ഭരത് മുരളി നാടകോത്സവത്തിന് തിരുവനന്തപുരത്ത് തിരശീല ഉയർന്നു

  • Posted on March 31, 2023
  • News
  • By Fazna
  • 83 Views

തിരുവനന്തപുരം: കേരള സർവ്വകലാശാല സംഘടിപ്പിക്കുന്ന ഭരത് മുരളി നാടകോത്സവത്തിന് തിരുവനന്തപുരത്ത് തിരി തെളിഞ്ഞു. പാളയം സെനറ്റ് ഹാളിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നാടകോത്സവം ഉദ്ഘാടനം ചെയ്തു. നാടകത്തോട് ഏറെ അഭിനിവേശം പുലർത്തിയ വ്യക്തിയായിരുന്നു ഭരത് മുരളിയെന്ന് മന്ത്രി ആർ ബിന്ദു ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. നാടകത്തോട് മുരളി കാണിച്ച പ്രതിബദ്ധതയാണ് സംഗീത നാടക അക്കാദമി ചെയർമാൻ സ്ഥാനം അദ്ദേഹത്തിന് ലഭിക്കാൻ കാരണമായതെന്നും ആർ ബിന്ദു പറഞ്ഞു. സംഗീത നാടക അക്കാദമി ചെയർമാൻ ആയിരുന്ന കാലത്ത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് അന്താരാഷ്ട്ര നാടകോത്സവമായ ഇറ്റ്ഫോക്ക് ആരംഭിച്ചത്. മുരളിക്ക് സാംസ്‌കാരിക കേരളം നൽകിയ ഏറ്റവും മനോഹരമായ സ്മാരകമായി ഇറ്റ്ഫോക്കിനെ കണക്കാക്കാമെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു. കേരള സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ.(ഡോ) മോഹനൻ കുന്നുമ്മൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള പഠന കേന്ദ്രം വകുപ്പ് മേധാവി ഡോ. സി ആർ പ്രസാദ് സ്വാഗതംപറഞ്ഞു. സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. കെ എച്ച് ബാബുജാൻ, ഡോ. എസ് നസീബ്, ബി പി മുരളി, എം എസ് അരുൺകുമാർ, ഡോ. വിജയൻപിള്ള എം, എന്നിവർ ആശംസകൾ നേർന്നു. ഭരത് മുരളിയുടെ കുടുംബാംഗങ്ങൾ, നാട്യഗൃഹം രക്ഷാധികാരി പ്രൊഫ. അലിയാർ, കേരള സർവ്വകലാശാല യൂണിയൻ ചെയർമാൻ വിഷ്ണു എ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കെ യു ഇ യു സെക്രട്ടറി അജയ് ഡി എൻ നന്ദി പറഞ്ഞു. ഉദ്ഘാടന ചടങ്ങിന് ശേഷം അശോക് ശശി സംവിധാനം ചെയ്ത തിരുവനന്തപുരം സൗപർണികയുടെ നാടകം ഇതിഹാസം അവതരിപ്പിച്ചു. കേരള സർവ്വകലാശാല പാളയം സെനറ്റ് ക്യാമ്പസിൽ ഏപ്രിൽ 4 വരെ നടക്കുന്ന നാടകോത്സവത്തിൽ തെരഞ്ഞെടുത്ത 9 മലയാള നാടകങ്ങളാണ് അവതരിപ്പിക്കുന്നത്. രണ്ട്  വേദികളിലായാണ് നാടകോത്സവം നടക്കുന്നത്  ഇതോടൊപ്പം പുസ്തകമേള പ്രശസ്ത വ്യക്തികളുടെ പ്രഭാഷണങ്ങൾ, പൊതു സമ്മേളനം എന്നിവയും ഉണ്ടാകും. മേളയുടെ ഭാഗമായി നടക്കുന്ന മുരളി സ്മൃതിയിൽ മുൻ പ്രതിപക്ഷ നേതാവായ രമേശ്‌ ചെന്നിത്തല എം എൽ എ പ്രഭാഷണം നടത്തും. മലയാളി സ്ത്രീ : പൊതുയിടങ്ങൾ ആവിഷ്കാരങ്ങൾ എന്ന വിഷയത്തിൽ  നാടക പ്രവർത്തകയും നടിയുമായ സജിത മഠത്തിൽ പ്രഭാഷണം നടത്തും. സർക്കസ് തിയ്യറ്റർ എന്ന വിഷയത്തിൽ തൃശൂർ സ്കൂൾ ഓഫ് ഡ്രാമ ഡയറക്ടർ ഡോ. അഭിലാഷ് പിള്ള പ്രഭാഷണം നടത്തും.

മുരളിയും നാട്യഗൃഹവും എന്ന  വിഷയത്തിൽ നാട്യഗൃഹത്തിന്റെ രക്ഷാധികാരിയും നാടക പ്രവർത്തകനുമായ പ്രൊഫ. അലിയാർ പ്രഭാഷണം നടത്തും. മന്ത്രിമാരായ സജി ചെറിയാൻ, അഡ്വ.ജി ആർ അനിൽ എന്നിവരും നാടകോത്സവത്തിന്റെ ഭാഗമാകും. അശോക് ശശി സംവിധാനം ചെയ്ത ഇതിഹാസം, കെ ആർ രമേശ്‌ സംവിധാനം ചെയ്ത ആർട്ടിക്, സൂര്യ കൃഷ്ണ മൂർത്തി സംവിധാനം ചെയ്ത പ്രേമലേഖനം, അരുൺ ലാൽ സംവിധാനം ചെയ്ത ദ വില്ലന്മാർ, മാർത്താണ്ഡന്റെ സ്വപ്‌നങ്ങൾ, ഹസിം അമരവിള സംവിധാനം ചെയ്ത സോവിയറ്റ് സ്റ്റേഷൻ കടവ്, അർജുൻ ഗോപാൽ സംവിധാനം ചെയ്ത സിംഹാരവം ഘോരാരവം, അമൽ രാജും ജോസ് പി റാഫേലും ചേർന്ന് ഒരുക്കിയ തോമ കറിയ കറിയ തോമ, ശ്രീജിത്ത്‌ രമണൻ സംവിധാനം ചെയ്ത തീണ്ടാരിപ്പച്ച എന്നീ നാടകങ്ങൾ ആണ്  അരങ്ങിലെത്തുന്നത്.


സ്വന്തം ലേഖകൻ

Author
Citizen Journalist

Fazna

No description...

You May Also Like