കുടിവെള്ള സ്വാശ്രയത്വം നേടുന്ന സംസ്ഥാനമാക്കി കേരളത്തെ മാറ്റും മന്ത്രി റോഷി അഗസ്റ്റിൻ

തൃശൂർ: ഇരിങ്ങാലക്കുട-മുരിയാട്-വേളൂക്കര ശുദ്ധജല പദ്ധതിക്ക് തുടക്കം സംസ്ഥാനത്ത് കുടിവെള്ള പ്രശ്നത്തിന് ശാശ്വതപരിഹാരം കാണാനുള്ള പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടുപോവുകയാണെന്നും 75 ലക്ഷം പേർക്ക് കുടിവെള്ളമെത്തിക്കുകയാണ് ലക്ഷ്യമെന്നും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. ഇരിങ്ങാലക്കുട-മുരിയാട്-വേളൂക്കര ശുദ്ധജല പദ്ധതിയുടെ നിർമ്മാണോദ്ഘാടനം അവിട്ടത്തൂർ സെൻ്ററിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. 

ഭൂഗർഭജല ലഭ്യത കുറഞ്ഞു വരുന്നതിനാൽ സർക്കാർ പരിഹാരമാർഗങ്ങൾ നടപ്പാക്കുകയാണ്. നദികളിലെ എക്കലും ചെളിയും നീക്കം ചെയ്യുന്ന പ്രവൃത്തി വരുംവർഷങ്ങളിലും തുടരും.ജൽജീവൻ മിഷൻ പ്രവർത്തനങ്ങൾ മാതൃകാപരമായി നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം.ജൽജീവൻ മിഷൻ വഴി ഇതിനകം 30 ലക്ഷം പേർക്ക് കുടിവെള്ളമെത്തിച്ചു. കുടിവെള്ളപ്രശ്നം അനുഭവിക്കുന്ന ഒരു പ്രദേശവുമുണ്ടാകരുത് എന്നതാണ് സർക്കാർ നയമെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുടെ ഫലകം മന്ത്രി അനാച്ഛാദനം ചെയ്തു.

ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു അധ്യക്ഷയായി. ഇരിങ്ങാലക്കുട, മുരിയാട്, വേളൂക്കര പ്രദേശങ്ങളിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വതപരിഹാരത്തിനാണ് തുടക്കമാവുന്നതെന്ന് മന്ത്രി പറഞ്ഞു. 114 കോടി രൂപ ചെലവിട്ടാണ് പദ്ധതിയുടെ നിർമ്മാണം. ഇരിങ്ങാലക്കുട നഗരസഭയിലെയും മുരിയാട്, വേളൂക്കര പഞ്ചായത്തുകളിലെയും മുഴുവൻ കുടുംബങ്ങൾക്കും ആളൊന്നിന് നൂറു ലിറ്റർ വീതം കുടിവെള്ളം എത്തിക്കാനാണ് പദ്ധതിയുടെ ലക്ഷ്യമെന്നും മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. 

കരുവന്നൂർ പുഴ സ്രോതസ്സായ പദ്ധതിയിൽ നഗരസഭയിലെ മാങ്ങാടിക്കുന്നിൽ പുതുതായി നിർമ്മിക്കുന്ന 18 ദശലക്ഷം ലിറ്റർ ശേഷിയുള്ള ശുദ്ധീകരണശാലയിലാണ് ജലം ശുദ്ധീകരിക്കുന്നത്. മുരിയാട് 12 ലക്ഷം ലിറ്ററും വേളൂക്കരയിൽ 10 ലക്ഷം ലിറ്ററും സംഭരണശേഷിയുള്ള സംഭരണികളിൽ നിന്ന് പുതുതായി സ്ഥാപിക്കുന്ന വിതരണശൃംഖല വഴി ഇരുപഞ്ചായത്തുകളിലും കുടിവെള്ളമെത്തിക്കുന്നതാണ് പദ്ധതി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. 30 കൊല്ലമായി 10 സെൻ്റ് ഭൂമി വാങ്ങി കാത്തിരുന്ന സ്വപ്നപദ്ധതിയാണ് ഈ സർക്കാരിൻ്റെ ഇച്ഛാശക്തിയും ജനപ്രതിനിധികളുടെ അക്ഷീണ പ്രവർത്തനവും കൊണ്ട് യാഥാർഥ്യമാവുന്നതെന്ന് ഡേവിസ് മാസ്റ്റർ പറഞ്ഞു.

വാട്ടർ അതോറിറ്റി മധ്യമേഖല ചീഫ് എൻജിനിയർ ടി എസ് സുധീർ റിപ്പോർട്ടവതരിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വിജയലക്ഷ്മി വിനയചന്ദ്രൻ, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലളിത ബാലൻ, വേളൂക്കര പഞ്ചായത്ത് പ്രസിഡൻ്റ് കെ എസ് ധനീഷ്, മുരിയാട് പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ജെ ചിറ്റിലപ്പിള്ളി, വാട്ടർ അതോറിറ്റി ബോർഡംഗം ഷാജി പാമ്പൂരി, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ബോബിൻ മത്തായി സ്വാഗതവും എച്ച് ജെ നീലിമ നന്ദിയും പറഞ്ഞു.


സ്വന്തം ലേഖകൻ 

Author
Citizen Journalist

Goutham Krishna

No description...

You May Also Like