വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ചു, യുവാവ് അറസ്റ്റിൽ; ലക്ഷ്യമിട്ടത് പരിഭ്രാന്തി സൃഷ്ടിക്കൽ.
- Posted on March 30, 2026
- News
- By Goutham prakash
- 17 Views
രാജ്യമാകെ 1,100ലധികം വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ചു, യുവാവ് അറസ്റ്റിൽ; ലക്ഷ്യമിട്ടത് പരിഭ്രാന്തി സൃഷ്ടിക്കൽ.
ന്യൂഡൽഹി ∙ രാജ്യത്തെ വിവിധ സ്‌കൂളുകൾ, ഹൈക്കോടതികൾ, സർക്കാർ ഓഫിസുകൾ എന്നിവ ലക്ഷ്യമിട്ട് 1,100ലധികം വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ച സംഭവത്തിൽ 47 വയസ്സുകാരനായ കർണാടക സ്വദേശിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. മൈസൂരുവിൽ താമസിക്കുന്ന ശ്രീനിവാസ് ലൂയിസ് എന്നയാളെയാണ് ഡൽഹി പൊലീസും പ്രാദേശിക പൊലീസും ചേർന്ന് പിടികൂടിയത്. കഴിഞ്ഞ കുറച്ചു ആഴ്ചകളായി ഡൽഹി ഹൈക്കോടതി, നിയമസഭ, വിവിധ വിദ്യാഭ്യാസ-സർക്കാർ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ലഭിച്ച ബോംബ് ഭീഷണികളെത്തുടർന്നാണ് നടപടി. ഹൈക്കോടതി ജഡ്ജി നൽകിയ പരാതിയും ഇതിലുൾപ്പെടുന്നു. ഈ ഭീഷണികൾ കാരണം പലയിടങ്ങളിലും സുരക്ഷാ പരിശോധനകളും ഒഴിപ്പിക്കലുകളും നടത്തേണ്ടി വരികയും പ്രവർത്തനം തടസ്സപ്പെടുകയും ചെയ്തിരുന്നു.
ബെംഗളൂരു സ്വദേശിയായ ഇയാൾ ബിരുദാനന്തര ബിരുദധാരിയാണ്. നിലവിൽ ജോലിയൊന്നുമില്ലാതെ, വിരമിച്ച സർക്കാർ ഉദ്യോഗസ്ഥയായ അമ്മയോടൊപ്പം മൈസൂരുവിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പരമാവധി പരിഭ്രാന്തി സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രമുഖ സ്ഥാപനങ്ങളെ ഇയാൾ തിരഞ്ഞെടുത്തത്.
പ്രാഥമിക ചോദ്യം ചെയ്യലിൽ, ആയിരത്തിലധികം ഭീഷണി സന്ദേശങ്ങൾ അയച്ചതായി ഇയാൾ സമ്മതിച്ചു. വിവിധ സംസ്ഥാനങ്ങളിൽ ഇയാൾക്കെതിരെ എഫ്ഐആറുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളെ ഡൽഹിയിലെത്തിച്ച് കൂടുതൽ ചോദ്യം ചെയ്താലേ കൃത്യമായ ലക്ഷ്യം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.
പ്രതിയുടെ പക്കൽ നിന്ന് ഒരു ലാപ്ടോപ്പും നിരവധി സിം കാർഡുകളും പൊലീസ് കണ്ടെടുത്തു. ഇയാൾ അയച്ച സന്ദേശങ്ങളുടെ പൂർണരൂപം കണ്ടെത്താൻ ഡിജിറ്റൽ തെളിവുകൾ പരിശോധിച്ചുവരികയാണ്. മൈസൂരുവിലെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങി. ഇയാൾക്കൊപ്പം കൂട്ടുപ്രതികൾ ആരെങ്കിലും ഉണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
