ജര്‍മന്‍ പഠിച്ച് പരീക്ഷയെഴുതാന്‍ മന്ദിരമായി

പ്രതിവര്‍ഷം ശരാശരി 5600 വിദ്യാര്‍ഥികളാണ് ജര്‍മന്‍ ഭാഷ പഠിച്ച് ഗൊഥെ സര്‍ട്ടിഫിക്കറ്റ് പരീക്ഷയെഴുതുന്നത്

തിരുവനന്തപുരം: തലസ്ഥാനത്ത് ജര്‍മന്‍ കോണ്‍സുലേറ്റ് ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന ഗൊഥെ സെന്‍ട്രം എന്ന ജര്‍മന്‍ ഭാഷാ-സാംസ്കാരിക കേന്ദ്രത്തിന് പുതിയ ആസ്ഥാന മന്ദിരമാകുന്നു. ജവഹര്‍ നഗറില്‍ നിര്‍മിച്ച  കെട്ടിടം നവംബര്‍ 16 വ്യാഴാഴ്ച അഞ്ചു മണിക്ക് ഇന്ത്യയിലെ  ജര്‍മന്‍ കോണ്‍സല്‍ ജനറല്‍ ഏക്കിം ബര്‍ക്കാട്ടിന്‍റെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഡോ. ശശി തരൂര്‍ എംപി, മേയര്‍ ആര്യ രാജേന്ദ്രന്‍, ചീഫ് സെക്രട്ടറി ഡോ. വേണു വി, ഗൊഥെ ഇന്‍സ്റ്റിറ്റ്യൂട്ട് ദക്ഷിണേഷ്യന്‍ ഡയറക്ടര്‍ ഡോ. മാര്‍ല സ്റ്റക്കന്‍ബര്‍ഗ്, അലയാന്‍സ് സര്‍വീസസ് ഇന്ത്യ എംഡിയും സിഇഒ-യുമായ ജിസന്‍ ജോസ് എന്നിവര്‍ പങ്കെടുക്കും.  

15 വര്‍ഷം മുമ്പ് നാനൂറോളം വിദ്യാര്‍ഥികളുമായി തിരുവനന്തപുരത്ത് തുടക്കമിട്ട ഗൊഥെ സെന്‍ട്രത്തില്‍ ഇപ്പോള്‍ പ്രതിവര്‍ഷം ശരാശരി 5600 വിദ്യാര്‍ഥികളാണ് ജര്‍മന്‍ ഭാഷ പഠിച്ച് ഗൊഥെ സര്‍ട്ടിഫിക്കറ്റ് പരീക്ഷയെഴുതുന്നത്. ജര്‍മനിയിലേയ്ക്ക് പോകുന്ന  നൂറുകണക്കിനു പേരെ ഭാഷാപഠനത്തിന് സഹായിക്കുകയും സര്‍ട്ടിഫിക്കറ്റുകളും മറ്റു രേഖകളും സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നത് ഈ സ്ഥാപനമാണ്.

ഇക്കൊല്ലം മാത്രം മുപ്പതിനായിരത്തോളം പേരാണ് തിരുവനന്തപുരത്തും കൊച്ചിയിലുമായി ഗൊഥെ സര്‍ട്ടിഫിക്കറ്റ് പരീക്ഷയെഴുതിയതെന്ന് ജര്‍മന്‍ ഓണററി കോണ്‍സലും ഗൊഥെ സെന്‍ട്രം ഡയറക്ടറുമായ ഡോ. സെയിദ് ഇബ്രാഹിം അറിയിച്ചു. ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്ത ഐടി സ്ഥാപനമായ അലയാന്‍സ് ആണ് ഗൊഥെ സെന്‍ട്രത്തിന് ജവഹര്‍ നഗറില്‍  കെട്ടിടം നിര്‍മിക്കാന്‍ സഹായിച്ചത്. ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചതിന്‍റെ ഇരുപതാം വാര്‍ഷികം ആഘോഷിക്കുന്ന  അലയാന്‍സിലെ എണ്ണായിരം പ്രഫഷനലുകള്‍ക്ക് ഗൊഥെ-സെന്‍ട്രവുമായുള്ള പങ്കാളിത്തത്തിലെ നാഴികക്കല്ലാണ് തിരുവനന്തപുരത്തെ പുതിയ ആസ്ഥാനമെന്ന് 'അലയന്‍സ് എസ്ഇ' ബോര്‍ഡ് ഓഫ് മാനേജ്മെന്‍റ്   (ഓപ്പറേഷന്‍സ്-ഐടി-ഓര്‍ഗനൈസേഷന്‍) അംഗം ബാര്‍ബറ ഹറുത്ത് സെല്‍ വ്യക്തമാക്കി.

പരിസ്ഥിതി സൗഹൃദത്തോടെയും ആധുനിക സൗകര്യങ്ങളോടെയും നിര്‍മിച്ചിട്ടുള്ള ആസ്ഥാന മന്ദിരത്തില്‍ നവീന സാങ്കേതികവിദ്യയോടെ പ്രവര്‍ത്തിക്കുന്ന എട്ട് ക്ലാസ് മുറികളുണ്ട്. കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ പുതിയ കെട്ടിടത്തില്‍ സൌകര്യമുണ്ടായിരിക്കുമെന്ന് ഡോ. സെയിദ് ഇബ്രാഹിം പറഞ്ഞു.

ഇന്ത്യയിലാദ്യമായി 1957ല്‍ കൊല്‍ക്കത്തയില്‍ തുടക്കമിട്ട ഗൊഥെ ഇന്‍സ്റ്റിറ്റ്യൂട്ടിന് തിരുവനന്തപുരവും കൊച്ചിയുമടക്കം രാജ്യത്ത് ആറ് ശാഖകളാണുള്ളത്. തിരുവനന്തപുരം കേന്ദ്രം 2008-ലാണ് തുടങ്ങിയത്. ജര്‍മനിയിലെ സര്‍വകലാശാലകളില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കുകയും തൊഴിലിനായി കൂടുതല്‍ പേര്‍ അങ്ങോട്ടു പോകുകയും ചെയ്തതോടെ അഞ്ചു വര്‍ഷം കഴിഞ്ഞ് കൊച്ചിയിലും ഗൊഥെ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തനമാരംഭിച്ചു.

കൂടുതല്‍ പ്രഫഷനലുകളുടെ ആവശ്യം ജര്‍മനിയില്‍ അനുഭവപ്പെട്ടതോടെ യൂറോപ്പിനു പുറത്തുള്ളവര്‍ക്ക് കൂടുതലായി പ്രവേശനം അനുവദിക്കുന്ന തരത്തില്‍ ജര്‍മനി 2021-ല്‍ പുത്തന്‍ കുടിയേറ്റ നിയമം നടപ്പാക്കി.  1500 നഴ്സുമാരെ കേരളത്തില്‍നിന്ന് റിക്രൂട്ട് ചെയ്യാനായി ഇതേ വര്‍ഷം ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്മെന്‍റ് ഏജന്‍സിയുമായി ട്രിപ്പിള്‍വിന്‍ കരാര്‍ ഒപ്പിട്ടതോടെ  ജര്‍മന്‍ ഭാഷയില്‍ പരിശീലനം നല്‍കാനുള്ള ഔദ്യോഗിക ഏജന്‍സിയായി ഗൊഥെ സെന്‍ട്രം മാറി.

ജര്‍മനിയുമായുള്ള ബന്ധം ശക്തമാക്കുന്നതിന്‍റെ ഭാഗമായുള്ള ചര്‍ച്ചകള്‍ക്കായി  കഴിഞ്ഞ ജൂലൈയില്‍ ജര്‍മന്‍ ഫെഡറല്‍ തൊഴില്‍ മന്ത്രി ഹ്യൂബര്‍ട്ടസ് ഹയല്‍ സംസ്ഥാനം സന്ദര്‍ശിച്ചിരുന്നു. ഇന്ന് നഴ്സുമാര്‍ മാത്രമല്ല, കേരളമാകമാനമുള്ള ആയിരക്കണക്കിന് യുവജനങ്ങള്‍ ജര്‍മനിയില്‍ പോകുന്നതിനു മുന്നോടിയായി ഇവിടെ വന്ന്  ഭാഷ പഠിക്കുകയും പരീക്ഷയെഴുതുകയും ചെയ്യുന്നുണ്ടെന്ന് ഡോ. സെയിദ് ഇബ്രാഹിം ചൂണ്ടിക്കാട്ടി. 

സി.ഡി. സുനീഷ്

Author
No Image
Journalist

Dency Dominic

No description...

You May Also Like