വ്യവസായ വകുപ്പിൻ്റെ പ്രദർശന വിപണന മേള നാളെ സമാപിക്കും

  • Posted on February 20, 2023
  • News
  • By Fazna
  • 168 Views

കൽപ്പറ്റ: വയനാടിന്റെ ഗ്രാമങ്ങളില്‍ വളരുന്ന അച്ചാര്‍ യൂണിറ്റുകള്‍ മുതല്‍  ഈന്തപ്പഴ വിപണിവരെയും ഒരു കുടക്കീഴില്‍ അണിനിരത്തി ഇന്‍ഡ് എക്‌സ്‌പോ ശ്രദ്ധയാകര്‍ഷിക്കുന്നു. കല്‍പ്പറ്റ ലളിത് മഹല്‍ ഓഡിറ്റോറിയത്തില്‍ തുടങ്ങിയ ജില്ലയിലെ സൂഷ്മ ചെറുകിട ഇടത്തരം വ്യവാസായിക പ്രദര്‍ശനമാണ് വയനാടിന്റെ വ്യവസായ മുന്നേറ്റത്തിന്റെ നേര്‍ചിത്രമാകുന്നത്. നാളെ  (ഫെബ്രുവരി 20 )വരെ നടക്കുന്ന പ്രദര്‍ശന വിപണന മേളയില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 66 സ്റ്റാളുകളാണുള്ളത്. 24 വനിതാ സംരംഭകര്‍ മേളയില്‍ അണിനിരക്കുന്നു. വ്യവസായ കേന്ദ്രത്തിന്റെ പ്രോത്സാഹനങ്ങളുമായി ചെറുകിട സംരംഭങ്ങള്‍ പടുത്തുയര്‍ത്തിയ വിജയഗാഥകളാണ് ഇവര്‍ക്കെല്ലാം പങ്കുവെക്കാനുള്ളത്. കൈത്തറിയില്‍ നിന്നും അതിനൂതനമായ  യന്ത്രത്തറികളിലേക്ക് വരെയും വസ്ത്രലോകം മാറി മറിയുമ്പോള്‍ ഈ മേഖലയിലെ നൂല്‍നൂല്‍പ്പ് യന്ത്രത്തെയും ഇന്‍ഡ്എക്‌സ്‌പോയില്‍ അടുത്തറിയാം. തൃശ്ശിലേരി നെയ്ത്ത് ഗ്രാമത്തില്‍ നിന്നാണ് ഈ വ്യവസായ പ്രദര്‍ശന മേളയിലേക്ക് നെയ്ത്ത് യന്ത്രത്തെ എത്തിച്ചത്. കുട്ടികളടക്കടക്കമുള്ള പുതിയ തലമുറയില്‍ വസ്ത്ര നെയ്ത്തിന്റെ ഒരു കാലത്തെ പരിചയപ്പെടുത്തുകയാണ് ഈ തത്സമയ പ്രവര്‍ത്തന സ്റ്റാള്‍. വിവിധ തരം നൂലുകള്‍, നൂല്‍നൂല്‍പ്പുകള്‍, പ്രവര്‍ത്തന രീതി എന്നിവയെല്ലാം ഇവിടെ നിന്നും അടുത്തറിയാം. ഇതേ പവലിയിനില്‍ തന്നെ കളിമണ്‍ ശില്‍പ്പനിര്‍മ്മാണം, മുളയുത്പന്ന നിര്‍മ്മാണം, അലങ്കാര പുഷ്പ നിര്‍മ്മാണം തുടങ്ങിയവയെല്ലാം ഈ സ്റ്റാളില്‍ നിന്നും  പരിചയപ്പെടാം.

കടല്‍ കടന്നും വേറിട്ട രുചിയുടെ ആവി പറത്തുന്ന വയനാടന്‍ കാപ്പിയും സ്റ്റാളിലുണ്ട്. തനത് രുചിയുടെ കാപ്പി ബ്രഹ്മഗിരി കോഫിയാണ് ഇവിടെ കിയോസ്‌ക് വഴി ലഭ്യമാക്കുന്നത്. വയനാടന്‍ കാപ്പി ബ്രാന്‍ഡ് ചെയ്ത് ഇതിനകം ശ്രദ്ധേയമായ മുന്നേറ്റം നടത്തിയ സംരംഭകരെയും ഇവിടെ പരിചയപ്പെടാം. സ്വാഭാവികമായ കാലാവസ്ഥയില്‍ വളരുന്ന കാപ്പിയുടെ സംസ്‌കരണം മുതല്‍ വിപണനം വരെ ശാസ്ത്രീയമായ രീതിയില്‍ പിന്തുടരുന്ന വനിതാ സംരംഭകരും മേളയിലുണ്ട്. കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ വയനാട് ജില്ലയിലെ വിവിധ സംരംഭകരെ കോര്‍ത്തിണക്കി ഒരു കുടക്കീഴില്‍ ഇവരുടെ ഉത്പന്നങ്ങള്‍ മേളയില്‍ പരിചയപ്പെടുത്തുന്നുണ്ട്. വിവിധയിനം മുല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ഈ സ്റ്റാളില്‍ ലഭ്യമാണ്. ഭക്ഷ്യോത്പന്നങ്ങള്‍ മുതല്‍ കരകൗശല ഉത്പന്നങ്ങള്‍ വരെയും ഇവിടെ നിന്നും ലഭ്യമാകും. പാഷന്‍ ഫ്രൂട്ടില്‍ നിന്നുള്ള വിവിധ തരം സ് ക്വോഷുകള്‍, ജാമുകള്‍ തുടങ്ങി അച്ചാര്‍ വരെയും മറ്റൊരു സ്റ്റാള്‍ പരിചയപ്പെടുത്തുന്നു. ഇറക്കുമതി ചെയ്ത ഈന്തപ്പഴം സംസ്‌കരിച്ച് പ്രത്യേകമായി ബ്രാന്‍ഡ് ചെയ്തും മേളയില്‍ എത്തിച്ചിട്ടുണ്ട്. വ്യവസായ കേന്ദ്രത്തന്റെ പിന്തുണയോടെ പുതിയ ജീവിതം കണ്ടെത്തിയ നിരവധി സംരംഭകര്‍ അവരവരുടെ മുന്നേറ്റങ്ങളും മേളയിലൂടെ പങ്കുവെക്കുന്നു.

മുളയില്‍ നിര്‍മ്മിച്ച വിവിധ തരം അലങ്കാര വസ്തുക്കളുടെ വിപുലമായ ശേഖരവും മേളയെ വേറിട്ടതാക്കുന്നു. വയനാട് ബാംബു ആര്‍ട്ട് ആന്‍ഡ് ക്രാഫ്ട് ഇന്നവേഷന്‍ ഗ്രൂപ്പ് എലമെന്റ്‌സ് എന്ന പേരില്‍ വിശാലമായ സ്റ്റാള്‍ ഇതിനായി ഇവിടെ  സജ്ജീകരിച്ചിട്ടുണ്ട്. വ്യത്യസ്തയിനം ലാംബ് ഷെയിഡുകള്‍, ആഭരണങ്ങള്‍, പെയിന്റിങ്ങുകള്‍, മ്യൂറല്‍സ് എന്നിവയെല്ലാം ഈ സ്റ്റാളിന്റെ ആകര്‍ഷകങ്ങളാണ്. കുടുംബശ്രീയുടെ സ്റ്റാളിലും മുളയുത്പന്നങ്ങള്‍ പ്രദര്‍ശനത്തിനും വില്‍പ്പനയ്ക്കുമായി എത്തിച്ചിട്ടുണ്ട്. സൂഷ്മ തല സംരംഭങ്ങളുമായി വര്‍ഷങ്ങളായി മുന്നേറുന്നവര്‍ നേരിട്ടാണ് മേളയില്‍ അവരവരുടെ ഉത്പന്നങ്ങളുമായി എത്തിയത്. ജില്ലയില്‍ സിക്കിള്‍ സെല്‍ അനീമീയ രോഗികളുടെ കൂട്ടായ്മയായ തളിരും അവരുടെ ഉത്പന്നങ്ങളുമായു മേളയിലുണ്ട്.

കോവിഡ് മഹാമാരിയുടെ രണ്ട് വര്‍ഷക്കാലത്തിന്റെ ഇടവേളകളെയും അതിജീവിച്ച കഥകളാണ് മേളയിലെത്തി സൂക്ഷ്മ ചെറുകിട സംരംഭങ്ങള്‍ക്കെല്ലാം പറയാനുള്ളത്. ചോക്ലേറ്റ് യൂണിറ്റ് മുതല്‍ മൂല്യവര്‍ദ്ധിത ഭക്ഷ്യോത്പന്ന നിര്‍മ്മാണ യൂണിറ്റുകള്‍ വരെയും മഹാമാരിയുടെ കലത്ത് അടച്ചിടേണ്ടി വന്നിരുന്നു. ഈ കാലത്തിനെയെല്ലാം അതിജീവിച്ച് പുതിയ പ്രതീക്ഷകളോടെയാണ് സംരംഭകര്‍ മുന്നോട്ടു പോകുന്നത്. ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക്  അതിജീവനപാതയില്‍ വഴികാട്ടിയാവുക എന്ന ദൗത്യം കൂടിയാണ് മേള ഏറ്റെടുക്കുന്നത്. രാവിലെ 10 മുതല്‍ വൈകീട്ട് 8 വരെ പ്രവര്‍ത്തിക്കുന്ന പ്രദര്‍ശന മേളയില്‍ ദിവസവും വൈകീട്ട് കലപാരിപടികളും അരങ്ങേറും. ഇന്ന് ( ഞായറാഴ്ച) വൈകീട്ട് 6ന് നാട്യരത്‌ന മനോജും സംഘവും വേദിയില്‍ നൃത്തസന്ധ്യ അവതരിപ്പിക്കും.



Author
Citizen Journalist

Fazna

No description...

You May Also Like