രത്തൻ ടാറ്റയുടെ മൃതദേഹം കഴുകന്മാർക്ക് നൽകിക്കൊണ്ട് അന്ത്യ സംസ്കാരം.

മൃതദേഹം ദഹിപ്പിക്കുകയോ മറവ് ചെയ്യുകയോ ഇല്ല; കഴുകന്മാർക്ക് കാഴ്ചവെക്കും; 

പ്രത്യേക ലേഖക.

ഔദ്യോഗിക ബഹുമതികളോടെ  രത്തൻ ടാറ്റയുടെ സംസ്‌കാരം നടത്തും.വിടപറഞ്ഞ ടാറ്റ സൺസിൻ്റെ മുൻ ചെയർമാനും പ്രമുഖ വ്യവസായിയുമായ രത്തൻ ടാറ്റയുടെ ഭൗതിക ശരീരം വസതിയിൽ നിന്ന് വിലാപയാത്രയായി നാഷണൽ സെന്റർ ഫോർ പെർഫോർമിംഗ് ആർട്സിലേക്ക് എത്തിച്ചതിനുശേഷം വൈകിട്ട് നാല് മണിവരെ പൊതുദർശനത്തിന് വയ്ക്കും. ശേഷം നാല് മണിയോടെ വോർളിയിലെ പാർസി ശ്മശാനത്തിൽ എത്തിക്കും. ഇരുന്നൂറോളം പേർക്കിരിക്കാവുന്ന പ്രാർത്ഥനാ ഹാളിൽ മൃതദേഹം സൂക്ഷിക്കും. 45 മിനിറ്റോളം ഇവിടെ പ്രാർത്ഥനയുണ്ടായിരിക്കും. തുടർന്ന് സംസ്‌കാരം നടക്കും. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം.

1937ൽ ജെ.ആർ.ഡി. ടാറ്റയുടെ ദത്തുപുത്രൻ നവൽ ടാറ്റയുടെ മകനായി പാഴ്‌സി കുടുംബത്തിലാണ് രത്തൻ ടാറ്റ ജനിച്ചത്. മറ്റ് മത സമുദായങ്ങളിൽ നിന്ന് വ്യത്യസ്തമായ ആചാരങ്ങൾ പാലിക്കുന്നവരാണ് പാഴ്‌സികൾ. മരണാനന്തര ചടങ്ങുകളിലും അവർ ഈ വ്യത്യസ്തത പുലർത്തുന്നു.

‘സൊറോസ്ട്രിയനിസം’ എന്ന മതവിശ്വാസം പിന്തുടരുന്നവരാണ് പാഴ്സികൾ. പുരാതന പേർഷ്യയിൽ നിന്ന് ഉത്ഭവിച്ച ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഏകദൈവ മതങ്ങളിൽ ഒന്നാണ് സൊറോസ്ട്രിയനിസം. അതിൽ ഏകദൈവവിശ്വാസവും ദ്വൈതവാദവും അടങ്ങിയിരിക്കുന്നു, യഹൂദമതം, ക്രിസ്തുമതം, ഇസ്ലാം എന്നിവയുടെ വിശ്വാസ സമ്പ്രദായങ്ങളെ സൊറോസ്ട്രിയനിസം സ്വാധീനിച്ചതായി പല പണ്ഡിതന്മാരും വിശ്വസിക്കുന്നു.

‘ദോഖ്‌മെനാഷിനി’ അഥവാ ‘ടവർ ഒഫ് സൈലൻസ്’ എന്നറിയപ്പെടുന്ന ശവസംസ്‌‌കാര രീതികളാണ് പാഴ്സികൾ അവലംബിക്കുന്നത്. ഈ രീതി പ്രകാരം മൃതദേഹം പരമ്പരാഗത രീതിയിൽ മറവ് ചെയ്യുകയോ ദഹിപ്പിക്കുകയോ ഇല്ല. മറിച്ച് ഭൗതികശരീരം ദാഖ്‌മ (ടവർ ഒഫ് സൈലൻസ്) എന്നറിയപ്പെടുന്ന ഒരു നിർമിതിക്ക് മുകളിലായി കിടത്തും. ഇത്തരത്തിൽ മൃതദേഹം കഴുകന്മാർ പോലുള്ള ശവംതീനികൾക്ക് കാഴ്‌ചവയ്ക്കുകയാണ് ചെയ്യുന്നത്. അഗ്നിയും ഭൂമിയും വിശുദ്ധമായ ഘടകങ്ങളാണെന്നും അവ മൃതദേഹങ്ങളാൽ മലിനമാക്കരുതെന്നുമാണ് സൊറോസ്ട്രിയനിസത്തിൽ വിശ്വസിക്കുന്നത്.

ആചാരപ്രകാരമുള്ള ചടങ്ങുകൾക്കുശേഷം മൃതദേഹം ശുദ്ധീകരിക്കും. തുടർന്ന് ‘നാസെസലാറുകൾ’ എന്നറിയപ്പെടുന്നവർ മൃതദേഹം ചുമന്ന് ദാഖ്‌‌മയിൽ എത്തിക്കും. മൃതദേഹം കഴുകന്മാ‌ർ ഭക്ഷിച്ചശേഷം ബാക്കിയാവുന്ന എല്ലുകൾ ദാഖ്‌മയ്ക്കുള്ളിലെ കിണറിൽ വീഴും. കഴുകന്മാർ പോലുള്ള പക്ഷികളില്ലാത്ത നഗരപ്രദേശങ്ങളിൽ മൃതദേഹം പെട്ടെന്ന് അഴുകാൻ സഹായിക്കുന്ന സോളാർ കോൺസൻട്രേറ്റർ പോലുള്ള ആധുനിക ഉപകരണങ്ങൾ ഉപയോഗിക്കും.

ശരീരത്തെ കഴുകന്മാർ ഭക്ഷിക്കാൻ അനുവദിക്കുന്നത് വ്യക്തിയുടെ അന്തിമ ജീവകാരുണ്യ പ്രവർത്തനമായി പാഴ്‌സികൾ കണക്കാക്കുന്നു. ഭൂമിയുടെയും അഗ്നിയുടെയും ജലത്തിന്റെയും പവിത്രത കാത്തുസൂക്ഷിക്കുന്ന വിധത്തിൽ പ്രകൃതിയെ അതിന്റെ ഗതി സ്വീകരിക്കാൻ അനുവദിച്ചുകൊണ്ട്, പ്രകൃതിയോടുള്ള സൊറോസ്ട്രിയൻ ആദരവും മരണശേഷവും പരിശുദ്ധി നിലനിർത്താനുള്ള വിശ്വാസവും ഈ ആചാരം പ്രതിഫലിപ്പിക്കുന്നു.

മരണം ഭൗതിക ശരീരത്തിന്റെ മലിനീകരണമാണെന്നാണ് പാഴ്സികൾ വിശ്വസിക്കുന്നത്. ഈ രീതി ഇപ്പോഴും പരമ്പരാഗത പാഴ്സികൾ പിന്തുടരുന്നുണ്ടെങ്കിലും പ്രായോഗികവും പാരിസ്ഥിതികവുമായ വെല്ലുവിളികൾ കാരണം ചില കുടുംബങ്ങൾ ഇപ്പോൾ ശവസംസ്കാരം തിരഞ്ഞെടുക്കുന്നുണ്ട്. 1990ന് ശേഷം, കഴുകന്മാരുടെ എണ്ണത്തിൽ കുറവുണ്ടായതും പലരും ഇലക്ട്രിക് ക്രമറ്റോറിയം ഉപയോഗിക്കുന്നതിന് കാരണമായി.

Author
Citizen Journalist

Goutham Krishna

No description...

You May Also Like