മിൽമ പാൽശേഖരണ സമയം പുന:ക്രമീകരിക്കും : മന്ത്രി ജെ. ചിഞ്ചു റാണി.

  • Posted on March 16, 2023
  • News
  • By Fazna
  • 94 Views

തിരുവനന്തപുരം: സംസ്ഥാനത്ത്  പാലുത്പാദനം കൂട്ടാനും കറവയുടെ ഇടവേള ദൈർഘ്യം കൂട്ടാനുമായി മിൽമയുടെ പാൽ ശേഖരണ സമയം മാറ്റുന്നത് ആലോചനയിലുണ്ടെന്ന്  മൃഗസംരക്ഷണ - ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി.  കറവയുടെ  ഇടവേള കൂട്ടുന്നത് പശുക്കളിലെ ഉത്പാദനക്ഷമത കൂട്ടാനും അകിട് വീക്കം പോലുള്ള രോഗബാധകൾ കുറയ്ക്കാനും സാധിക്കും. ഇതനുസരിച്ച് രാവിലെ ആറിനും വൈകിട്ട് ആറിനും എന്ന ക്രമത്തിൽ പാൽ ശേഖരണ സമയം പുന :ക്രമീകരിച്ചാൽ കറവയ്ക്കിടയിൽ 12 മണിക്കൂർ ഇടവേള നൽകാനാകുമെന്നും അതുവഴി കൂടുതൽ പാലുത്പാദിപ്പിക്കാൻ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.  ഇതിലൂടെ  ലക്ഷ്യം വെക്കുന്നത് പശുക്കളുടെ ആരോഗ്യം മാത്രമല്ല,  തൊഴിലുറപ്പ് പോലുള്ള ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന ക്ഷീരകർഷകർക്കെല്ലാം അവരുടെ പാൽ  പാഴാക്കാതെ സൊസൈറ്റികളിൽ നൽകാനാകുമെന്നും മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. മൃഗസംരക്ഷണ വകുപ്പിന്റെയും തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെയും കീഴിലുള്ള ചെറ്റച്ചൽ ജഴ്സി ഫാമിൽ നവീന രീതിയിൽ പണികഴിപ്പിച്ച  കിടാരി ഷെഡിന്റെയും  ആട് ഷെഡിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 2021-22 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 49.7 ലക്ഷം രൂപ ചെലവഴിച്ചാണ് കിടാരി ഷെഡ് അത്യാധുനിക സൗകര്യങ്ങളോടുകൂടി നിർമ്മിച്ചിരിക്കുന്നത്. 61.63 ലക്ഷം രൂപ ചെലവഴിച്ചാണ് നിലവിലുള്ള ആടുകളെ പാർപ്പിച്ചിരിക്കുന്ന  ഷെഡിനോട് ചേർന്ന് 100 ആടുകളെ കൂടി പാർപ്പിക്കാനുള്ള സൗകര്യത്തോടുകൂടിയ ആട് ഷെഡ് നിർമ്മിച്ചിരിക്കുന്നത്. കർഷകർക്ക് ആവശ്യാനുസരണം ആട്ടിൻകുട്ടികളെ ലഭ്യമാക്കുന്ന സാഹചര്യം ഇതോടുകൂടി സാധ്യമാകും. 77 ലക്ഷം രൂപ പദ്ധതി വിഹിതം ഉപയോഗിച്ച്  ഓട്ടോമാറ്റിക് വാട്ടറിംഗ് സിസ്റ്റം അടക്കമുള്ള അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ഹൈടെക് ഷെഡ് നിർമ്മാണം പൂർത്തിയാകുന്നതോടുകൂടി ഏറ്റവും മികച്ച നിലവാരമുള്ള ഫാമുകളിൽ ഒന്നായി ചെറ്റച്ചൽ ജേഴ്സിഫാം മാറും എന്ന് മന്ത്രി കൂട്ടിച്ചേർത്തു. തിരുവനന്തപുരം ചെറ്റച്ചൽ ഫാമിൽ നിന്നും ഇറക്കുന്ന " ഗ്രീൻ മിൽക്ക് " കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനായി മിൽമ മോഡൽ ശീതീകരണ സംവിധാനം ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. സർക്കാർ ഫാമുകളുടെ പ്രവർത്തനം മികച്ച രീതിയിൽ  പ്രവർത്തിക്കാനും മുന്നോട്ടു കൊണ്ടുപോകാനുമായുള്ള അത്യാധുനിക  സംവിധാനങ്ങൾ ഉറപ്പാക്കും. അതിനായി  കൂടുതൽ ഫണ്ട്‌ വകയിരുത്തുമെന്നും  മന്ത്രി പറഞ്ഞു. ഇതോടൊപ്പം 50 പശുക്കളെ പാർപ്പിക്കാനാകുന്ന ഓട്ടോമാറ്റിക് വാട്ടറിങ് സിസ്റ്റം അടക്കമുള്ള  ഹൈടെക് ഷെഡിന്റെ ശിലാസ്ഥാപനവും    മന്ത്രി  നിർവഹിച്ചു. അരുവിക്കര എം. എൽ. എ അഡ്വ ജി. സ്റ്റീഫൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിതുര  ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ വി എസ് ബാബു രാജ് സ്വാഗതം പറഞ്ഞു.  ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

സ്വന്തം ലേഖകൻ.

Author
Citizen Journalist

Fazna

No description...

You May Also Like