സംസ്കൃത സർവ്വകലാശാലയിൽ ഓൺലൈൻ കോഴ്സുകൾക്ക് മാത്രമായി പ്രത്യേക പഠന കേന്ദ്രം

കാലടി (എറണാകുളം): കാലടിയിൽ സ്പോർട്സ് ഹോസ്റ്റലും കലാഗ്രാമവും സ്ഥാപിക്കും ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ ഓൺലൈൻ കോഴ്സുകൾ ആരംഭിക്കും. ഇതിനായി കാലടി മുഖ്യക്യാമ്പസിൽ എസ്. എസ്. യു. എസ്. സെന്റർ ഫോർ ഓൺലൈൻ കോഴ്സസ് ആരംഭിക്കും. ഇന്ന് (18.03.2023) ചേർന്ന സർവ്വകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ അവതരിപ്പിച്ച 2023-24സാമ്പത്തിക വർഷത്തെ ബജറ്റിലാണ് ഈ തീരുമാനം. ഫിനാൻസ് സ്ഥിരം സമിതി കൺവീനർ പ്രൊഫ. ഡി. സലിംകുമാർ ബജറ്റ് അവതരിപ്പിച്ചു. 140.94കോടി രൂപ വരവും 162.07കോടി രൂപ ചെലവുമുളള ബജറ്റിൽ അക്കാദമികവും വികസനോന്മുഖവുമായ നിരവധി പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മുപ്പതിലധികം ഓൺലൈൻ കോഴ്സുകളാണ് തുടങ്ങുവാൻ ഉദ്ദേശിക്കുന്നത്. നിലവിൽ മോഹിനിയാട്ടത്തിൽ ഓൺലൈനായി സർട്ടിഫിക്കറ്റ് കോഴ്സ് നടത്തി വരുന്നു. വേദിക് ലിറ്ററേച്ചർ, സോഷ്യോളജി ഓഫ് ലാംഗ്വേജ്, സംഗീതവും മ്യൂസിക്കോളജിയും, ന്യായ ആൻഡ് ഇന്ത്യൻ ലീഗൽ സിസ്റ്റം, ഇന്ത്യൻ ലോജിക്, ഫിലോസഫി ഓഫ് സയൻസ്, ടെക്നോ ഫിലോസഫി, നാട്യശാത്ര, യോഗ ഫിലോസഫി, സാൻസ്ക്രിറ്റ് ഫോർ ആയുർവേദ സ്റ്റുഡന്റ്സ്, അദ്വൈത വേദാന്ത, മെഡിക്കൽ സോഷ്യൽ വർക്ക്, കമ്മ്യൂണിക്കേറ്റീവ് സാൻസ്ക്രിറ്റ്, സാൻസ്ക്രിറ്റ് ആൻഡ് കമ്പ്യൂട്ടേഷണൽ ലിംഗ്വസ്റ്റിക്സ്, സ്പോക്കൺ പാലി, വാസ്തുവിദ്യ, എൻഷ്യന്റ് ഇന്ത്യൻ സ്ക്രിപ്റ്റ്സ്, ബേസിക് പ്രിൻസിപ്പിൾസ് ഓഫ് വേദാന്ത എന്നിവയാണ് സർവ്വകലാശാല വിഭാവനം ചെയ്യുന്ന ഓൺലൈൻ കോഴ്സുകൾ. എസ്. എസ്. യു. എസ്. സെന്റർ ഫോർ ഓൺലൈൻ കോഴ്സസ് എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ പദ്ധതിക്ക് 90ലക്ഷം രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.

കാലടി മുഖ്യകേന്ദ്രത്തിൽ 8 കോടി രൂപയുടെ സ്പോർട്സ് ഹോസ്റ്റൽ നിർമ്മിക്കുന്നതിന് പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്. 100 വിദ്യാർത്ഥികളെ ഉൾക്കൊളളുന്ന വിധമാണ് സ്പോർട്സ് ഹോസ്റ്റൽ നിർമ്മിക്കുക. കലാപ്രകടനകൾക്കും പ്രദർശനത്തിനുമായി സ്ഥിരം വേദി എന്ന നിലയിൽ സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിൽ കലാഗ്രാമം ആരംഭിക്കുന്നതിന് പ്രാരംഭ നടപടികൾക്ക് തുക അനുവദിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്കും പ്രവേശനം നൽകുന്ന വിധം വിഷ്വൽ ആർട്സ്, തിയറ്റർ, ഡാൻസ്, മ്യൂസിക് വിഭാഗങ്ങളെ സംയോജിപ്പിച്ച് ആരംഭിക്കുന്ന കലാഗ്രാമത്തിലൂടെ സർവ്വകലാശാല സാമ്പത്തിക വരുമാനവും ലക്ഷ്യമിടുന്നു.

എസ്. എസ്. യു. എസ്. ഡിജിറ്റൽ ഹ്യുമാനിറ്റീസ് പ്രോജക്ട് (75ലക്ഷം രൂപ), സെന്റർ ഫോർ അക്കാദമിക് റൈറ്റിംഗ്(60ലക്ഷം രൂപ), എസ്. എസ്. യു. എസ് റെപ്പോസിറ്ററി ഓഫ് ഇൻടാഞ്ചിബിൾ ഹെറിട്ടേജ് (25ലക്ഷം രൂപ), സെന്റർ ഫോർ ന്യൂ ആർട്ടിസ്റ്റിക് എൻഡീവേഴ്സ് ആൻഡ് പ്രൊഡക്ഷൻസ് (20ലക്ഷം രൂപ), കേസരി എ. ബാലകൃഷ്ണപിളള അന്തർവൈജ്ഞാനിക പഠനകേന്ദ്രം(10ലക്ഷം രൂപ) എന്നിവയാണ് മറ്റ് പുതിയ പദ്ധതികൾ, സർവ്വകലാശാലയുടെ പ്രാദേശിക ക്യാമ്പസുകളെ കൂട്ടിയിണക്കിയുളള ഓൺലൈൻ കണക്ടിവിറ്റിയും ഐ. ടി. അധിഷ്ഠിത അടിസ്ഥാന സൗകര്യ വികസനത്തിനുമായി 80 ലക്ഷം രൂപയാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്.

എസ്. എസ്. യു. എസ്. ഡിജിറ്റൽ ഹ്യുമാനിറ്റീസ് പ്രോജക്ട് സംസ്ഥാനത്ത് ഇദം പ്രഥമമാണ്. ഇൻസ്റ്റിറ്റ്യൂഷണൽ ഡെവലപ്മെന്റ് പ്ലാൻ പ്രകാരം നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്ന ഈ പദ്ധതി ഡിജിറ്റൽ ടെക്നോളജി, സോഷ്യൽ സയൻസസ്, സംസ്കാരം എന്നിവ ചേർന്നതാണ്. ശ്രീ ശങ്കരാചാര്യ അന്താരാഷ്ട്ര പഠനകേന്ദ്രത്തിന്റെ പ്രവർത്തനകൾക്കായി 10 ലക്ഷം രൂപയാണ് ബജറ്റിൽ ഉൾക്കൊളളിച്ചിരിക്കുന്നത്.

കൊയിലാണ്ടി പ്രാദേശിക ക്യാമ്പസിൽ മിനി ഓഡിറ്റോറിയവും ഗേൾസ് ഹോസ്റ്റലും, കാലടി ക്യാമ്പസിൽ കേന്ദ്രീകൃത ജലശുദ്ധീകരണ പദ്ധതി, സോളാർ പവർ പ്ലാന്റ്, സോഷ്യൽ സയൻസ് ബ്ലോക്കും റിസർച്ച് ലാബും. പരീക്ഷാഭവൻ, ഏറ്റുമാനൂർ പ്രാദേശിക ക്യാമ്പസിന് പേരൂരിൽ സ്പാ തെറാപ്പി കേന്ദ്രം, പന്മന പ്രാദേശിക ക്യാമ്പസിൽ വേദാന്ത ഗവേഷണ കേന്ദ്രവും ചട്ടമ്പി സ്വാമി ചെയറും, തിരുവനന്തപുരം പ്രാദേശിക ക്യാമ്പസിൽ പുതിയ അക്കാദമിക് സമുച്ചയം എന്നീ പദ്ധതികൾക്കും ബജറ്റിൽ തുക അനുവദിച്ചിട്ടുണ്ട്.

2023-24 സാമ്പത്തിക വർഷത്തേയ്ക്ക് പദ്ധതിയേതര ധനസഹായമായി 7390.90ലക്ഷം രൂപയും പദ്ധതി ധനസഹായമായി 2205ലക്ഷം രൂപയുമായണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്. സർവ്വകലാശാലയുടെ 2023-24 സാമ്പത്തിക വർഷത്തെ ബജറ്റിൽ സർക്കാർ ധനസഹായം ഉൾപ്പെടെ 7813.24 ലക്ഷം രൂപ പദ്ധതിയേതരയിനത്തിലും 2951 ലക്ഷം രൂപ പദ്ധതിയിനത്തിലും വരുമാനം പ്രതീക്ഷിക്കുന്നു. പദ്ധതിയിനത്തിൽ 2957ലക്ഷം രൂപയുടെയും പദ്ധതിയേതരയിനത്തിൽ 9920.67ലക്ഷം രൂപയുടെയും ചെലവുകൾ പ്രതീക്ഷിക്കുന്നുവെന്ന് വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ പറഞ്ഞു.


സ്വന്തം ലേഖകൻ

Author
Citizen Journalist

Goutham Krishna

No description...

You May Also Like