത്രി പി. പ്രസാദിന്റെ സാന്നിധ്യത്തിൽ  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിംഗ്  ഡയറക്ടർ ആർ കെ മിശ്ര ഐആർഎസ്, കേരള സമേതി ഡയറക്ടർ ജോർജ് സെബാസ്റ്റ്യൻ  എന്നിവരായിരിക്കും ധാരണ പത്രത്തിൽ ഒപ്പിടുന്നത്. വൈഗ കാർഷിക പ്രദർശനം രാവിലെ 11 മുതൽ രാത്രി 10 വരെ  വൈഗ 2023 ന്റെ ഭാഗമായി നടക്കുന്ന കാർഷിക പ്രദർശനം കേരളം കണ്ട ഏറ്റവും മികച്ച പ്രദർശനമായി. സർക്കാർ - അർദ്ധ സർക്കാർ -സ്വകാര്യ സ്ഥാപനങ്ങളുടെതടക്കം 250 അധികം സ്റ്റാളുകളാണ് വൈഗയുടെ ഭാഗമായി പുത്തരിക്കണ്ടം മൈതാനിയിൽ സജ്ജീകരിച്ചിരിക്കുന്നത്.  ജമ്മു ആൻഡ് കാശ്മീർ, സിക്കിം, ഉത്തരാഖണ്ഡ്, ആന്ധ്രപ്രദേശ്, കർണാടക, തമിഴ്നാട്, ആസാം എന്നിവയുടെ സ്റ്റോളുകളും ജനപ്രിയമായി. വിവിധ സംസ്ഥാനങ്ങൾ അവരുടെ ഭൗമസൂചിക   ഉൽപ്പന്നങ്ങൾ അടക്കം പ്രാദേശികമായിട്ടുള്ള വിഭവങ്ങളുമായിട്ടാണ് വൈഗയെ വർണ്ണാഭമാക്കുവാൻ എത്തിയിരിക്കുന്നത്. രാവിലെ 11 മുതൽ രാത്രി 10 മണിവരെയാണ് കാർഷിക പ്രദർശനം നടക്കുന്നത്. രാത്രി 9 മണി വരെ പ്രവേശന പാസ് പ്രദർശന നഗരിയിൽ നിന്ന് ലഭിക്കും.


സ്വന്തം ലേഖകൻ

Author
Citizen Journalist

Fazna

No description...

You May Also Like