വായനാട്ടുകാരുടെ പ്രിയപ്പെട്ട മണിയൻ ഓർമ്മയായിട്ട് ഇന്നേക്ക് ഒരു വർഷം...
- Posted on September 08, 2020
- Localnews
- By enmalayalam
- 638 Views
ആര്‍ക്കും മണിയന്റെ അടുത്ത് ചെല്ലാമായിരുന്നു. യാതോരു ഉപദ്രവവും മണിയനെ കൊണ്ടിതുവരെ ഉണ്ടായിട്ടില്ല. കുട്ടികൾക്ക് വരെ അവന്റെ അടുത്തെത്തി സംസാരിക്കാനും തൊടാനുമെല്ലാം കഴിയുമായിരുന്നു. മണിയന്‍ കാട്ടിനുള്ളിലാണെങ്കില്‍ പേരൊന്ന് വിളിച്ചാല്‍ മതി മസ്‌തകവും കുലുക്കി അവന്‍ ഓടി വരും. നാട്ടുകാര്‍ നല്‌കുന്ന സുഭിക്ഷമായ ഭക്ഷണം കഴിച്ച് രാത്രിയോടെ കാട്ടിലേക്ക് മടങ്ങും. നേരം പുലരുമ്പോള്‍ വീണ്ടും നാട്ടിലെത്തും.
മണിയൻ, വയനാട്ടിലെ ജനങ്ങൾക്ക് അവനൊരു കാട്ടാന ആയിരുന്നില്ല. നാട്ടിലെ ജനങ്ങളോട് യാതോരു പിണക്കവുമില്ലാത്ത, ഒരു ഉപദ്രവവും കാണിക്കാത്ത മണിയൻ നാട്ടുകാരുടെ ഹൃദയം കീഴടക്കിയിട്ട് വർഷങ്ങളാകുന്നു. എന്നാൽ തനിക്ക് പ്രിയപ്പെട്ടവരെല്ലാം വിഷമത്തിലാഴ്ത്തിക്കൊണ്ട് ബത്തേരി പുൽപ്പള്ളി റോഡിൽ ഇരുളം പ്രദേശത്തെ വനാതിർത്തികളിലെ പതിവ് സാന്നിധ്യമായ മണിയൻ യാത്രയായിട്ടു ഇന്നേക്ക് ഒരു വർഷം . ചെതലയം വെള്ളച്ചാട്ടത്തിനു സമീപത്തു വെച്ച് മറ്റ് കാട്ടാനകളുടെ ആക്രമണത്തിൽ ആണ് മണിയൻ കൊല്ലപ്പെട്ടത്. മണിയന്റെ വിയോഗത്തിൽ ദുഃഖാർത്ഥരാണ് അവനെ അറിയുന്നവരെല്ലാം.
പൊതുവേ കാട്ടാനയെന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആരിലും ഒരു ഭീതിയുണ്ടാകും. പ്രത്യേകിച്ച് ഒറ്റയാനെന്നറിയുമ്പോള്‍. മനുഷ്യന്റെ ചൂരടിച്ചാല്‍ ദേഷ്യത്താല്‍ തുമ്പികൈ ഉയര്‍ത്തി ചിന്നം വിളിക്കുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന കാട്ടാനകളിൽ നിന്നും വ്യത്യസ്തനായിരുന്നു മണിയൻ. കാട്ടില്‍ നിന്നും ഒരു നാള്‍ നാട്ടിലെത്തുകയും പിന്നീട് നാട്ടുകാരെ സ്നേഹം കൊണ്ടും നിരുപദ്രവം കൊണ്ട് വിസ്മയിപ്പിക്കുകയും ചെയ്തതോടെ അവർ അവനിട്ട പേരാണ് മണിയനെന്ന്.
കാടിനും കാട്ടിൽ ജീവിക്കുന്ന ജീവികൾക്കും അവരുടേതായ ഒരു നിയമമുണ്ട്. കാട്ടാനകളും സമൂഹമായി ജീവിക്കുന്ന ജീവിയാണ്. അവരുടെ കൂട്ടത്തിൽ ചേർക്കാത്ത മറ്റ് ആനകളെ ആക്രമിച്ചു തുരത്തുക, വകവരുത്തുക തുടങ്ങിയവയൊക്കെയാണ് അവരുടെ രീതി. ഒരു പക്ഷേ ഇത്തരം ഒരു രീതികൊണ്ട് ആനകളുടെ കൂട്ടത്തിൽ നിന്നും ഉൾക്കാട്ടിൽനിന്നും ഭയന്ന് ഒരുനാൾ കാടിറങ്ങി ജനവാസ മേഖലയിൽ എത്തിപെട്ടതായിരിക്കാം മണിയൻ എന്ന ഈ ആനയും. റേഡിയോ കോളറടക്കമുള്ള സംവിധാനങ്ങൾ മണിയനാനയുടെ ദേഹത്ത് ഘടിപ്പിച്ചും മറ്റും ഉൾകാട്ടിലേക്ക് ഒട്ടേറെ തവണ തുരത്താൻ ശ്രമിച്ചിട്ടും ആ ശ്രമങ്ങളൊക്കെ പരാജയമായിരുന്നു.
ആര്‍ക്കും മണിയന്റെ അടുത്ത് ചെല്ലാമായിരുന്നു. യാതോരു ഉപദ്രവവും മണിയനെ കൊണ്ടിതുവരെ ഉണ്ടായിട്ടില്ല. കുട്ടികൾക്ക് വരെ അവന്റെ അടുത്തെത്തി സംസാരിക്കാനും തൊടാനുമെല്ലാം കഴിയുമായിരുന്നു. മണിയന്‍ കാട്ടിനുള്ളിലാണെങ്കില്‍ പേരൊന്ന് വിളിച്ചാല്‍ മതി മസ്‌തകവും കുലുക്കി അവന്‍ ഓടി വരും. നാട്ടുകാര്‍ നല്‌കുന്ന സുഭിക്ഷമായ ഭക്ഷണം കഴിച്ച് രാത്രിയോടെ കാട്ടിലേക്ക് മടങ്ങും. നേരം പുലരുമ്പോള്‍ വീണ്ടും നാട്ടിലെത്തും.
അവനെപ്പറ്റി ആര്‍ക്കും ഒരു പരാതിയുമില്ലയിരുന്നു. ആകെയുള്ള പരാതി കടകളില്‍ നിന്ന് ഉപ്പെടുത്ത് തിന്നുമെന്നത് മാത്രമാണ്. അതും കവലയില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞ ശേഷം മാത്രം. വാഹനങ്ങള്‍ എത്തിയാല്‍ റോഡില്‍ നിന്ന് മാറി നിന്ന് കൊടുക്കും. മണിയന്റെ വിയോഗം അവനെ അറിയാവുന്ന ഓരോരുത്തരെയും സങ്കടത്തിലാക്കിയിരിക്കുകയാണ്. കാട്ടാനകൾ അടുപ്പിക്കാതെ ഏകാന്തനായി കഴിഞ്ഞിരുന്ന ആ സാധു ജീവിയെ സംരക്ഷിക്കാൻ ആനപ്രേമികളും, മൃഗസ്നേഹി സംഘടനകളും ഒട്ടേറെ നിവേദനങ്ങൾ അധികൃതർക്ക് നൽകിയെങ്കിലും യാതൊരുവിധ ഫലമോ നടപടികളോ ഉണ്ടായില്ല. അവസാനം മണിയൻ എന്നെന്നേക്കുമായി ഒരു ഓർമ്മ മാത്രമായി മാറുകയാണ്.