മാലിന്യത്തിന്റെ പുനരുപയോഗ സാധ്യതകൾ പ്രചരിപ്പിക്കണം: മന്ത്രി എം.ബി രാജേഷ്
- Posted on March 28, 2023
- News
- By Goutham Krishna
- 115 Views
തിരുവനന്തപുരം: വെള്ളായണി കാർഷിക കോളേജിലെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി പ്രവർത്തനമാരംഭിച്ചു മാലിന്യത്തിന്റെ പുനരുപയോഗമെന്ന ആശയം പ്രചരിപ്പിക്കുന്നതിന് ശാസ്ത്രാവബോധമുള്ള വിദ്യാർത്ഥികളും അധ്യാപകരും മുൻകൈയെടുക്കണമെന്ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.ബി രാജേഷ്. കാർഷിക സർവകാലാശാലയുടെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റികളുടെ ഉദ്ഘാടനം വെള്ളായണി കാർഷിക കോളേജിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. 'വേസ്റ്റ് ടു വെൽത്' എന്നതാണ് പുതിയ സങ്കൽപമെന്നും പാഴ്‌വസ്തുക്കളുടെ പുനരുപയോഗവും പുനഃചംക്രമണവും എന്ന ആശയം ലോകത്താകമാനം നടപ്പാക്കി വരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. മാലിന്യ സംസ്‌കാരണത്തിനുള്ള വീഡിയോ മേക്കിംഗ് മത്സരത്തിലും എൻഎസ്എസ് യൂണിറ്റ് നടത്തിയ ക്വിസ് മത്സരത്തിലും വിജയികളായവർക്കുള്ള സമ്മാനവും മന്ത്രി വിതരണം ചെയ്തു.
കാർഷിക കോളേജുകളിലെ അജൈവ ഖര മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ശാശ്വത പരിഹാരമായി ആരംഭിച്ചതാണ് മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റികൾ. തദ്ദേശസ്വയംഭരണവകുപ്പിന്റെ കീഴിലുള്ള ക്ലീൻ കേരളയാണ് എം സി എഫ് കെട്ടിടം നിർമിക്കുന്നത്. വെള്ളായണി, വെള്ളാനിക്കര, പടന്നക്കാട് കാർഷിക കോളേജുകളിലാണ് ആദ്യഘട്ടത്തിൽ നിർമാണം പൂർത്തിയാക്കിയത്. സ്രോതസുകളിൽ തന്നെ വേർതിരിച്ച പ്ലാസ്റ്റിക,് പേപ്പർ, ഇ-മാലിന്യം എന്നിവ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിയിൽ എത്തിക്കുകയും തുടർന്ന് ക്ലീൻ കേരള കമ്പനി സംസ്‌കരണത്തിനായി ശേഖരിക്കുകയും ചെയ്യും.
കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ചന്ദു കൃഷ്ണ അധ്യക്ഷനായിരുന്നു. വാർഡ് മെമ്പർ ശ്രീജിൻ, വെള്ളായണി കാർഷിക കോളേജിലെ ഡീൻ ഓഫ് ഫാക്കൽറ്റി ഡോ.റോയ് സ്റ്റീഫൻ, കാർഷിക സർവകലാശാല ഗ്രീൻ പ്രോട്ടോക്കോൾ നോഡൽ ഓഫീസർ ഡോ.എ പ്രേമ, ക്ലീൻ കേരള കമ്പനി എം.ഡി ജി.കെ സുരേഷ് കുമാർ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരും പങ്കെടുത്തു.
സ്വന്തം ലേഖകൻ