മന്ത്രിസഭായോഗ തീരുമാനങ്ങള്‍
- Posted on March 03, 2023
- News
- By Goutham Krishna
- 264 Views
സര്‍ക്കാര്‍ ഗ്യാരണ്ടി: കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡിന് 6000 കോടി രൂപയുടെ സര്‍ക്കാര്‍ ഗ്യാരണ്ടി അനുവദിക്കും. 4200 കോടി രൂപ 12.01.23023 വരെ കമ്പനി പുതുതായി എടുത്തതോ പുതുക്കിയതോ ആയ വായ്പകള്‍ക്കും ശേഷിക്കുന്ന 1800 കോടി രൂപ കമ്പനി പുതുതായി ലഭ്യമാക്കുന്നതോ, പുതുക്കുന്നതോ ആയ വായ്പകള്‍ക്കുള്ള ബ്ലാങ്കറ്റ് ഗ്യാരണ്ടിയുമാണ്.
തസ്തിക: നിലമ്പൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ നിലവില്‍ അനുവദിച്ച എട്ട് തസ്തികകള്‍ക്ക് പുറമെ ഒരു ജൂനിയര്‍ സൂപ്രണ്ട് തസ്തികകൂടി സൃഷ്ടിക്കുന്നതിന് ഭരണാനുമതി നല്‍കി.
കരാര്‍ പുതുക്കും: സംസ്ഥാനത്തിന്‍റെ വിവിധ ആവശ്യങ്ങള്‍ക്കായി എടുത്തിരുന്ന ഹെലികോപ്റ്ററിന്റെ സേവന കാലാവധി അവസാനിച്ചതിനെത്തുടർന്ന് മത്സരാധിഷ്ഠിത ലേലത്തിലൂടെ വെറ്റ് ലീസ് വ്യവസ്ഥയില്‍ പുതിയ കമ്പനിയുമായി കരാറിൽ ഏർപ്പെടാൻ തീരുമാനിച്ചു.
പുനര്‍നാമകരണം: കെ ഫോണ്‍ ലിമിറ്റഡിലെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ തസ്തിക ചീഫ് ടെക്നോളജി ഓഫീസര്‍ (സി.റ്റി. ഒ) എന്ന് പുനര്‍നാമകരണം ചെയ്യാന്‍ തീരുമാനിച്ചു.
പുനര്‍നിയമനം: കേരള ലോകായുക്തയിലെ സ്പെഷ്യല്‍ ഗവ.പ്ലീഡറായ പാതിരിപ്പള്ളി എസ്. കൃഷ്ണകുമാരിയുടെ സേവനകാലം അവസാനിക്കുന്ന മുറയ്ക്ക് 29.04.2023 മുതല്‍ മൂന്ന് വര്‍ഷത്തേക്ക് കൂടി പുനര്‍നിയമനം നല്‍കും.