,,അസ്മാ ആസായ്സീഹ് ,, കാലത്തിൻ്റെ സ്പന്ദനമായി നർമ്മവുമായി സോവിയറ്റ് സ്റ്റേഷൻ കടവ്

  • Posted on February 13, 2023
  • News
  • By Fazna
  • 124 Views

തൃശൂർ: കാലത്തിൻ്റെ സ്പന്ദനങ്ങൾ സൂക്ഷ്മമായി അടയാളപ്പെടുത്തി അന്തരാഷ്ട്ര നാടകോത്സവം ക്ലൈമാക്സിലേക്ക് അടുക്കുകയാണ്. രണ്ടു നാൾ കൂടി കഴിഞ്ഞാൽ നാടകോത്സവത്തിന് തിരശ്ശീല വീഴും. ടെമ്പസ്റ്റും ആന്റിഗണിയും ഉൾപ്പെടെ അന്താരാഷ്ട്ര നാടകോത്സവത്തിൽ നാടക പ്രേമികൾ കാത്തിരുന്ന നാടകങ്ങളുടെ തുടർ പ്രദർശനങ്ങളോടെയാണ് എട്ടാം ദിനം ശ്രദ്ധേയമായത്. വിവിധ കാലങ്ങളിൽ എഴുതിയ കവിതകളുമായാണ് ഫാവോസിൽ അസ്മാ ആസായ്സീഹ് "ഡോണ്ട് ബിലീവ് മീ ഇഫ് ഐ ടോക്ക് ടു യു ഓഫ് വാർ" അവതരിപ്പിക്കുന്നത്. പലസ്തീനിലെ രാഷ്ട്രീയ സാമൂഹിക കലുഷിതങ്ങളും യുദ്ധവും ഇതിൽ നിറഞ്ഞു നിൽക്കുന്നു.  കവിതകളിലൂടെ ഉത്തരങ്ങൾ തേടുകയല്ല ജീവിക്കുന്ന കാലത്തിന്റെ കണ്ണാടിയാവുകയാണ് ഈ കവി. കാശ്മീരിലെയും സിറിയയിലെയും അവസ്ഥയ്ക്കു സമാനമാണ് പലസ്തീനിയൻ അവസ്ഥ. അറബ് കവിതകളിൽ ബഹുഭൂരിപക്ഷവും വായ്താരി ആണ്. അതിൻ്റെ തുടർച്ചയാണ് ഈ തിയേറ്റർ പ്രതിഷ്ഠാപനം എന്നും അവർ കാണിക്കുന്നു. 

ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍ എന്ന സാമൂഹിക വ്യവസ്ഥയില്‍ ഉണ്ടാകുന്ന വേര്‍തിരിവുകളാണ് അസമില്‍ നിന്നുള്ള റാഥേര്‍ റാഷി നാടകത്തിലൂടെ അവതരിപ്പിച്ചത്.  രഥം എന്നത് സമൂഹത്തിലെ വ്യത്യസ്തങ്ങളായ ജാതികളായും വിഭാഗങ്ങളായും വിഭജിക്കുന്നതിന്റെ  രൂപകമായാണ് നാടകത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.  മനുഷ്യബന്ധങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണിയാണ് രഥത്തിന്റെ കയറെന്നും അവര്‍ പറയുന്നു.  ശുക്രാചാര്യ റാബയാണ് സംവിധായകന്‍. നാടകത്തിലെ രഥത്തിന്റെ കയര്‍ മനുഷ്യബന്ധത്തിന്റെ പ്രതീകമാണ്.  നാടകത്തില്‍ താഴ്ന്ന ജാതിക്കാര്‍ക്ക് കിണറ്റില്‍ നിന്നോ നദിയില്‍ നിന്നോ കുടിവെള്ളമോ ഗ്രാമത്തിലെ ക്ഷേത്രത്തില്‍ പ്രവേശനമോ നിഷേധിക്കുന്ന രംഗങ്ങളും നാടകത്തില്‍  ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. രഥയാത്രയുടെ സമയത്ത് രഥം ഉയര്‍ന്ന ജാതിയിലുള്ള ആളുകള്‍ വലിക്കുമ്പോള്‍ ചലിക്കുന്നില്ല. മറിച്ച് കീഴ്ജാതിക്കാര്‍ വലിക്കുമ്പോളാണ് അത് നീങ്ങുന്നത്. ജാതി വ്യവസ്ഥയുടെ ഭീകരമായ മുഖം വെളിപ്പെടുത്തുന്നതിനൊപ്പം  മാറ്റം ഉണ്ടാക്കുന്നത്  താഴെ തട്ടില്‍ നിന്നാണെന്നും നാടകം പറഞ്ഞു വെയ്ക്കുന്നു. സംഭാഷണങ്ങൾ കുറച്ച് നൃത്തരൂപങ്ങളാക്കിയാണ് നാടകം അവതരിപ്പിക്കുന്നത്. ടാഗോറിന്റെ നാടകത്തിന് നൽകുന്ന സമകാലിക അവതരണം കൂടിയാണ് റാഥേര്‍ റാഷി.

അധികാര ദുർവിനിയോഗം ജനാധിപത്യത്തെ എങ്ങനെ  ഇല്ലായ്മ ചെയ്യുന്നു എന്ന പ്രമേയവുമായി കെ ടി മുഹമ്മദ് തിയറ്ററിലെത്തിയ ഹാസിം അമരവിളയുടെ മലയാള നാടകം സോവിയറ്റ് സ്റ്റേഷൻ കടവും ആരാധകരെ സ്വന്തമാക്കി. ജർമ്മനിയിലെ ഫാസിസ്റ്റ് നേതാവ് അഡോൾഫ് ഹിറ്റ്ലറെ ടൈം മെഷീൻ ഉപയോഗിച്ച് കൊല്ലാൻ  2023ൽ കേരളത്തിൽ നിന്ന് ഒരു യുവാവിനെ കൊണ്ട് പദ്ധതിയിടുന്ന കഥയുമായാണ് നാടകം മുന്നോട്ട് പോകുന്നത്. അധികാരം മനുഷ്യനെ മാറ്റുന്നു എന്ന യാഥാർത്ഥ്യം നർമ്മത്തിലൂടെ അവതരിപ്പിക്കാനും നാടകത്തിനായി. 

സമയവും കാലവും വെറും തോന്നൽ മാത്രമാണെന്ന് പറയുന്ന  മലയാളത്തിലെ ആദ്യ ടൈം ട്രാവൽ നാടകം കൂടിയാണ് സോവിയറ്റ് സ്റ്റേഷൻ കടവ് . ഉത്സവപ്പറമ്പിൽ കെ പി എ സി അവതരിപ്പിക്കുന്ന നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിലൂടെ ആരംഭിക്കുന്ന കഥ സമയത്തിലൂടെ, കാലത്തിലൂടെയുള്ള ഒരു തിരിച്ച് പോക്ക്  കാഴ്ചവെക്കുന്നു. മുരളീ കൃഷ്ണന്റെ ചെറുകഥയുടെ സ്വതന്ത്ര നാടകാവിഷ്കാരമായിരുന്നു സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെ കനൽ സാംസ്കാരിക വേദി അവതരിപ്പിച്ച സോവിയറ്റ് സ്റ്റേഷൻ കടവ്. മനുഷ്യകുല ചരിത്രത്തിൽ കാലുഷ്യം നിറഞ്ഞ ഇരുണ്ട ഇരുണ്ട കാലത്തിനെതിരായ സംസ്കാരീ ക പ്രതിരോധവും കലാപവുമായി നാടകങ്ങൾ മാറിയിട്ടുള്ളത് നാടകാവതരണങ്ങളിലെല്ലാം പ്രതിഫലിച്ചു.



Author
Citizen Journalist

Fazna

No description...

You May Also Like