ബിനാലെയിൽ നാടകദിനാഘോഷം: 'ഹിഗ്വിറ്റ' അരങ്ങിലെത്തും
- Posted on March 27, 2023
- News
- By Goutham Krishna
- 122 Views
കൊച്ചി: ബിനാലെയിൽ ഇന്ന് (മാർച്ച് 27) ലോകനാടക ദിനം ആഘോഷിക്കും. ഇതിന്റെ ഭാഗമായി എൻ എസ് മാധവന്റെ പ്രശസ്‌തമായ ചെറുകഥ ഹിഗ്വിറ്റയുടെ പ്രഥമ നാടകാവിഷ്‌കാരം അരങ്ങിലെത്തും. വൈകിട്ട് 7.30നു കഥാകൃത്ത് എൻ എസ് മാധവന്റെ സാന്നിധ്യത്തിൽ ഫോർട്ട്കൊച്ചി കബ്രാൾയാർഡിലാണ് മൂന്നുമണിക്കൂർ നീളുന്ന നാടകത്തിന്റെ ആദ്യ അവതരണം.
മൂന്നു പതിറ്റാണ്ടുമുമ്പ് പ്രസിദ്ധീകൃതമായ ഹിഗ്വിറ്റയ്ക്ക് നാടകരൂപം നൽകുന്നത് പ്രമുഖ സംവിധായകൻ ശശിധരൻ നടുവിലാണ്. 2011ൽ ശശിധരൻ ആരംഭിച്ച റിമംബറൻസ് തിയേറ്റർ ഗ്രൂപ്പിന്റേതാണ് അവതരണം. മലയാളത്തിലെ ഏറ്റവും പ്രമുഖ ചെറുകഥകളിൽ ഒന്നിന് സ്വതന്ത്ര നാടകാവിഷ്‌കാരമൊരുക്കാൻ കഴിയുന്നതിൽ ചാരിതാർഥ്യമുണ്ടെന്ന് ശശിധരൻ നടുവിൽ പറഞ്ഞു.
സ്വന്തം കളത്തിൽ ഒതുങ്ങിക്കൂടാതെ അതിനു പുറത്തുകടന്ന് ചുറ്റും നടമാടുന്ന അനീതികളോട് പ്രതികരിക്കേണ്ടതിന്റെ അനിവാര്യതയിലേക്ക് വിരൽ ചൂണ്ടുന്നതാണ് നാടകം. കബ്രാൾയാർഡിലെ മൈതാനം മുഴുവനും നാടകവേദിയാകും. ഗോൾ പോസ്റ്റും വലയുമെല്ലാം രംഗത്തുണ്ടാകും. ടിക്കറ്റുകൾ https://in.bookmyshow.com/events/kochi-muziris-biennale-2022-23/ET00346370 എന്ന ലിങ്കിൽ ബുക്ക് മൈ ഷോ ആപ്പിലും ലഭിക്കും.
ഈ മാസം 31നു എൻ എൻ പിള്ളയുടെ നാടകം 'ശുദ്ധമദ്ദള'ത്തിന്റെ സ്വതന്ത്ര രംഗാവിഷ്‌കാരം കബ്രാൾയാർഡ് പവലിയനിൽ അരങ്ങേറും. വൈകിട്ട് ഏഴിനാണ് അവതരണം. കാലത്തിനനുസരിച്ച് അർത്ഥപൂർണ മാറ്റങ്ങളോടെ പുതിയ സംവേദനതലങ്ങൾ കണ്ടെത്തുന്ന സർഗരചനയായ ശുദ്ധമദ്ദളത്തിന് പി ജെ ഉണ്ണികൃഷ്ണനാണ് സ്വതന്ത്ര ആവിഷ്‌കാരമൊരുക്കുന്നത്. വേർപാടിന്റെ വേദനയും കൂടിച്ചേരലിന്റെ ആനന്ദവും എത്രകണ്ട് അർത്ഥവത്താണെന്ന് ശുദ്ധമദ്ദളം തെളിയിക്കുന്നു. നടൻമാരായ അമൽ രാജീവും രാജേഷ് ശർമയും രംഗത്തെത്തും.
ഏപ്രിൽ രണ്ടിന് വിഖ്യാത ചെക്ക് നാടകകൃത്ത് വക്ലാവ് ഹാവലിന്റെ 'ഓഡിയൻസ്' എന്ന സാമൂഹ്യ, രാഷ്ട്രീയ ആക്ഷേപഹാസ്യ നാടകത്തിന്റെ മലയാളം രൂപമായ 'ആവിഷ്‌കാരം' അവതരിപ്പിക്കും. വൈകിട്ട് 6.30 നും 8.30നുമായി രണ്ട് അവതരണങ്ങൾ ഉണ്ടാകും. അം നാടക കൂട്ടായ്‌മയാണ് രംഗത്തെത്തിക്കുന്നത്.
സ്വന്തം ലേഖകൻ