പൂര്‍ണയുടെ ചിന്തകള്‍ക്ക് എവറസ്റ്റിനോളം ഉയരം

  • Posted on February 04, 2023
  • News
  • By Fazna
  • 113 Views

തിരുവനന്തപുരം: പതിമൂന്നുകാരി പെണ്‍കുട്ടികളുടെ ചിന്തകള്‍ക്ക് എത്ര ഉയരമുണ്ടാകുമെന്ന് പൂര്‍ണ മലാവത്തിനോട് ചോദിച്ചാല്‍ അവര്‍ പറയും എവറസ്റ്റിനോളമെന്ന്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനിതയാണ് പൂര്‍ണ. 2014 ല്‍ എവറസ്റ്റ് കീഴടക്കുമ്പോള്‍ പൂര്‍ണ 13 വയസുള്ള ഒമ്പതാം ക്ലാസുകാരി. 52 ദിവസത്തെ യാത്രയ്ക്കൊടുവിലാണ് പൂര്‍ണ എവറസ്റ്റ് കീഴടക്കിയത്. നെഞ്ചിടിപ്പോടെ കേട്ടിരിക്കാവുന്നതാണ് പൂര്‍ണയുടെ കഥ. ഒരു കുഗ്രാമത്തിലെ സാധാരണക്കാരിയില്‍ നിന്ന് അസാധാരണക്കാരിയിലേക്കുള്ള പൂര്‍ണയുടെ വളര്‍ച്ചയുടെ വഴി എവറസ്റ്റില്‍ എത്തുന്നതോളം തന്നെ കടുപ്പമേറിയ ഒന്നായിരുന്നു. നിശ്ചയദാര്‍ഢ്യവും ലക്ഷ്യബോധവും കഠിനപരിശ്രമവുമായിരുന്നു പൂര്‍ണയുടെ പാതയിലെ കരുത്ത്. ഇടറിയ നിമിഷങ്ങളില്‍ എപ്പോഴെങ്കിലും പിന്തിരിഞ്ഞിരുന്നു എങ്കില്‍ പൂര്‍ണ എന്ന വിസ്മയത്തെ ലോകം അറിയുമായിരുന്നില്ല. കനകക്കുന്നില്‍ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ കോണ്‍ക്വയറിങ്ങ് എവറസ്റ്റ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പൂര്‍ണ. എവറസ്റ്റിന്‍റെ നെറുകയില്‍ എത്തിയപ്പോള്‍ നക്ഷത്രത്തെ പിടിക്കാന്‍ കഴിയുന്ന ഉയരത്തിലാണ് ഉള്ളതെന്ന് തോന്നി. ഏറെക്കുറേ പ്രതിസന്ധികള്‍ തരണം ചെയ്തെങ്കിലും പകുതിയേ അപ്പോള്‍ ആകുന്നുള്ളൂ എന്ന കോച്ചിന്‍റെ വാക്കുകള്‍ ഓര്‍മ വന്നു. തിരിച്ചിറങ്ങുന്നിടത്ത് എവിടെയെങ്കിലും പാളിച്ച വന്നാലുള്ള പ്രത്യാഘാതം എന്താണെന്നതിനെ കുറിച്ചും നിശ്ചയമുണ്ടായിരുന്നു. 8848 മീറ്ററുള്ള എവറസ്റ്റിന്‍റെ 6400 മീറ്റര്‍ മുതലുള്ള യാത്രയായിരുന്നു കടുപ്പം. എവറസ്റ്റിന് മുകളില്‍ 10 മിനിട്ട് മാത്രമാണ് നില്‍ക്കാന്‍ കഴിഞ്ഞത്. കാലാവസ്ഥ പെട്ടെന്ന് മാറുമെന്നതു കൊണ്ടു അവിടെ തുടര്‍ന്നാല്‍ തണുത്തു മരവിച്ചു പോകും. കാലത്ത് ആറ് മണിയ്ക്കു എവറസ്റ്റില്‍ നിന്നുള്ള ആകാശക്കാഴ്ചകള്‍ സ്വപ്നതുല്യമായിരുന്നു. അവിടെ ഇന്ത്യന്‍ കൊടിപാറിക്കാന്‍ കഴിഞ്ഞ നിമിഷം അവിസ്മരണീയം-പൂര്‍ണ പറയുന്നു. നാലുഘട്ടമായാണ് പരിശീലനം ലഭിച്ചത്. ഓരോ ഘട്ടത്തിലും കൂട്ടത്തിലുള്ളവര്‍ കുറഞ്ഞു കൊണ്ടേയിരുന്നു. 50 പേരില്‍ നിന്ന് 4 പേരിലേക്ക് എത്തി. ഡാര്‍ജിലിംഗിലെ ഹിമാലയന്‍ മൗണ്ടനിയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തുടങ്ങിയ പരിശീലനം മൂന്നു മാസത്തോളം നീണ്ടു. ഏഴുമാസത്തോളം മലകളിലും ലഡാക്കിലെ മഞ്ഞു മലകളിലും പരിശീലിച്ചു. എങ്ങനെ ശ്വാസം ഉള്ളിലേക്ക് എടുക്കണം, വസ്ത്രധാരണം, ഭക്ഷണക്രമം തുടങ്ങിയവയെല്ലാം  പരിശീലനത്തിന്‍റെ ഭാഗമായി ഉണ്ടായിരുന്നു. മനസും ശരീരവും ഒരുപോലെ പാകപ്പെടുത്താന്‍ പരിശീലന ദിവസങ്ങള്‍ സഹായകമായി. പര്‍വതാരോഹണത്തിലേക്ക് എത്താന്‍ ആഗ്രഹിക്കുന്ന പുതിയ കുട്ടികള്‍ക്ക് പരിശീലനം നല്കാന്‍ തയ്യാറാണെന്നും പൂര്‍ണ പറഞ്ഞു. ഇപ്പോള്‍ ധാരാളം അവസരങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് ലഭ്യമാണ്. പുതിയ അവസരങ്ങള്‍ സൃഷ്ടിക്കാനുള്ള കരുത്തും നമുക്ക് ഉണ്ടാവണം. തൊട്ടടുത്ത പടിയിലേക്ക് കയറാനുള്ള വലിയ ആഗ്രഹമാണ് ഓരോ ഘട്ടത്തിലും എനിക്കുണ്ടായിരുന്നത്. സാഹസികത ഇഷ്ടപ്പെടുന്ന പെണ്‍കുട്ടികളെ പിന്തുണയ്ക്കുന്നവര്‍ വളരെ കുറവാണ്. കല്യാണമാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് സമൂഹം കരുതുന്നു. അതിനപ്പുറം കടക്കാന്‍ പെണ്‍കുട്ടികള്‍ക്ക് കഴിയണം. എല്ലാത്തിനേയും സ്വീകരിക്കാനുള്ള മനസ് എനിക്കുണ്ടായിരുന്നു. മാതാപിതാക്കളോട് തന്‍റെ ലക്ഷ്യത്തെക്കുറിച്ച് പറഞ്ഞ് ബോധ്യപ്പെടുത്താന്‍ സാധിച്ചു-പൂര്‍ണ പറയുന്നു. നമുക്ക് എന്തിനോടുമുള്ള പേടി ഒരു കാര്യം തുടങ്ങാന്‍ തടസമാകരുത്. ക്ഷമ, ആത്മവിശ്വാസം, കഠിനാധ്വാനം, എന്തിനേയും നേരിടാനുള്ള കരുത്ത് എന്നിവ പര്‍വതം പഠിപ്പിച്ചു. ഏതു നിമിഷവും മരണം മുന്നില്‍ കണ്ടുള്ള യാത്രയായിരുന്നെങ്കിലും എല്ലാത്തിലും പോസിറ്റീവാകാന്‍ കഴിഞ്ഞത് എവറസ്റ്റിന്‍റെ നെറുകയിലെത്തുന്നതിന് സഹായകമായി. മൈനസ് പൂജ്യം ഡിഗ്രി തണുപ്പും ഓക്സിജനില്ലാത്ത അവസ്ഥയും വഴിയില്‍ കാണുന്ന മനംമടുപ്പിക്കുന്ന കാഴ്ചകളുമൊന്നും പിന്നോട്ട് വലിച്ചില്ല. നമുക്ക് ചുറ്റുമുള്ള വേലികള്‍ ചാടിക്കടക്കാന്‍ സാധിക്കുന്നിടത്താണ് പെണ്‍കുട്ടികളുടെ വിജയമെന്നും അവര്‍ പറഞ്ഞു. എം എ പൊളിറ്റിക്കല്‍ സയന്‍സ് ബിരുദധാരിയാണ് പൂര്‍ണ മലാവത്ത്.

Author
Citizen Journalist

Fazna

No description...

You May Also Like