വയനാട്ടിലെ ആദ്യ പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രം (Popsk) നിലവിൽ വരുന്നു.
- Posted on April 08, 2025
- News
- By Goutham prakash
- 183 Views

കേന്ദ്ര സഹമന്ത്രി കീർത്തി വർധൻ സിംഗ് 2025 ഏപ്രിൽ 9 ന് കൽപ്പറ്റ POPSKയുടെ ഉദ്ഘാടനം നിർവ്വഹിക്കും
വയനാട്, 8 ഏപ്രിൽ 2025: വയനാട് ജില്ലയിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രത്തെ (POPSK) വരവേൽക്കാൻ കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസ് ഒരുങ്ങുന്നു. പാസ്‌പോർട്ടിനും അനുബന്ധ സേവനങ്ങൾക്കുമായി അയൽ ജില്ലകളിലേക്ക് ദീർഘദൂരം സഞ്ചരിക്കേണ്ടി വന്നിരുന്ന വയനാട് നിവാസികൾക്ക് ഈ സൗകര്യം വളരെയധികം ആശ്വാസം നൽകും.
2025 ഏപ്രിൽ 9 ന് (ബുധനാഴ്ച) രാവിലെ 10:00 ന് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാവ്യതിയാന മന്ത്രാലയ, വിദേശകാര്യ മന്ത്രാലയ സഹമന്ത്രി കീർത്തി വർധൻ സിംഗ് POPSKയുടെ ഉദ്ഘാടനം നിർവ്വഹിക്കും. കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രി ജോർജ്ജ് കുര്യൻ, കേരള സർക്കാർ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗ ക്ഷേമ മന്ത്രി ഒ.ആർ. കേളു, വയനാട് ലോക്സഭാ മണ്ഡലം എംപി പ്രിയങ്ക ഗാന്ധി വദ്ര എന്നിവർ അദ്ദേഹത്തോടൊപ്പം ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും.
കോഴിക്കോട് റീജിയണൽ പാസ്‌പോർട്ട് ഓഫീസിന്റെ അധികാരപരിധിയിലുള്ള രണ്ടാമത്തെ POPSKയും രാജ്യത്തെ 447-ാമത്തെ POPSKയും ആയിരിക്കും ഈ സൗകര്യം. തുടക്കത്തിൽ, POPSK കൽപ്പറ്റയിൽ പ്രതിദിനം 50 അപേക്ഷകർക്ക് സേവനം നൽകും. വരും ദിവസങ്ങളിൽ പ്രതിദിനം 120 അപേക്ഷകൾ വരെ ലഭ്യമാക്കാനാണ് പദ്ധതി. പാസ്‌പോർട്ട് സേവാ പോർട്ടൽ (www.passportindia.gov.in) അല്ലെങ്കിൽ mPassport സേവാ മൊബൈൽ ആപ്പ് (Android, iOS എന്നിവയിൽ ലഭ്യമാണ്) വഴി അപ്പോയിന്റ്‌മെന്റുകൾ ബുക്ക് ചെയ്യാം.
കോഴിക്കോട് റീജിയണൽ പാസ്‌പോർട്ട് ഓഫീസ് (RPO), കേരളത്തിലെ അഞ്ച് വടക്കൻ ജില്ലകളായ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിലും പുതുച്ചേരിയിലെ മാഹി മേഖലയിലും സേവനം നൽകുന്നു. നിലവിൽ അഞ്ച് പിഎസ്‌കെകളും ഒരു പിഒപിഎസ്‌കെയും ഈ ഓഫീസിനു കീഴിൽ പ്രവർത്തിക്കുന്നുണ്ട്. പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിനായി ഇപ്പോൾ കൽപ്പറ്റ പിഒപിഎസ്‌കെയെയും ഈ ശൃംഖലയിലേക്ക് ചേർക്കുന്നു.
ഇന്ത്യാ ഗവൺമെന്റിന്റെ പൗര കേന്ദ്രീകൃത സേവന വിതരണ സമീപനത്തിന് അനുസൃതമായി, വയനാട് ലോക്‌സഭാ മണ്ഡലത്തിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങൾക്ക് പാസ്‌പോർട്ട് സേവനങ്ങൾ കൂടുതൽ സുഗമമാക്കുക എന്നതാണ് ഈ സുപ്രധാന സംരംഭത്തിന്റെ ലക്ഷ്യം.