നാച്വര്‍ ജേണലില്‍ ലേഖനവും ചിത്രങ്ങളും കാലിക്കറ്റിലെ ഗവേഷകന് അഭിമാന നേട്ടം

പഠനവും ചിത്രവും പങ്കുവെച്ച് ലിയോനാര്‍ഡോ ഡി കാപ്രിയോ.


ലോകപ്രശസ്ത ശാസ്ത്ര ജേണലായ നാച്വര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഉഭയജീവികളെക്കുറിച്ചുള്ള ലേഖനത്തില്‍ പങ്കാളിയായി കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷകനും. കാലിക്കറ്റിലെ ജന്തുശാസ്ത്ര പഠനവിഭാഗത്തില്‍ നാഷണല്‍ പോസ്റ്റ് ഡോക്റ്ററല്‍ ഫെല്ലോ ആയ ഡോ. സന്ദീപ് ദാസിനാണ് അഭിമാനാര്‍ഹമായ നേട്ടം. ലേഖനത്തോടൊപ്പം പ്രസിദ്ധീകരിച്ച ചിത്രങ്ങളില്‍ അഞ്ചെണ്ണം ഇദ്ദേഹം എടുത്തതാണ്. നാച്വര്‍ മാസികയില്‍ ഒക്ടോബര്‍ നാലിന് പ്രസിദ്ധീകരിച്ച ലേഖനത്തില്‍  ലോകത്തിന്റെ പല ഭാഗത്തുള്ള നൂറോളം ഗവേഷകര്‍ പങ്കാളികളായിട്ടുണ്ട്. സന്ദീപ് ദാസിനു പുറമെ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നുള്ള മലയാളിയായ ഡോ. ബിജുവും ഇതിലുള്‍പ്പെടും. ഹോളിവുഡ് ഹീറോയും പ്രശസ്ത പരിസ്ഥിതി സംരക്ഷകനും കൂടിയായ  ലിയോനാര്‍ഡോ ഡി കാപ്രിയോ ഇതേ പഠനവും അതിന്റെ ഉള്ളടക്കവും പശ്ചിമഘട്ടത്തില്‍ നിന്ന് സന്ദീപ് എടുത്ത ചോലക്കറുമ്പി തവളയുടെ ചിത്രത്തോടൊപ്പം തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ ഷെയര്‍ ചെയ്യുകയും ഉണ്ടായി. ഡോ. സന്ദീപിനെ കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അഭിനന്ദിച്ചു. പുതിയ പഠനം പ്രകാരം മുന്നൂറോളം ഉഭയജീവികളെങ്കിലും അതീവ ഗുരുതരമായ ഭീഷണി നേരിടുന്നവയാണ്. ഉഭയജീവി വൈവിധ്യത്തില്‍ വളരെ മുന്നില്‍ ഉള്ള പശ്ചിമഘട്ടത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള  ഉഭയജീവികളില്‍  90 ശതമാനത്തിലധികം ഇനങ്ങളും ലോകത്ത് മറ്റൊരിടത്തും കാണുന്നവയല്ല. കൃത്യമായ പഠനങ്ങള്‍ കൊണ്ടും അവബോധം കൊണ്ടും  സംരക്ഷണം കൊണ്ടും  വംശനാശ ഭീഷണി പട്ടികയില്‍ സ്ഥാനം മെച്ചപെടുത്തിയ വലിയൊരു ശതമാനം ഇനങ്ങള്‍  പശ്ചിമഘട്ടത്തിലുണ്ട് എന്നത് ഒരേ സമയം സന്തോഷിക്കുവാനും അവയെ തുടര്‍ന്നും സംരക്ഷിക്കണം എന്ന ഉത്തരവാദിത്വം എല്ലാവരിലേക്കും എത്തിക്കുവാനും ഇത്തരത്തിലുള്ള പഠനങ്ങള്‍ സഹായിക്കുമെന്ന് ഡോ. സന്ദീപ് ദാസ് പറഞ്ഞു.

ഉഭയജീവികള്‍ വംശനാശ ഭീഷണിയില്‍

എണ്ണായിരത്തിലധികം ഉഭയജീവികള്‍ ലോകത്തിലുള്ളതില്‍ നിന്ന്  അഞ്ചിനങ്ങളെടുത്താല്‍ അതില്‍  കുറഞ്ഞത് രണ്ടിനങ്ങള്‍ വരെ വംശനാശ ഭീഷണി നേരിടുന്നവയാണെന്ന് പഠനം പറയുന്നു. നട്ടെല്ലുള്ള ജീവികളില്‍ സസ്തനികളെയും  (26.5 %), ഉരഗങ്ങളെയും  (21.4 %), പക്ഷികളെയും അപേക്ഷിച്ചു (12.9 %) ഏറ്റവും അധികം  (41 %) വംശനാശഭീഷണി നേരിടുന്ന ജീവി വിഭാഗവും ഉഭയജീവികളാണ്. കാലാവസ്ഥ വ്യതിയാനമാണ് ഈ ചെറു ജീവികളെ ബാധിക്കുന്ന പ്രധാന പ്രശ്നമെന്നും പഠനം  സൂചിപ്പിക്കുന്നു. ഇതോടൊപ്പം തന്നെപരിസ്ഥിതി സംരക്ഷണത്തിനുള്ള അന്താരാഷ്ട്ര സംഘടനയായ ഐ.യു.സി.എന്‍. ചുവപ്പു പട്ടികയുടെ 2004-ല്‍ പുറത്തിറങ്ങിയ (GAA1 - Global Amphibian Assessment 1 ) ആദ്യ ആഗോള ഉഭയജീവി വിശകലനത്തിനു ശേഷം 20 വര്‍ഷങ്ങള്‍ക്കിപ്പുറം ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള ആയിരത്തിലധികം വരുന്ന ഗവേഷകരുടെ കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായി രണ്ടാം ആഗോള ഉഭയജീവി വിശകലന റിപ്പോര്‍ട്ടും  (GAA2  - Global Amphibian Assessment 2) പുറത്തു വന്നിട്ടുണ്ട്. ശുദ്ധജലശ്രോതസ്സുകളെ, നനവിനെ, ഈര്‍പ്പത്തെ ഒക്കെ കാര്യമായി ആശ്രയിക്കുന്ന ഉഭയജീവികളെ അവരുടെ ചുറ്റുപാടുമുള്ള കാലാവസ്ഥയും അതിലെ  നേരിയ വ്യത്യാസങ്ങളും കാര്യമായി തന്നെ ബാധിക്കും. ഇതിനാല്‍ ശുദ്ധജല ശ്രോതസ്സുകളുടെ സൂചകരായിട്ടാണ് ഉഭയജീവികളെ കാണുന്നത്. ആവാവാസവ്യവസ്ഥയുടെ നാശവും ശോഷണവും അസുഖങ്ങളും  ഉഭയജീവികളെ വംശനാശത്തിലേക്ക് നയിക്കുന്നുണ്ടെങ്കിലും അതിനേക്കാള്‍ ഒരുപാട് മുകളിലാണ് കാലാവസ്ഥ വ്യതിയാനം എന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. ഇനിയും ഇത് അവഗണിക്കാനാവില്ലെന്നും ബാക്കിയുള്ള പ്രദേശങ്ങളുടെയും അത് നിലനിര്‍ത്തുന്ന ജീവികളുടെയും സംരക്ഷണം ഉറപ്പാക്കേണ്ടിയിരിക്കുന്നു എന്നും  പഠനത്തിന് നേതൃത്വം നല്‍കിയ ജെന്നിഫര്‍  സ്വാന്‍ഡ്‌ബൈ അഭിപ്രായപ്പെടുന്നു.              




Author

Varsha Giri

No description...

You May Also Like