ഫിലിം റിസ്റ്റോറേഷൻ പഠിക്കാൻ സുവർണാവസരം, അന്താരാഷ്ട്ര ശില്പശാല തിരുവനന്തപുരത്ത്.









തിരുവനന്തപുരം: 


ഒമ്പതാമത് ഫിലിം പ്രിസർവേഷൻ & റിസ്റ്റോറേഷൻ വർക്ക്‌ഷോപ്പ് ഇന്ത്യ 2024 (FPRWI 2024)  നവംബർ 7 മുതൽ 14 വരെ തിരുവനന്തപുരത്ത് നടക്കും. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ (എഫ്എച്ച്എഫ്) ഇൻ്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ആർക്കൈവ്സുമായി (എഫ്ഐഎഎഫ്) സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.


കേരള സർക്കാരിൻ്റെ സാംസ്‌കാരിക വകുപ്പിൻ്റെ കീഴിലുള്ള വൈലോപ്പിള്ളി സംസ്‌കൃതിഭവൻ മൾട്ടി പർപ്പസ് കൾച്ചറൽ കോംപ്ലക്‌സിലാണ് ശിൽപശാല നടക്കുക.


ശില്പശാലയിൽ ശബ്ദ-ദൃശ്യ സംരക്ഷണ (preservation) മേഖലയിൽ പ്രവർത്തിക്കാൻ ആവശ്യമായ വിഷയങ്ങളിൽ ഈ മേഖലയിലെ അന്തരാഷ്ട്ര വിദഗ്ധർ പരിശീലനം നൽകും.


സിനിമ, വീഡിയോ, ഓഡിയോ, ഡിജിറ്റൽ പ്രിസർവേഷൻ, ഫിലിം കൺസർവേഷൻ ആൻഡ് റിസ്റ്റോറേഷൻ, ഡിജിറ്റൈസേഷൻ, ഡിസാസ്റ്റർ റിക്കവറി, കാറ്റലോഗിംഗ്, പേപ്പർ, ഫോട്ടോഗ്രാഫ് കൺസർവേഷൻ, പ്രോഗ്രാമിംഗ് തുടങ്ങിയ വിഷയങ്ങളിൽ പ്രഭാഷണങ്ങളും പരിശീലന സെഷനുകളുമുൾപ്പെടുന്നതാണ് ശില്പശാല. ക്ലാസുകൾക്ക് ശേഷം റീസ്റ്റോർ ചെയ്‌ത ലോകസിനിമകളുടെ പ്രദർശനമുണ്ടായിരിക്കും. ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്, ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, L’Immagine Ritrovata, Bologna, Institute National de l’Audiovisuel, Fondation Jérôme Seydoux – Pathé and Cineteca Portuguesa തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽ നിന്നുള്ള വിദഗ്ധർ ക്‌ളാസ്സുകൾ നയിക്കും.


2015 മുതൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ ശിൽപശാലകളിൽ 400-ലധികം പേർക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്.


തുടക്കക്കാരായ ഫിലിം ആർക്കൈവ് ജീവനക്കാർ, ആർക്കൈവിംഗിനെക്കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്ന ഓഡിയോ-വിഷ്വൽ പ്രൊഫഷണലുകൾ, മീഡിയയും അനുബന്ധ വിഷയങ്ങളും പഠിക്കുന്ന വിദ്യാർത്ഥികൾ, ഓഡിയോ-വിഷ്വൽ ആർക്കൈവിംഗിൽ താൽപ്പര്യമുള്ള വ്യക്തികൾ തുടങ്ങിയവരെയാണ്  ശിൽപശാല ലക്ഷ്യമിടുന്നത്. കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് ഇൻ്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ആർക്കൈവ്സ് നൽകുന്ന സർട്ടിഫിക്കറ്റ് ലഭിക്കും.


ആർക്കൈവിസ്റ്റുകളുടെ ഒരു സൈന്യം ആവശ്യം: കമൽ ഹാസൻ


അതുല്യവും അനിവാര്യവുമാണ്‌ ഈ പരിശീലന സംരംഭമെന്ന് നടനും എഫ്എച്ച്എഫിൻ്റെ ഉപദേശകനുമായ  കമൽഹാസൻ പറഞ്ഞു. "ലോകത്തിന് നമ്മുടെ ചലച്ചിത്ര പൈതൃകത്തിൻ്റെ വലിയൊരു ശേഖരം നഷ്ടപ്പെട്ടു പോയി. നമ്മുടെ സിനിമാ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിനും ഇന്നത്തെയും നാളത്തേയും സിനിമകളെ സംരക്ഷിക്കാനും നമുക്ക് ആർക്കൈവിസ്റ്റുകളുടെ ഒരു സൈന്യം ആവശ്യമാണ്, ”അദ്ദേഹം ഒരു വീഡിയോ സന്ദേശത്തിൽ പറഞ്ഞു.


പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് http://filmheritagefoundation.co.in/film-preservation-restoration-workshop-india-2024/ എന്ന വെബ്‌സൈറ്റിൽ നിന്ന് അപേക്ഷാ ഫോറം ഡൗൺലോഡ് ചെയ്യാം. അപേക്ഷിക്കേണ്ടതിന്റെ വിശദാംശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും.


സാങ്കേതിക കാരണങ്ങളാൽ അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യാൻ കഴിയാത്തവർക്ക് FIAF വെബ്‌സൈറ്റിൽ നിന്നോ fprwi2024@gmail.com എന്ന ഇമെയിൽ വഴിയോ ഫോം നേടാവുന്നതാണ്.


അപേക്ഷാ ഫോം സമർപ്പിക്കുന്നതിനുള്ള അവസാന തീയതി: 2024 സെപ്റ്റംബർ 25 ബുധനാഴ്ച.


കണ്ടതിൽ ശ്രദ്ധേയമായ ചില ചിത്രങ്ങൾ മലയാളത്തിൽ: സ്കോർസെസി


ഫിലിം ഫൗണ്ടേഷൻ്റെ സ്ഥാപകനും ചെയർമാനുമായ പ്രശസ്ത ചലച്ചിത്ര സംവിധായകൻ മാർട്ടിൻ സ്‌കോർസെസി ശില്പശാലക്ക് കേരളം ആതിഥേയത്വം വഹിക്കുന്നതിൽ സന്തോഷം പ്രകടിപ്പിച്ചു. "അടൂർ ഗോപാലകൃഷ്ണൻ്റെയും അരവിന്ദൻ്റെയും സൃഷ്ടികൾ ഉൾപ്പെടുന്ന സിനിമാ പാരമ്പര്യമുള്ള കേരളത്തിൽ നിന്നാണ് ഞാൻ കണ്ട ഏറ്റവും ശ്രദ്ധേയമായ ചില ചിത്രങ്ങൾ  പുറത്തുവന്നത്," അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള സിനിമകളുടെ പുനരുദ്ധാരണത്തിനും സംരക്ഷണത്തിനും പ്രചാരണത്തിനും വേണ്ടി സ്ഥാപിച്ച ഫിലിം ഫൗണ്ടേഷൻ്റെ ഒരു വിഭാഗമായ വേൾഡ് സിനിമാ പ്രോജക്റ്റ് അടുത്തിടെ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ്റെ പങ്കാളിത്തത്തോടെ അരവിന്ദൻ്റെ കുമ്മാട്ടി, തമ്പ് എന്നീ ചിത്രങ്ങൾ റീസ്റ്റോർ ചെയ്തിരുന്നു.


കേരളത്തിൽ ശില്പശാല നടത്തുകയെന്നത് വളരെക്കാലമായുള്ള ആഗ്രഹമായിരുന്നെന്ന് ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ്റെ സ്ഥാപകനും ആർക്കൈവിസ്റ്റുമായ ശിവേന്ദ്ര സിംഗ് ദുംഗർപൂർ പറഞ്ഞു.



“സിനിമയോടു അഗാധമായ സ്നേഹമുള്ള സംസ്ഥാനമാണിത്. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയും കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെൻ്റ് കോർപ്പറേഷനും ഇവിടെയുണ്ട്. പക്ഷേ സങ്കടകരമെന്നു പറയട്ടെ, തങ്ങളുടെ അവിശ്വസനീയമായ ചലച്ചിത്ര പൈതൃകം സംരക്ഷിക്കാൻ ഒരു ഫിലിം ആർക്കൈവ് ഇവിടെയില്ല.  അവഗണനയും സംരക്ഷണ സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള അറിവില്ലായ്മയും കാരണം നിരവധി സിനിമകൾ നഷ്‌ടപ്പെടുകയും മറ്റു പലതും നശിക്കുകയും ചെയ്യുന്നതായി കാണാൻ കഴിഞ്ഞിട്ടുണ്ട്. കേരളത്തിൻ്റെ സമ്പന്നമായ ചലച്ചിത്ര പൈതൃകം സംരക്ഷിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ അത് അപ്രത്യക്ഷമാകുമെന്ന അപകടം പതിയിരിക്കുന്നു. മലയാള ചലച്ചിത്ര പൈതൃകം സംരക്ഷിക്കാൻ കേരളത്തിന് സ്വന്തമായി ഒരു സംസ്ഥാന ഫിലിം ആർക്കൈവ് ഉണ്ടായിരിക്കണം, ശിൽപശാലയിലെ മികച്ച പരിശീലനത്തിലൂടെയും ചലച്ചിത്ര സംരക്ഷണ പ്രവർത്തനങ്ങളിലൂടെയും ഈ പ്രക്രിയയെ ചലിപ്പിക്കാൻ ഞങ്ങൾക്ക് കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു," അദ്ദേഹം പറഞ്ഞു.


ചലച്ചിത്ര സംരക്ഷണം ഭാവിക്കായി: അമിതാഭ് ബച്ചൻ


ഫിലിം പ്രിസർവേഷൻ ആൻഡ് റിസ്റ്റോറേഷൻ ശിൽപശാല  തിരുവനന്തപുരത്ത് നടക്കുന്നത് ഒരു ചലച്ചിത്ര സംരക്ഷണ പ്രസ്ഥാനത്തിന് വിത്ത് പാകലാകുമെന്ന് ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ്റെ അംബാസഡറും  ബോളിവുഡ് ഇതിഹാസവുമായ അമിതാഭ് ബച്ചൻ പറഞ്ഞു. "അവിശ്വസനീയമാംവിധം സമ്പന്നവും കലാപരവുമായ സിനിമാ പാരമ്പര്യം ഉണ്ടായിരുന്നിട്ടും കേരളത്തിന് അവരുടെ അമൂല്യമായ ചലച്ചിത്ര പാരമ്പര്യം സംരക്ഷിക്കാൻ ഒരു ആർക്കൈവ് ഇല്ല. മലയാള സിനിമ ലോകമെമ്പാടും തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ഫിലിം പ്രിസർവേഷൻ എന്നത് ഭവിക്കായുള്ള പ്രവർത്തനമാണെന്ന് ചലച്ചിത്ര പ്രവർത്തകരും സർക്കാരും ഓർക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു."


ഡിജിറ്റൽ ഫിലിമിൻ്റെ ആയുസ്സ് കാലം തീരുമാനിക്കട്ടെ: അടൂർ


പ്രശസ്ത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു: “ഒപ്റ്റിക്കൽ ഫിലിം ഒരു നൂറ്റാണ്ടിലേറെയും അതിനപ്പുറവും നിയന്ത്രിത ഈർപ്പത്തിലും ചൂടിലും അതിജീവിച്ചതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഡിജിറ്റൽ ഫിലിമിൻ്റെ ദീർഘായുസ്സ് ദീർഘകാലത്തെ അനുഭവത്തിലൂടെ പരിശോധിച്ചുറപ്പിച്ചിട്ടില്ല. തങ്ങളുടെ സിനിമകൾക്ക് കൂടുതൽ ആയുസ്സ് ലഭിക്കാൻ ആഗ്രഹിക്കുന്നവർ ആധുനിക സംരക്ഷണ മാർഗ്ഗങ്ങൾ ഉപയോഗിച്ച് അവയെ ശാസ്ത്രീയമായി സെല്ലുലോയിഡിലേക്ക് മാറ്റണം. ഈ ശില്പശാല അത്തരം പ്രവർത്തനങ്ങൾക്ക് പങ്കെടുക്കുന്നവരെ സജ്ജരാക്കും.


കേരള സർക്കാർ, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ, ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ് എന്നിവിടങ്ങളിലെ ഫ്രഞ്ച് അംബാസഡർമാർ, ഇൻസ്റ്റിറ്റ്യൂട്ട് ഫ്രാൻസെയ് ഇന്ത്യ, അഡോബി, ദി ഫിലിം ഫൗണ്ടേഷൻസ് വേൾഡ് സിനിമ പ്രൊജക്റ്റ്, പ്രസാദ് കോർപറേഷൻ, രസ ജയ്പൂർ, കൊഡാക്ക്എ ന്നിവയുടെ പിന്തുണയോടെയാണ് ശില്പശാല സംഘടിപ്പിക്കുന്നത്.




സി.ഡി. സുനീഷ്

Author

Varsha Giri

No description...

You May Also Like