മുഖ്യമന്ത്രി ജനങ്ങളിൽ നിന്നും ഒളിച്ചോടുന്നു: കെ.സുരേന്ദ്രൻ
തൃശൂർ: സുരക്ഷ പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി പങ്കെടുക്കുന്ന വേദികളിൽ കറുത്ത നിറത്തിന് വിലക്ക് ഏർപ്പെടുത്തിയതിലൂടെ അദ്ദേഹം ജനങ്ങളിൽ നിന്നും ഒളിച്ചോടുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കറുപ്പ് കണ്ടാൽ മുഖ്യമന്ത്രി എന്തിനാണ് ഓടി ഒളിക്കുന്നതെന്നും കെ.സുരേന്ദ്രൻ തൃശ്ശൂരിൽ ചോദിച്ചു. ചുവപ്പ് കണ്ട കാളയെ പോലെയാണ് കറുപ്പ് കണ്ട പിണറായി. ആകാശ് തില്ലങ്കേരിയെ സിപിഎം ഭയക്കുകയാണ്. സിപിഎം പാലൂട്ടി വളർത്തിയ ക്രിമിനൽ സംഘമാണ് കണ്ണൂരിൽ ഇപ്പോൾ അഴിഞ്ഞാടുന്നത്. ആകാശ് ഉൾപ്പെട്ട കേസുകൾ പുനരന്വേഷിക്കാൻ സർക്കാർ തയ്യാറാകണമന്നും സുരേന്ദ്രൻ പറഞ്ഞു.
ആകാശ് തില്ലങ്കേരിയും ഗുണ്ടാ സംഘങ്ങളും ഉൾപ്പെട്ട എല്ലാ കേസുകളും ശരിയായി അന്വേഷിക്കണം. വിധി പറഞ്ഞ പല കേസുകളിലും പുനരന്വേഷണവും ആവശ്യമാണ്. ഇതുവരെ പുറത്തു വരാത്തതും അന്വേഷണം പൂർത്തിയായതുമായ പല കേസുകളിലും ഇവർക്ക് പങ്കുണ്ട് എന്നതാണ് പരസ്പരമുള്ള കൊലവിളികളിൽ നിന്നും മനസ്സിലാകുന്നത്. അതിനാൽ ആകാശും സംഘവും ഉൾപ്പെട്ട എല്ലാ കേസുകളിലും പുനരന്വേഷണം ആവശ്യമാണ്’. പൊതുസമ്മേളനം നടത്തി പോയാൽ സിപിഎമ്മിൻ്റെ ഉത്തരവാദിത്വം തീരില്ല. തീവ്രവാദ സംഘത്തെ വളർത്തിയതിന് ജനങ്ങളോട് മാപ്പു പറയാൻ സിപിഎം നേതൃത്വം തയ്യാറാവണമെന്ന് സുരേന്ദ്രൻ പറഞ്ഞു. സി.എം രവീന്ദ്രന്റെ പങ്കാളിത്തം പുറത്തു വന്നിട്ട് ഇത്രയും സമയമായിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. സിഎം രവീന്ദ്രനാണ് ഇവിടുത്തെ യഥാർത്ഥ സിഎം എന്നും സുരേന്ദ്രൻ പറഞ്ഞു.
പ്രത്യേക ലേഖകൻ