ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ ഗൗരവമായി ഇടപെടണമെന്ന് ടി. സിദ്ദീഖ് എം. എൽ. എ.

  • Posted on December 03, 2022
  • News
  • By Fazna
  • 38 Views

കൽപ്പറ്റ: 

ഇന്ന്  ലോക ഭിന്നശേഷി ദിനം. 

 ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ ഗൗരവമായി ഇടപെടണമെന്ന് ടി. സിദ്ദീഖ് എം. എൽ. എ. സർക്കാർ സർവീസിലെ ഭിന്നശേഷിക്കാരുടെ സംഘടനയായ ഡിഫറൻ്റ്ലി ഏബ്ൾഡ് എംപ്ലോയീസ് അസോസിയേഷൻ കലക്ട്രേറ്റ് പടിക്കൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ചായിരുന്നു സമരം. കാലം പുരോഗമിച്ചിട്ടും ഭിന്ന ശേഷികാർക്ക് അവകാശങ്ങൾ നിഷേധിക്കപ്പെടുന്നതിൽ പ്രതിഷേധിച്ചാണ് ഡിഫറന്റിലി ഏബിൾഡ് എംപ്ലോയീസ് അസോസിയേഷൻ (ഡി. എ. ഇ. എയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്  കലക്ട്രേറ്റിന് മുന്നിൽ ഏകദിന ഉപവാസം നടത്തിയത്. 

ഡിഫറന്റിലി ഏബിൾഡ് എംപ്ലോയീസ് അസോസിയേഷൻ (ഡി. എ. ഇ. എ) എന്നത് കേരളത്തിലെ ഭിന്നശേഷി ജീവനക്കാരുടെ സ്വതന്ത്ര രജിസ്റ്റേഡ് സംഘടനയാണ്. 2015 ൽ ആരംഭിച്ച ഈ സംഘടനയിൽ 1000 ത്തിന് മുകളിൽ ഭിന്നശേഷി ജീവനക്കാർ ഉണ്ട്. ജീവനക്കാരുടെ അവകാശങ്ങൾ RPWD Act Rights of Persons with Disability Act) 2016 പ്രകാരം ഭിന്നശേഷിക്കാർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് ലോകഭിന്നശേഷി ദിനമായ ഡിസംബർ 3 ന് കേരളത്തിലെ എല്ലാ ജില്ലകളിലും കലക്ടറേറ്റ് പടിക്കൽ ഉപവാസ സമരം നടത്തുന്നത്.

സൂപ്പർ ന്യൂമററി തസ്തിക ഏകീകരണം നടപ്പിലാക്കുക ജോലി സ്ഥിരപ്പെടുത്തിയ സമയത്ത് പുതിയ തസ്തിക സൃഷ്ടിക്കും എന്ന് പറഞ്ഞാണ് ജോലി നൽകുന്നത്. എന്നാൽ പിന്നീട് ഈ തസ്തിക ഇല്ലാതാകുകയും അവരെ പുനക്രമീകരിക്കാനുള്ള സംവിധാനം ചെയ്തിട്ടുമില്ല. സർക്കാർ ജീവനക്കാരന് ലഭിക്കേണ്ട ഗ്രേഡും, വാർഷിക ഇൻക്രിമെന്റും, പ്രമോഷനും ലഭിക്കാത്ത അവസ്ഥ വരുന്നു.

സ്ഥാന കയറ്റത്തിലെ സംവരണം ഗവൺമെന്റ് ഉത്തരവിൽ വ്യക്തത വരുത്തുക. RPWD ആക്ട് പ്രകാരം ഭിന്നശേഷിക്കാരായ ജീവനക്കാർക്ക് സ്ഥാന കയറ്റത്തിൽ 4% സംവരണം അനുവദച്ചുകൊണ്ട് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ ഈ വിധി നടപ്പിലാക്കാൻ ഗവൺമെന്റ് തയാറായിട്ടില്ല. പിന്നീട്  പോലുള്ള സംഘടനയുടെ മുറവിളിയുടെ അടിസ്ഥാനത്തിൽ ഗവൺമെന്റ് ഓർഡർ ഇറക്കുകയും അതിൽ വ്യക്തത വന്നിട്ടില്ല. ഓരോ വകുപ്പും സ്പെഷൽ ഇറക്കണമെന്ന് പറഞ്ഞതിനാൽ അർഹമായ ആനുകൂല്യം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഗസറ്റഡ് തസ്തിക ഉൾപ്പടെ അർഹരായ ഭിന്നശേഷികാർക്ക് ഇത് അനുവദിച്ചു നൽകണം.

സ്ഥലംമാറ്റ ഉത്തരവിൽ പ്രഥമ പരിഗണന നൽകേണ്ടത് ഭിന്നശേഷി ജീവനക്കാർക്കാണ്. ഭിന്നശേഷിക്കാർക്ക് സ്ഥലം മാറ്റത്തിൽ പ്രഥമ പരിഗണന നൽകാത്തതുകൊണ്ട് പലപ്പോഴും ഭിന്നശേഷിക്കാർ ജില്ലക്ക് പുറത്ത് പോയി ജോലി ചെയ്യേണ്ടി വരുന്നുണ്ട്. അവരുടെ ശാരീരിക അവശതകൾ വച്ചു കൊണ്ട് ജോലിയിൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. എന്നാൽ ഇത്തരം ശാരീരിക അവശതകൾ ഇല്ലാത്ത സാധാരണക്കാർ സ്വന്തം ജില്ലയിൽ ജോലി ചെയ്യുന്നുണ്ടെന്ന് ഇവർ പറഞ്ഞു. 

സ്ഥലംമാറ്റ ഉത്തരവിലെ അപാകത പരിഹരിക്കുക,  ആർ. പി. ഡബ്ല്യൂ. ഡി. ആക്റ്റ് പ്രകാരം മാനദണ്ഡങ്ങൾ പാലിക്കുക, ഭിന്നശേഷിക്കാരെ സ്റ്റാറ്റ്യൂട്ടറി പെൻഷനിൽ നിർത്തുക ,ലീവ് സറണ്ടർ സമയബന്ധിതമായി അനുവദിക്കുക. ഭിന്നശേഷി വിഭാഗക്കാർക്ക് മിനിമം സർവീസ് ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു  സമരം.

കലക്ടറുടെ പ്രത്യേക ഉത്തരവിൻ പ്രകാരമോ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നിയമനം വഴിയോ വളരെ വൈകിയാണ് മിക്ക ഭിന്നശേഷിക്കാർക്കും ജോലി ലഭിക്കുന്നത്. മിനിമം സർവീസ് ലഭിക്കാത്തതിനാൽ വികലാംഗ പെൻഷനേക്കാളും കുറഞ്ഞ തുകയാണ് ഇവർക്ക് പെൻഷൻ ആയി ലഭിക്കുന്നത്. അതിനാൽ ജീവിത നിലവാരം മെച്ചപ്പെടുത്താൻ ഇവർക്ക് സാധിക്കുന്നില്ലന്നും ഭാരവാഹികൾ പറഞ്ഞു.

ഡി. എ. ഇ. എ വയനാട് ജില്ലാ പ്രസിഡണ്ട് ഷിജി ഷോണി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം. സുനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. കെ. എൻ റഹ്മത്തുള്ള, ജയപ്രകാശ്,  ജയദാസ്, ജഗദീശൻ,  തുടങ്ങിയവർ പ്രസംഗിച്ചു.


Author
Citizen Journalist

Fazna

No description...

You May Also Like