ദുരിതാശ്വാസ നിധിയിലെ സ്വജനപക്ഷപാതം ,മുഖ്യമന്ത്രിക്കെതിരായ ഹർജി ലോകായുക്ത നാളെ പരിഗണിക്കും

  • Posted on March 30, 2023
  • News
  • By Fazna
  • 70 Views

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ വിതരണത്തില്‍ സ്വജനപക്ഷപാതം ആരോപിച്ചുള്ള ഹര്‍ജി ലോകായുക്ത വെള്ളിയാഴ്ച പരിഗണിക്കും. കഴിഞ്ഞ സര്‍ക്കാരിന്റെകാലത്തെ വിതരണം സംബന്ധിച്ചാണ് പരാതി. മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് എതിര്‍കക്ഷികള്‍. കേസില്‍ വാദം പൂര്‍ത്തിയായി ഒരുവര്‍ഷമായിട്ടും വിധിപറയുന്നില്ലെന്ന പരാതി ഹൈക്കോടതിയില്‍വരെ എത്തിയതാണ്. ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് ലോകായുക്ത കേസ് വീണ്ടും പരിഗണിക്കുന്നത്. കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് മുന്‍അംഗം ആര്‍.എസ്. ശശികുമാറാണ് കേസിലെ പരാതിക്കാരന്‍. 2018 സെപ്റ്റംബറില്‍ ഫയല്‍ചെയ്ത ഹര്‍ജി 2022 മാര്‍ച്ച് 18-നാണ് വാദം പൂര്‍ത്തിയായത്. ഒരുവര്‍ഷമായിട്ടും വിധി പുറപ്പെടുവിക്കാത്തതിനെതിരേ പരാതിക്കാരന്‍ തന്നെയാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഇതേ ഹര്‍ജി ലോകായുക്തയില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതിയാണ് നിര്‍ദേശിച്ചത്. തുടര്‍ന്ന് സമര്‍പ്പിച്ച പരാതിയാണ് വെള്ളിയാഴ്ച പരിഗണിക്കുന്നത്. ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫും ജസ്റ്റിസ് ഹാറൂണ്‍ ഉല്‍ റഷീദും അടങ്ങിയ ബെഞ്ചാണ് വാദംകേട്ടത്. ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ചുള്ള ബില്‍ നിയമസഭ പാസാക്കിയെങ്കിലും ഗവര്‍ണര്‍ ഇതുവരെ ഒപ്പുവെച്ചിട്ടില്ല. ലോകായുക്ത വിധി എതിരായാല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നിര്‍ബന്ധമായും രാജിവെക്കേണ്ട വ്യവസ്ഥയാണ് നിലവിലുള്ളത്. കഴിഞ്ഞ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന കെ.ടി. ജലീല്‍ രാജിവെച്ചത് ഇത്തരമൊരു വിധിയുടെ അടിസ്ഥാനത്തിലായിരുന്നു.


സ്വന്തം ലേഖകൻ

Author
Citizen Journalist

Fazna

No description...

You May Also Like