കുട്ടികളെ കാരിയർമാരാക്കുന്നതിനെതിരെ ശക്തമായ നിയമ നടപടി: മന്ത്രി വി. ശിവൻകുട്ടി.

  • Posted on March 22, 2023
  • News
  • By Fazna
  • 103 Views

തിരുവനന്തപുരം : സ്കൂൾ കുട്ടികൾ  ഉൾപ്പെടുന്ന മയക്കുമരുന്നു കേസുകളിൽ നിയമം കൂടുതൽ കർശനമാക്കണമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ജുവനൈൽ നിയമം ദുർബലമാണെന്ന പഴുതു പയോഗിച്ച് കുട്ടികളെ കാരിയർമാരാക്കുന്ന പ്രവണത കൂടി വരുന്നു. ഈ സാഹചര്യത്തിൽ ബോധവത്കരണ ക്യാമ്പെയിനോടൊപ്പം നിയമം കർശനമാക്കാനുള്ള നടപടികൾ കൂടി ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. ലഹരിക്കെതിരെ വിദ്യാലയങ്ങളിൽ തിരുവനന്തപുരം പ്രസ് ക്ലബ്, കിംസ് ഹെൽത്ത്, കേരള ലാ അക്കാഡമി, എക്സൈസ് വകുപ്പ് എന്നിവ സംയുക്തമായി  ആരംഭിക്കുന്ന ക്യാമ്പെയിനിൻ്റെ ഉദ്ഘാടനവും പ്രചാരണ സി ഡി പ്രകാശനവും നിർവഹിക്കുകയായിരുന്നു മന്ത്രി. പ്രസ് ക്ലബ് പ്രസിഡൻ്റ് എം. രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കിംസ് ഹെൽത്ത് ചെയർമാൻ ഡോ.എം.ഐ. സഹദുള്ള മുഖ്യാതിഥിയായി. സൈക്കോളജിസ്റ്റ് അരവിന്ദ് തമ്പി പദ്ധതി വിശദീകരിച്ചു. ലാ അക്കാദമി ഡയറക്ടർ, പ്രൊഫ. കെ. അനിൽകുമാർ, എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ വി. എ. സലിം, കിംസ് സി എസ് ആർ മേധാവി രശ്മി അയിഷ എന്നിവർ സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി കെ.എൻ.സാനു സ്വാഗതവും പ്രോഗ്രാം കോ-ഓർഡിനേറ്റർ പി.ആർ. പ്രവീൺ നന്ദിയും പറഞ്ഞു. അഞ്ചാം ക്ലാസ്  മുതൽ  പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികളിൽ ലഹരി വിരുദ്ധ സന്ദേശം എത്തിക്കുന്നതിനായി വിപുലമായ പദ്ധതിയാണ് പ്രസ് ക്ലബിൻ്റെ നേതൃത്വത്തിൽ നടപ്പാക്കുന്നത്. കുട്ടികളെ ലഹരി കാരിയർമാരാക്കുന്ന പ്രവണത കൂടി വരുന്ന സാഹചര്യത്തിലാണിത്. കുട്ടികൾ ലഹരിക്കേസുകളിൽ പിടിക്കപ്പെട്ടാലുള്ള നിയമപരമായ നടപടികളെക്കുറിച്ചുള്ള ബോധവത്ക്കരണമാണ്  പ്രധാന ലക്ഷ്യം. ഇതിനായി  രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി  ശില്പശാലകളും കലാപരിപാടികളും വീഡിയോ പ്രദർശനവും സംഘടിപ്പിക്കുന്നുണ്ട്. എക്സൈസ് വകുപ്പിന്റെ വിമുക്തി പദ്ധതി വഴി ലഭ്യമായ വിവരങ്ങൾ  അനുസരിച്ച് ലഹരി ഉപയോഗം കൂടുതലായി ഉണ്ട് എന്ന് കണ്ടെത്തിയ കേരളത്തിലെ  10 വിദ്യാലയങ്ങളിലാണ് ഈ കാമ്പയിൻ ആദ്യഘട്ടത്തിൽ  നടപ്പിലാക്കുന്നത്. ബോധവത്ക്കരണത്തിൽ  മാത്രം ഒതുക്കാതെ  തുടർച്ചയായ വിവരശേഖരണത്തിലൂടെയും വിലയിരുത്തലുകളിലൂടെയും പ്രശ്നത്തിന് ശാശ്വത പരിഹാരം കാണലാണ് ലക്ഷ്യമിടുന്നത്.

പ്രത്യേക ലേഖകൻ.


Author
Citizen Journalist

Fazna

No description...

You May Also Like