എൽ.പി.ജി, ഇന്ധന വിതരണം സുഗമമെന്ന് എച്ച്.പി.സി.എൽ; അനധികൃത വ്യാപാരത്തിനെതിരെ കർശന നടപടി.

 രാജ്യത്ത് പെട്രോളിന്റെയും ഗാർഹിക ഉപഭോക്താക്കൾക്കുൾപ്പെടെയുള്ള എൽപിജി ഗ്യാസിന്റെയും വിതരണം സുഗമമായി നടക്കുന്നതായി ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) അറിയിച്ചു. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ സാഹചര്യത്തിൽ രാജ്യത്ത് ഇന്ധനക്ഷാമം രൂക്ഷമാണെന്ന പ്രചാരണത്തെത്തുടർന്നാണ് കമ്പനിയുടെ വിശദീകരണം. കുപ്രചരണങ്ങൾക്കും അനധികൃത വ്യാപാരങ്ങൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്നും എച്ച്പിസിഎൽ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘർഷത്തിനുശേഷം ഇതിനോടകം രാജ്യത്ത് 3.8 കോടി ലിറ്റർ പെട്രോളിന്റെയും 6.9 കോടി ലിറ്റർ ഡീസലിന്റെയും വ്യാപാരമാണ് നടത്തിയത്. 9951 ടാങ്കറുകളിലാണ് രാജ്യത്തുടനീളമുള്ള പമ്പുകളിലേക്ക് ഇന്ധനമെത്തിച്ചത്. ഏപ്രിൽ 4ന് മാത്രം വ്യപാരസ്ഥാപനങ്ങളിലേക്കും ഗാർഹിക ഉപഭോക്താക്കൾക്കുമായി ആകെ 14.40 ലക്ഷം എൽപിജി സിലിണ്ടറുകൾ വിതരണം ചെയ്തു. സംഘർഷ സാഹചര്യം കണക്കിലെടുത്തു ഗാർഹിക ഉപഭോക്താക്കൾക്കുള്ള എൽപിജി വിതരണം കാര്യക്ഷമമാക്കിയതായും എച്ച്പിസിഎൽ അറിയിച്ചു.


വിതരണത്തിലെ ക്രമക്കേടുകൾ തടയുന്നതിനായി പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാരുകളുടെയും എണ്ണ വിതരണ കമ്പനികളുടെയും സഹകരണത്തോടെ രാജ്യവ്യാപകമായി നടത്തിയ 4028 പരിശോധനകളിൽ ക്രമക്കേട് കണ്ടെത്തിയ 53 വിതരണക്കാർക്കെതിരെ നടപടിയെടുത്തു. 20 ഏജൻസികളുടെ വിതരണാവകാശം സസ്‌പെൻഡ് ചെയ്തു. അനധികൃതമായി വിതരണത്തിന് എത്തിച്ച 3163 സിലിണ്ടറുകൾ കണ്ടുകെട്ടി. പാചകവാതക ക്ഷാമമില്ലെന്നും ഉപഭോക്താക്കൾ വ്യാജപ്രചാരണങ്ങളിൽ വഞ്ചിതരാകരുതെന്നും കമ്പനി അറിയിച്ചു. കമ്പനിയുടെ അംഗീകൃത വെബ്സൈറ്റ്, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, ടോൾ ഫ്രീ നമ്പർ (1800-2333-555) എന്നിവയിലൂടെ ഉപഭോക്താക്കൾക്ക് സിലിണ്ടറുകൾ ബുക്ക് ചെയ്യാം.

Author
Citizen Journalist

Goutham prakash

No description...

You May Also Like