സംസ്ഥാന ന്യൂനപക്ഷ വിദ്യാർത്ഥി സ്‌കോളർഷിപ്പുകൾ ക്കുള്ള അപേക്ഷകൾ ക്ഷണിച്ചു

  • Posted on February 14, 2023
  • News
  • By Fazna
  • 145 Views

തിരുവനന്തപുരം : രാജ്യത്തെ പ്രഖ്യാപിത ന്യൂനപക്ഷങ്ങൾ ആയ മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈനർ, പാഴ്‌സി എന്നീ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാർ അനുവദിക്കുന്ന വിവിധ സ്‌കോളർഷിപ്പുകൾക്ക് ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ് അപേക്ഷകൾ ക്ഷണിച്ചു. ബിപിഎൽ വിഭാഗക്കാർക്ക് പ്രഥമ പരിഗണന ലഭിക്കും. ബി പി എൽ വിഭാഗക്കാരുടെ അഭാവത്തിൽ എ പി എൽ വിഭാഗക്കാരിൽ എട്ടു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവരെയും പരിഗണിക്കും.

സി എച്ച് മുഹമ്മദ് കോയ സ്‌കോളർഷിപ്പ്:- ബിരുദം, ബിരുദാന്തരബിരുദം, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർത്ഥിനികൾക്ക് സി എച്ച് മുഹമ്മദ് കോയ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. ഹോസ്റ്റൽ സ്റ്റെപ്പന്റ് / പ്രതിവർഷ സ്‌കോളർഷിപ്പ് ഇവയിൽ ഒന്നിന് അപേക്ഷിക്കാവുന്നതാണ്. ബിരുദം - 5000 രൂപ, ബിരുദാനന്തര ബിരുദം - 6000 രൂപ, പ്രൊഫഷണൽ കോഴ്‌സുകൾ - 7000 രൂപ, ഹോസ്റ്റൽ സ്‌റ്റൈപ്പന്റ് - 13000 രൂപ എന്നിങ്ങനെയാണ് സ്‌കോളർഷിപ്പ് തുക.

സി എ/സി എം എ/സിഎസ് സ്‌കോളർഷിപ്പ്:- സി എ /സി എം എ / സി എസ് കോഴ്‌സുകളിൽ ഫൈനൽ, ഇന്റർ മീഡിയറ്റ് യോഗ്യത നേടുന്നതിനായി പരിശീലന കോഴ്‌സുകളിൽ പങ്കെടുക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. പ്രതിവർഷം 15000 രൂപ സ്‌കോളർഷിപ്പ് തുകയായി ലഭിക്കും.

മദർ തെരേസ സ്‌കോളർഷിപ്പ്:- കേരളത്തിലെ ഗവൺമെന്റ് നേഴ്‌സിംങ് കോളേജുകളിൽ നേഴ്‌സിംങ് ഡിപ്ലോമ, പാരാ മെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയിൽ 45% ൽ കുറയാത്ത മാർക്ക് നേടിയവരായിരിക്കണം. ഇതിൽ 50% സ്‌കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു. 15000 രൂപയാണ് പ്രതിവർഷ സ്‌കോളർഷിപ്പ് തുക.

പ്രൊഫ.ജോസഫ് മുണ്ടശ്ശേരി  സ്‌കോളർഷിപ്പ്:- എസ്.എസ്.എൽ.സി/പ്ലസ് ടു/ വി.എച്ച്.എസ്.ഇ പരീക്ഷകൾക്ക് എല്ലാ വിഷയങ്ങൾക്കും എ+ ഗ്രേഡ് നേടിയവർക്കും, ബിരുദത്തിന് 80% മാർക്ക്, ബിരുദാനന്തര ബിരുദത്തിന് 75% മാർക്ക് നേടി വിജയിച്ചവർക്കും അപേക്ഷിക്കാം.എസ്.എസ്.എൽ.സി/ പ്ലസ് ടു വി.എച്ച്.എസ്.ഇ വിഭാഗത്തിന് 10,000 രൂപയും ബിരുദത്തിന് 80% മാർക്ക്, ബിരുദാനന്തര ബിരുദത്തിന് 75% മാർക്ക് നേടി വിജയിച്ചവർക്ക് 15000/- രൂപയും സ്‌കോളർഷിപ്പ് തുകയായി ലഭിക്കും.

സിവിൽ സർവീസ് സ്‌കീം:- സിവിൽ സർവ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളിലെ ഉദ്യോഗാർത്ഥികൾക്ക് കോഴ്‌സ് ഫീ/ഹോസ്റ്റൽ ഫീസ് റീ -ഇംബേഴ്‌സ്‌മെന്റ് നൽകുന്ന സ്‌കോളർഷിപ്പ് പദ്ധതിയാണിത്.  കോഴ്‌സ് ഫീ ഇനത്തിൽ പ്രതിവർഷം 20000 രൂപയും, ഹോസ്റ്റൽ ഫീ ഇനത്തിൽ 10000/- രൂപയും സ്‌കോളർഷിപ്പ് തുകയായി ലഭിക്കും.

ഇബ്രാഹിം സുലൈമാൻ സേട്ട് ഉർദു സ്‌കോളർഷിപ്പ്:- ഉറുദു ഒന്നാം ഭാഷയായി പഠിച്ച, എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കും, ഉറുദു രണ്ടാം ഭാഷയായി പഠിച്ച ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം പ്രതിവർഷം 1000/- രൂപ സ്‌കോളർഷിപ്പ് തുകയായി ലഭിക്കും.

എപിജെ അബ്ദുൽ കലാം സ്‌കോളർഷിപ്പ്:- സർക്കാർ/എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ ത്രിവത്സര ഡിപ്ലോമ കോഴ്‌സിന് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. 30% സ്‌കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു. പ്രതിവർഷം 6000 സ്‌കോളർഷിപ്പ് തുകയായി ലഭിക്കും.

സ്വകാര്യ ഐടിഐകളിൽ വിവിധ കോഴ്‌സുകൾക്ക് പഠിക്കുന്നവർക്കുള്ള ഫീ റീ ഇംപേഴ്‌സ്‌മെന്റ്  സ്‌കീം പ്രൈവറ്റ് ഐ.റ്റി.ഐ കളിൽ ഒരു വർഷം/ രണ്ടു വർഷം കോഴ്‌സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഇതിൽ 10% സ്‌കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു. ഒരു വർഷ കോഴിസിന് 10,000 രൂപയും  രണ്ട് വർഷ കോഴ്‌സിന് 20000 രൂപയും എന്ന തോതിൽ ഫീസ് റീ - ഇംപേഴ്‌സ്‌മെന്റ് ആയാണ് സ്‌കോളർഷിപ്പ് നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് www.minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. www.minoritywelfare.kerala.gov.in  എന്ന വെബ്‌സൈറ്റിലെ സ്‌കോളർഷിപ്പ് ലിങ്കിലുടെ സ്‌കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമവകുപ്പ്,  നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിലും ജില്ലാ കളക്ടറേറ്റുകളിലെ ന്യൂനപക്ഷ സെല്ലുകളുമായും ബന്ധപ്പെടാവുന്നതാണ്.

Author
Citizen Journalist

Fazna

No description...

You May Also Like