പ്രതീക്ഷയുടെ പാലം ഉയർന്നു. പട്ടാളത്തിന് ആദരമർപ്പിച്ച് ബെയ്ലി പാലം ഇൻസ്റ്റലേഷൻ -ചൂരൽമലയിൽ നിന്ന് ശേഖരിച്ച ഉരുളൻ കല്ലുകൾ ഉപയോഗിച്ചാണ് നിർമാണം
- Posted on April 26, 2025
- News
- By Goutham prakash
- 125 Views

കൽപ്പറ്റ .
ഒരു നാടിന്റെ ദുരന്തമുഖത്ത് നിന്നും ദുരന്തത്തിന്റെ ഇരകളുടെ രക്ഷാ കവചമായ ബെയ്ലി പാലത്തിന്റെ ഇൻസ്റ്റലേഷൻ ശ്രദ്ധേയമായി.
വയനാട്,
മുണ്ടക്കൈ-ചൂരൽമല ഉരുൾ ദുരന്തത്തിൽ നിരവധി ജീവനുകൾ രക്ഷപ്പെടുത്തിയ, ബെയ്ലി പാലം നിർമിച്ച ഇന്ത്യൻ കരസേനയ്ക്ക് എന്റെ കേരളം പവലിയനിൽ ആദരം. പാലത്തിന്റെ ഇൻസ്റ്റലേഷൻ നിർമിച്ചു 'ബ്രിഡ്ജ് ഓഫ് ഹോപ്പ്' എന്ന പേരിൽ സെൽഫി പോയിന്റ് ആയി സജ്ജീകരിച്ചിരിക്കുന്നത് ജില്ലാ ഭരണകൂടമാണ്.
ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം സോഷ്യൽ മീഡിയ സെല്ലിന്റെയും ജീവനക്കാരുടെയും വെള്ളരിമല വില്ലേജ് ഓഫീസർ എം അജീഷിന്റെയും ആർടിസ്റ്റ് അയ്യപ്പന്റെയും നേതൃത്വത്തിൽ 5 ദിവസം കൊണ്ടാണ് 'ബ്രിഡ്ജ് ഓഫ് ഹോപ്' നിർമ്മിച്ചത്. ഇതിനാവശ്യമായ ഉരുളൻ കല്ലുകൾ ദുരന്തം താണ്ഡവമാടിയ ചൂരൽമലയിൽ നിന്ന് തന്നെ എത്തിച്ചു. എന്റെ കേരളം പ്രദർശന വിപണനമേളയുടെ പ്രവേശന കവാടത്തിനടുത്താണ് ബ്രിഡ്ജ് ഓഫ് ഹോപ് സ്ഥാപിച്ചിട്ടുള്ളത്. മേളയ്ക്ക് ശേഷം സിവിൽ സ്റ്റേഷനിലെ കൽപാർക്കിന്റെ ഭാഗമായി ഇൻസ്റ്റലേഷൻ മാറ്റി സ്ഥാപിക്കും.
ദുരന്തം അതിജീവിച്ചവർക്കായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ബെയ്ലി എന്ന സ്റ്റാർട്ട് അപ്പ് മിഷൻ തുടങ്ങുകയും ബാഗ്, കുട തുടങ്ങിയ ഉൽപ്പന്നങ്ങൾ നിർമിച്ച് സ്വയംതൊഴിൽ പരിശീലനവും നടത്തി വരുന്നു. അതിനായി 17ൽപ്പരം തയ്യൽ മെഷീനുകൾ അതിജീവിതർക്കായി ഒരുക്കിയിട്ടുണ്ട്. ബെയ്ലി കഫെ, മുള ഉൽപ്പന്നങ്ങൾ, കുടിവെള്ള കുപ്പി തുടങ്ങിയവയും ബെയ്ലിക്ക് കീഴിൽ നിർമ്മിക്കുന്നു.
റിപ്പണിൽ ഇതിനകം തന്നെ ബെയ്‌ലി ഉൽപ്പന്നങ്ങളുടെ യൂണിറ്റ് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ബെയ്‌ലി ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനായി ജില്ലാ ഭരണകൂടം തെരഞ്ഞെടുത്തിരിക്കുന്നത് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരെയാണ്. കരസേനയിലെ മദ്രാസ് എഞ്ചിനീയറിംഗ് ഗ്രൂപ്പ് (എംഇജി) ആണ് 190 അടി നീളമുള്ള ബെയ്ലി പാലം ദുരന്തസ്ഥലത്ത് നിർമിച്ചത്.