കാർഷിക മേഖല കൈവരിച്ചത് ശ്രദ്ധേയമായ വളർച്ച: മുഖ്യമന്ത്രി

  • Posted on February 25, 2023
  • News
  • By Fazna
  • 180 Views

തിരുവനന്തപുരം: തുടർച്ചയായ വർഷങ്ങളിൽ പ്രതിസന്ധികൾ നേരിട്ടെങ്കിലും സംസ്ഥാനത്തെ കാർഷിക മേഖലയ്ക്ക് കൈവരിക്കാനായത് ശ്രദ്ധേയമായ വളർച്ചയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. 2018ലെ പ്രളയവും 2019ലെ കാലാവസ്ഥാ ദുരന്തങ്ങളും തുടർന്നുണ്ടായ കോവിഡ് പ്രതിസന്ധികൾക്കും ശേഷം പുനരുജ്ജീവിച്ച കാർഷിക മേഖലക്ക്‌ 2021- 22 കാലഘട്ടത്തിൽ 4.64% വളർച്ച കൈവരിക്കുവാനായത് ഈ മേഖലയിൽ സർക്കാർ നൽകിയ ക്രിയാത്മകമായ ഇടപെടലുകൾ കാരണമാണ്. കാർഷികോല്പന്ന സംസ്കരണവും മൂല്യവർദ്ധനവും അടിസ്ഥാനമാക്കി കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന വൈഗ കാർഷിക പ്രദർശനത്തിന്റെയും ശില്പശാലയുടെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കൃഷിവകുപ്പ് മന്ത്രി പി പ്രസാദിന്റെ അധ്യക്ഷതയിൽ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ആയിരുന്നു വൈഗയുടെ ഉദ്ഘാടന ചടങ്ങുകൾ നടന്നത്.

കർഷകർക്ക് മികച്ച വരുമാനം ഉറപ്പുവരുത്തുന്നതിനും കാർഷിക മേഖലയിലേക്ക് പുതു സംരംഭകരെ ആകർഷിക്കുന്നതിനും ലക്ഷ്യമിട്ടു നടത്തുന്ന ശ്രദ്ധേയമായ പ്രദർശന വിപണനമേളയാണ് വൈഗയെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ആധുനിക സാങ്കേതിക മുന്നേറ്റങ്ങൾ അടുത്തറിയുന്നതിന് കർഷക വിദഗ്ധരുമായി സംവദിക്കുന്നതിനുമുള്ള വേദി കൂടിയാണ് വൈഗ. കാർഷിക സംരംഭകർക്കാവശ്യമായ ഡിപിആർ തയ്യാറാക്കുന്നതിലും വൈഗ സഹായകരമാകുമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. മൂല്യ വർധിത ഉൽപ്പന്നങ്ങൾക്കു വിപണിയിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.

കാർഷിക മേഖലയുടെ പുരോഗതിക്ക് സർക്കാരും മുന്തിയ പരിഗണനയാണ് നൽകുന്നത്. കാർഷിക മേഖലയിൽ പ്രതിസന്ധി ഉണ്ടായപ്പോൾ അതിന്റെ പുനരുജ്ജീവനത്തിനു പ്രാധാന്യം നൽകികൊണ്ടുള്ള പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ സ്വീകരിക്കുകയുണ്ടായി. കോവിഡ് പ്രതിസന്ധി മൂലം ഭക്ഷ്യ സുരക്ഷയ്ക്ക് തന്നെ വെല്ലുവിളി ഉണ്ടായേക്കുമെന്ന ഘട്ടത്തിലാണ് സുഭിക്ഷ കേരളം പദ്ധതി ആരംഭിച്ചത്. ഇതിലൂടെ 35,000 ഏക്കറിൽ അധികം തരിശുനിലങ്ങൾ കൃഷിയോഗ്യമാക്കുവാൻ സാധിച്ചു. അതിന്റെ തുടർച്ചയായി സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങളെയും കൃഷിയിലേക്ക് കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കിയതാണ് ഞങ്ങളും കൃഷിയിലേക്ക് പദ്ധതി. ഇതിനകം തന്നെ 26000ത്തോളം കൃഷികൂട്ടങ്ങൾ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി രൂപീകരിക്കുവാൻ കഴിഞ്ഞു. 8628 ഹെക്ടർ നെൽകൃഷി അധികമായി ചെയ്യുവാൻ കഴിഞ്ഞിട്ടുണ്ട്. പച്ചക്കറി കൃഷിയുടെ കാര്യത്തിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടാക്കുവാനായത്. 2016ൽ 7.25 ലക്ഷം മെട്രി ടൺ ആയിരുന്നു ഉത്പാദനമെങ്കിൽ 2022ൽ അത് 16 ലക്ഷം മെട്രിക് ടണ്ണിലേക്കും വിസ്തൃതി അരലക്ഷം ഹെക്ടറിൽ നിന്നും 1.10 ലക്ഷം ഹെക്ടറിലേക്കും എത്തിക്കുവാനായി. 16 ഇനം പഴം- പച്ചക്കറികൾക്ക് അടിസ്ഥാനവില പ്രഖ്യാപിക്കുവാനും, 27 ഇനം വിളകളെ കാർഷിക വിള ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തുവാനും കഴിഞ്ഞു. നെൽകൃഷി നടത്തുന്ന ഭൂവുടമകൾക്കുള്ള റോയൽറ്റി 2000 രൂപയിൽ നിന്നും 3000 രൂപയായി ഉയർത്തുവാനും കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. കാർഷിക മുന്നേറ്റത്തിന് മൂന്നുതരം പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നത്. ശാസ്ത്രീയ കൃഷിയിലൂടെ ഉൽപാദനക്ഷമത വർദ്ധിപ്പിക്കുക, ഉൽപന്ന ശേഖരണവും വിപണനവും മെച്ചപ്പെടുത്തി കർഷകർക്ക് മികച്ച വരുമാനവും സ്ഥിര വിപണിയും ഉറപ്പുവരുത്തുക, കാർഷികോല്പന്നങ്ങളെ വ്യാവസായിക മൂല്യവർദ്ധനവിനുള്ള നിക്ഷേപങ്ങളുമായി ബന്ധിപ്പിക്കുക എന്നിവയാണവ. സംസ്ഥാനത്തുടനീളം വിവിധ പ്രദേശങ്ങളിൽ അഗ്രോ പാർക്കുകൾ സ്ഥാപിക്കുന്നതിനും പദ്ധതിയുണ്ട്. പാലക്കാട്, തൃശ്ശൂർ, ആലപ്പുഴ ജില്ലകളിൽ റൈസ് പാർക്കും, കുറ്റിയാടിയിൽ നാളികേര പാർക്കും, വയനാട് കോഫി പാർക്കും സ്ഥാപിക്കും. കാർബൺ ന്യൂട്രൽ മലബാർ കോഫി എന്ന ബ്രാൻഡിൽ കാപ്പി പുറത്തിറക്കുകയാണ് ലക്ഷ്യം. ഉൽപാദനത്തിനും, മൂല്യ വർദ്ധനവിനും, വിപണനത്തിനും തുല്യ പ്രാധാന്യം നൽകിക്കൊണ്ട് കാർഷിക മേഖലയിൽ മുന്നേറ്റം ഉണ്ടാക്കുവാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ഇതിനായി വൈഗയോട് അനുബന്ധിച്ചുള്ള ഡിപിആർ ക്ലിനിക്ക്, ബിസിനസ് മീറ്റ്, സെമിനാറുകൾ, അഗ്രി ഹാക്കത്തോൺ എന്നിവ സഹായകരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

11 വകുപ്പുകളുടെ പിന്തുണയോടെ മൂല്യവർദ്ധന കൃഷി മിഷൻ എന്ന ഒരു വലിയ പദ്ധതി സംസ്ഥാനത്ത് ലോകബാങ്ക് സഹായത്തോടെ ഉടനെ തന്നെ നടപ്പാക്കുമെന്നും, മൂല്യവർധിത കാർഷികോല്പന്നങ്ങളെ വിപണനം നടത്തുന്നതിനായി കർഷകരുടെ കൂടെ പങ്കാളിത്തമുള്ള കാബ്‌കോ മൂന്നാം നൂറുദിന പദ്ധതികളുടെ ഭാഗമായി യാഥാർത്യമാക്കുമെന്നും അധ്യക്ഷപ്രസംഗത്തിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. മൂല്യവർധിത കാർഷികോല്പന്നങ്ങൾക്ക് ആകർഷകമായ പാക്കിങ് ചെയ്യുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ്ങുമായി ധാരണാപത്രം വൈഗയുടെ വേദിയിൽ ഒപ്പു വക്കുമെന്നും മന്ത്രി പറഞ്ഞു. വൈഗയുടെ ഭാഗമായി 50 സംരംഭങ്ങൾ ആരംഭിക്കുന്നതിനു ഡിപിആർ ക്ലിനിക്ക് വഴി വിശദമായ പദ്ധതിരേഖകൾ നൽകുമെന്നും, ബിസിനസ്സ്(B2B) മീറ്റ്, അഗ്രി ഹാക്കത്തോൺ എന്നിവ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

പത്മശ്രീ ചെറുവയൽ രാമൻ, നബാർഡ് ചെയർമാൻ കെ വി ഷാജി എന്നിവരെ വേദിയിൽ ആദരിച്ചു. കൃഷിവകുപ്പിന്റെ മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഓൺലൈനിൽ ലഭ്യമാക്കുന്ന ബ്രാൻഡായ 'കേരൾ അഗ്രോ' യുടെ ലോഗോ പ്രകാശനം കൃഷി മന്ത്രി പി പ്രസാദ് നബാർഡ് ചെയർമാൻ കെ വി ഷാജിക്ക് നൽകി പ്രകാശനം ചെയ്തു. സിക്കിം കൃഷി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ലോക് നാഥ് ശർമ്മ, അരുണാചൽ പ്രദേശ് കൃഷി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ടഗേ ടകി, ഹിമാചൽ പ്രദേശ് കൃഷി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചന്ദേർകുമാർ, ചീഫ് സെക്രെട്ടറി വി പി ജോയി, പത്മശ്രീ ചെറുവയൽ രാമൻ, നബാർഡ് ചെയർമാൻ കെ വി ഷാജി, അപേഡേ ജനറൽ മാനേജർ ആർ രവീന്ദ്ര എന്നിവർ സംസാരിച്ചു. കാർഷികോത്പാദന കമ്മീഷണർ ബി അശോക് ഐ എ എസ് സ്വാഗതവും കൃഷി ഡയറക്ടർ അഞ്ജു കെ എസ് ഐ എ എസ് നന്ദിയും പറഞ്ഞു.


പ്രത്യേക ലേഖകൻ




Author
Citizen Journalist

Fazna

No description...

You May Also Like