കുട്ടികളുടെ മൊബൈൽ കമ്പം ആയുധമാക്കി ബൈജുസ്;സംഭവിച്ചതെന്ത്

2011ലാണ് എഡ്യൂടെക് സ്റ്റാര്‍ട്ടപ്പായ ബൈജൂസിന് മലയാളി സംരംഭകനായ ബൈജു രവീന്ദ്രന്‍ തുടക്കമിട്ടത്. നിലവില്‍ 1.5 കോടിയിലേറെ ഉപഭോക്താക്കളുണ്ട്. ചേരുന്നവര്‍ക്ക് ടാബ്ലറ്റും സൗജന്യസേവനങ്ങളുമടക്കം ബൈജൂസ് വാഗ്ദാനം ചെയ്യുന്നുണ്ട്. 

കുട്ടികള്‍ക്ക് കമ്പം മൊബൈല്‍ഫോണിനോടാണ്. പഠിക്കാന്‍ ബുക്ക് തുറക്കുന്നേയില്ല! രക്ഷിതാക്കളുടെ ഈ പരാതിയും പരിഭവവുമൊക്കെ മാറ്റാന്‍ കുട്ടികളുടെ മൊബൈല്‍ കമ്പം തന്നെ ആയുധമാക്കുകയായിരുന്നു ബൈജൂസ്.

മൊബൈല്‍ ആപ്പ് വഴി, ലളിതമായ വീഡിയോകള്‍ വഴി അവരെ പഠനത്തിലേക്ക് തിരിച്ചെത്തിച്ചു. പഠനം രസകരമായതോടെ പലരും ക്ലാസിലെ മിടുക്കന്മാരുമായി. അതോടെ, ബൈജൂസിന്റെ ജൈത്രയാത്ര തുടങ്ങി. പക്ഷേ, കണക്കുകള്‍ തെറ്റിയതും അതിവേഗമായിരുന്നു.

തുടക്കവും തളര്‍ച്ചയും

2011ലാണ് എഡ്യൂടെക് സ്റ്റാര്‍ട്ടപ്പായ ബൈജൂസിന് മലയാളി സംരംഭകനായ ബൈജു രവീന്ദ്രന്‍ തുടക്കമിട്ടത്. നിലവില്‍ 1.5 കോടിയിലേറെ ഉപഭോക്താക്കളുണ്ട്. ചേരുന്നവര്‍ക്ക് ടാബ്ലറ്റും സൗജന്യസേവനങ്ങളുമടക്കം ബൈജൂസ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതില്‍ വീഴ്ചകളുണ്ടായെന്ന പരാതികള്‍ ഉയര്‍ന്നിരുന്നു.

കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന് സ്വകാര്യകമ്പനികള്‍ സാമ്പത്തികവര്‍ഷത്തെ പ്രവര്‍ത്തനഫലക്കണക്ക് സമര്‍പ്പിക്കണം. 2020-21ലെ കണക്ക് സമര്‍പ്പിക്കാന്‍ നാലുവട്ടം സ്വയം തീയതി കുറിച്ചിട്ടും പാലിക്കാന്‍ ബൈജൂസിനായില്ല. ഓഡിറ്റിംഗ് സ്ഥാപനമായ ഡെലോയിറ്റ് ഇതിനിടെ ബൈജൂസ് ലാഭം കണക്കാക്കുന്നതില്‍ പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയതും തിരിച്ചടിയായി.

ബൈജൂസിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് കാര്‍ത്തി ചിദംബരം എം.പി സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിനെ (എസ്.എഫ്.ഐ.ഒ) സമീപിക്കുകയും ചെയ്തു.

അണപൊട്ടിയ അമര്‍ഷം

ഉപഭോക്താക്കളില്‍ നിന്ന് വന്‍തുക ഫീസ് വാങ്ങിയും ടാബുകള്‍ നല്‍കിയുമാണ് ബൈജൂസ് കോഴ്സ് നല്‍കിയിരുന്നത്. വന്‍തുകയായിരുന്നതിനാല്‍ ഇ.എം.ഐ സൗകര്യവും നല്‍കിയിരുന്നു. ബൈജൂസ് ജീവനക്കാരില്‍ നിന്ന് നിരന്തരം ഫോണ്‍വിളികള്‍ എത്തിയതോടെ രക്ഷിതാക്കള്‍ അസ്വസ്ഥരായി; ജോലിഭാരത്തെച്ചൊല്ലി ചില ജീവനക്കാരിലും അമര്‍ഷമുണ്ടായി.

പാളിയ കണക്ക്

കൊവിഡ്കാലത്ത് ബൈജൂസ് കൊയ്‌തെടുത്ത നേട്ടമെല്ലാം 2022ല്‍ കൊഴിയുന്ന കാഴ്ച. വരുമാനം കൂപ്പുകുത്തി; നഷ്ടം കുമിഞ്ഞുകൂടി. കഴിഞ്ഞവര്‍ഷങ്ങളില്‍ വന്‍ ആവേശത്തോടെ പല എതിര്‍കമ്പനികളെയും ബൈജു ഏറ്റെടുത്തിരുന്നു. ഏറ്റെടുത്ത കമ്ബനിയുടെ ഓഹരികള്‍ക്ക് പണം കൈമാറാന്‍ പോലും പിന്നീട് ബൈജു പ്രതിസന്ധി നേരിട്ടു.

2019-20ലെ 2,511.77 കോടി രൂപയില്‍ നിന്ന് വരുമാനം 2,428.39 കോടിയിലേക്ക് കുറഞ്ഞിരുന്നു. നഷ്ടം 231.69 കോടി രൂപയില്‍ നിന്ന് 4,588.75 കോടി രൂപയായി കുമിഞ്ഞു. 2021-22ലെ കണക്കുകള്‍ കമ്ബനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും 10,000 കോടി രൂപയുടെ വരുമാനം നേടിയെന്ന് പറയുന്നുണ്ട്. നടപ്പുവര്‍ഷം ഇത് 12,000 കോടി രൂപ കവിയുമെന്നും പറയുന്നു.

''ഞങ്ങള്‍ വരുമാനം കണക്കാക്കുന്ന രീതിയില്‍ വരുത്തിയ മാറ്റംമൂലമാണ് 2020-21ലെ നഷ്ടം കുത്തനെ പെരുകിയപോലെ തോന്നാന്‍ കാരണം. മറ്റൊരു കമ്ബനിയുടെ കട്ട് ആന്‍ഡ് പേസ്റ്റ് അല്ലാത്തൊരു കമ്ബനി സ്വയം കെട്ടിപ്പടുത്തുയര്‍ത്തുമ്ബോള്‍ ഉണ്ടാകുന്ന ചെറിയ പ്രതിസന്ധികളേ ബൈജൂസിനുമുള്ളൂ'', ബൈജൂസ് സഹസ്ഥാപക ദിവ്യ ഗോകുല്‍നാഥ് ഇതേക്കുറിച്ച്‌ ഒരു മാദ്ധ്യമത്തോട് പ്രതികരിച്ചിരുന്നു.

ഏറ്റെടുക്കലും വീഴ്ചകളും

വെല്ലുവിളിയാകുമെന്ന് തോന്നിയ കമ്ബനികളെ ഏറ്റെടുത്ത് കൂടിയാണ് ബൈജൂസ് മുന്നേറിയത്. സ്‌പേസ്‌ഡേല്‍, ഇന്‍ഫിനിറ്റ് സ്റ്റുഡന്റ്, വിദ്യാര്‍ത്ഥ, എഡ്യൂറൈറ്റ്, ട്യൂട്ടര്‍വിസ്ത, മാത്ത് അഡ്വഞ്ചേഴ്സ്, ഓസ്‌മോ, ലാബ് ഇന്‍ ആപ്പ്, വൈറ്റ്ഹാറ്റ് ജൂനിയര്‍, സ്‌കോളര്‍, ആകാശ്, ഹാഷ്‌ലേണ്‍, ഗ്രേറ്റ് ലേണിംഗ്, ടോപ്പര്‍, എപിക്, ടിങ്കര്‍, ഗ്രേഡ്‌അപ്പ് തുടങ്ങിയവയെ കഴിഞ്ഞവര്‍ഷങ്ങളില്‍ ഏറ്റെടുത്തു. പല ഏറ്റെടുക്കലുകളും ബൈജൂസിന് സാമ്ബത്തികബാദ്ധ്യതയായി.

പിരിച്ചുവിടും 2,500 പേരെ

നിലവില്‍ 50,000ഓളം ജീവനക്കാരുണ്ട് ബൈജൂസില്‍. ഇതില്‍ 2,500 പേരെ പിരിച്ചുവിടുമെന്ന് കമ്ബനി സൂചിപ്പിച്ചു. ചെലവുകള്‍ വെട്ടിക്കുറച്ച്‌ 2023 മാര്‍ച്ചിനകം ലാഭത്തിലേറാനുള്ള നടപടികളുടെ ഭാഗമാണിത്. പുതുതായി 10,000 അദ്ധ്യാപകരെ നിയമിക്കുമെന്നും കമ്ബനി വ്യക്തമാക്കി.

Author
Citizen Journalist

Fazna

No description...

You May Also Like