ദുബായിൽ ഹെവി ലൈസൻസ്, പെട്രോളിയം കമ്പനിയിൽ ഡ്രൈവർ; നിഷ ബർക്കത്ത് എന്ന വണ്ടർ വുമൺ

  • Posted on January 16, 2023
  • News
  • By Fazna
  • 95 Views

ദുബായിൽ ഹെവി വെഹിക്കിൾ ലൈസൻസ് സ്വന്തമാക്കിയ നിഷ ബർക്കത്തിന്റെ കഥ. സംസ്ഥാനത്ത് ഹസാർഡ്സ് ലൈസൻസ് നേടിയ രണ്ടാമത്തെ വനിതയാണവർ മോഹങ്ങളുടെ വളയത്തിന്റെ നിയന്ത്രണം കൈവിടാതെ മുന്നേറിയതാണ് നിഷയുടെ ജീവിതവിജയം. ഇരുചക്രവാഹനം മുതൽ ടാങ്കറിന്റെയും ടോറസ്സിന്റയും ഹസാർഡ്സ് വാഹനങ്ങളുടെയുമെല്ലാം വളയങ്ങൾ സ്വന്തം കൈവെള്ളയിലൊതുക്കിയ മിടുക്കി ഇപ്പോൾ ഗൾഫിലെത്തി അവിടെ ഹെവി വെഹിക്കിൾ ലൈസൻസും സ്വന്തമാക്കി. കേരളത്തിലാദ്യമായി ഹസാർഡ്സ് ലൈസൻസ് നേടിയ വനിതയായ ഡെലിഷ ഡേവിസിനുശേഷം ആ നേട്ടം കൈവരിക്കുന്ന വനിതയായി നിഷ. 18 വയസ്സു കഴിഞ്ഞതോടെത്തന്നെ ബൈക്കും കാറും ഓട്ടോയുമെല്ലാം നിഷയുടെ കൈകളിൽ ഭദ്രമായി. കൂടുതൽ വലിയ വണ്ടികളുടെ വളയം പിടിക്കുകയെന്ന മോഹത്തെ മുറുകെപ്പിടിച്ച് നിഷ കുതിച്ചു. നാഗലശ്ശേരിയിലെ കിളിവാലൻകുന്ന് വളപ്പിൽ പരേതനായ അബ്ദുൾഹമീദിന്റെയും ഹഫ്സത്തിന്റെയും നാല് മക്കളിൽ മൂന്നാമത്തെയാളാണ് നിഷ ബർക്കത്ത്. 14ാം വയസ്സിൽ സഹോദരന്റെ മോട്ടോർ സൈക്കിളോടിച്ചാണ് വാഹനങ്ങളുടെ ഡ്രൈവിങ് സീറ്റിലേക്കുള്ള നിഷയുടെ യാത്ര. 25ാം വയസ്സിൽ ഹസാർഡ്സ് വാഹനങ്ങളോടിക്കാനുള്ള ലൈസൻസ് കിട്ടി. ഇതോടെ ജീവിതത്തിന്റെ ഗതിമാറി. ടാങ്കർ ലോറി, പെട്രോളിയം ചരക്കുവാഹനങ്ങൾ എന്നിവയെല്ലാമായി പോയ നിഷയെ ആളുകൾ ആശ്ചര്യത്തോടെ നോക്കിനിന്നു. എതിർപ്പുകളെയെല്ലാം സുരക്ഷിത ഡ്രൈവിങ്ങിലൂടെ നിഷ മറികടന്നു. മണ്ണാർക്കാടുള്ള മൈന കൺസ്ട്രക്ഷൻസ് ഉടമ അഷ്റഫും ഡ്രൈവർ രതീപും ടോറസിന്റെ താക്കോൽ നൽകിയപ്പോളും നിഷയ്ക്ക് അമ്പരപ്പൊന്നുമുണ്ടായില്ല.

ഹിന്ദുസ്ഥാൻ പെട്രോളിയത്തിൽ ഡ്രൈവറായിരിക്കേയാണ് വിദേശ കമ്പനികളിൽനിന്ന് അവസരം ലഭിച്ചത്. ദുബായിലെത്തി യു.എ.ഇ. ഹെവി വെഹിക്കിൾ ലൈസൻസ് കരസ്ഥമാക്കാനും നിഷയ്ക്ക് അധികം പണിപ്പെടേണ്ടി വന്നില്ല. ഇപ്പോൾ മിഡ് ഏഷ്യ ബൾക്ക് പെട്രോളിയം കമ്പനിയിൽ ഡ്രൈവറായി ജോലിയിൽ പ്രവേശിക്കാനുള്ള ഒരുക്കത്തിലാണ്. കമ്പനിയിൽ മറ്റൊരു വനിതാ ഹെവിഡ്രൈവർ കൂടിയുള്ളതും തുണയായി.




Author
Citizen Journalist

Fazna

No description...

You May Also Like