ഒറ്റക്കാണെന്ന് സങ്കടം വേണ്ട, കൂട്ടൊരുങ്ങുന്നു നികുഞ്ജഠ കൂട്ടായ്മയിലൂടെ .
- Posted on June 23, 2025
- News
- By Goutham prakash
- 965 Views

സി.ഡി. സുനീഷ്.
ഒറ്റപ്പെടുന്നവരുടെ വേദന പറഞ്ഞറിയിക്കാൻ ഏറെ പ്രയാസമാണ്.
കേരളം വൈകാതെ ഒറ്റപ്പെട്ട് കഴിയുന്ന വൃദ്ധ ജനങ്ങളുടെ ആവാസ ഭൂമിയായി കൊണ്ടിരിക്കുന്ന കാലത്താണ്, ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ,,
നികുഞ്ജഠ റെസിഡൻഷ്യൽ സൊസൈറ്റിയുടെ ശ്രദ്ധേയമായൊരു സ്നേഹ തണൽ ഒരുങ്ങുന്നത്.
നല്ല ഭക്ഷണം, നല്ല ആരോഗ്യം, നല്ല ജീവിതം എന്നീ നന്മകൾക്കിടമായി ഒരു കമ്യൂൺ ഒരുങ്ങുന്നത്.
20 കുടുംബങ്ങളുടെ കൂട്ടായ്മയാണ് ലക്ഷ്യം.
അതിർ വരമ്പുകളില്ലാതെ ഒറ്റ കുടുംബമായി ജീവിതം ഒരുക്കുക എന്നതാണ് ലക്ഷ്യം വെക്കുന്നത്.
പ്രാരംഭ ഘട്ടമാണെങ്കിലും ഈ സന്ദേശം അറിഞ്ഞവർ അനേകർ എത്തുന്നുണ്ട്.
പദ്ധതിയുടെ ഭാഗഭാക്കാകാൻ ചില ചട്ടങ്ങൾ ഒക്കെയുണ്ട്.
തൊടുപുഴക്കടുത്തുള്ള കോടികുളം ഗ്രാമത്തിലാണീ പദ്ധതി വിഭാവനം ചെയ്യുന്നതെന്ന് പദ്ധതിയുടെ മുഖ്യ അമരക്കാരനും ആർക്കിടെക്കുമായ സതീഷ് കൈമൾ,, എൻ മലയാളത്തോട്,,പറഞ്ഞു.
20 കുടുംബങ്ങളായാൽ നികുഞ്ജഠ
റെസിഡൻഷ്യൽ സൊസൈറ്റിയായി പ്രവർത്തിക്കും.
മക്കൾ വിദേശത്തായി ഒറ്റപ്പെട്ട പോയി അശരണരായ മാതാ പിതാക്കൾക്കായാണീ കൂട്ടായ്മ.
രണ്ടരയേക്കർ സ്ഥലത്താണ് 20 വീടുകളൊരുങ്ങുക. ഓരോ വീടിനും പരമാവധി 6 സെന്റ് സ്ഥലം. വയലിനോട് ചേർന്നൊരു കൊച്ചു പറുദീസ.
വീട് ഓരോ കുടുംബത്തിനും അവരുടെ ഇഷ്ടത്തിന് പണിയാം, പക്ഷേ ആഡംബരം പാടില്ല. ഒരു കൊച്ചു സാധാരണ വീട്.
ആശുപത്രിയും അടിസ്ഥാന സൗകര്യങ്ങളും അടുത്തുള്ള സ്ഥലമാണീ ഭൂമി.
ജാതിയും മതവും വീടിൻ്റെ അകത്തളങ്ങളിൽ മാത്രം പുറത്ത് എല്ലാം ഒരേ മനുഷ്യർ എന്ന ചിന്ത മാത്രം.വിശേഷങ്ങൾ എല്ലാം ഒരുമിച്ചാഘോഷിക്കും, എല്ലാ വീടുകളിലും ടെറസ്സിലും ജൈവ പച്ചക്കറി കൃഷി സൗകര്യം, ഡോക്ടർമാരുടേം, ആരോഗ്യ പ്രവർത്തകരുടേയും സേവനം ലഭ്യമാണ്. അലോപ്പതി, ആയുർവേദം, ഹോമിയോ, ഡോക്ടർമാരുടെ സേവനം ലഭിക്കും. ഈ ചിങ്ങമാസത്തിൽ വാസമൊരുങ്ങണമെന്നാശയെന്ന് സതീഷ് കൈമൾ പറഞ്ഞു.
നികുഞ്ജത്തിൽ താമസിക്കുന്നവരുടെ മക്കളുടെ വിവാഹം അവിടെ വച്ച് വളരെ ലളിതമായും, ആർഭാടങ്ങൾ പൂർണ്ണമായും ഒഴിവാക്കി നടത്തുവാൻ പദ്ധതിയുണ്ട്.
യോഗയും സിനിമയും വിനോദയാത്രയും ഉണ്ടാകും. വയസ്സായെന്ന് കരുതി വീടകത്തിൽ തളക്കേണ്ടതല്ല ജീവിതം, കൃത്യമായ ചിട്ടകളോടെയാണീ ഈ കൂട്ടായ്മക്കാർ വസിക്കുക.
രാവിലെ അഞ്ചു മണിക്ക് യോഗ, ധ്യാനം തുടർന്ന് എല്ലാവരുമൊന്നിച്ച് ചായ, വീട്ടിൽ പോയി പ്രാഥമീക കാര്യങ്ങൾ കഴിഞ്ഞെത്തിയാൽ പൊതു അടുക്കളയിൽ ഒരുമിച്ച് ഭക്ഷണം, പൊതു അടുക്കള വേണ്ടാത്തവർക്ക് വീട്ടിൽ ഭക്ഷണമാകാം,
ജോലി തിരക്കൊഴിഞ്ഞാൽ എല്ലാവരും ഒത്തു ചേരും,
കമ്യൂണിറ്റി തിയറ്ററും പ്ലാനിലുണ്ട്, വിനോദത്തിനൊപ്പം വിജ്ഞാന പ്രദമായ ക്ലാസ്സുകളും ഉണ്ടാകും.
വിനോദ യാത്ര മാസത്തിലൊന്ന് കേരളത്തിലാണെങ്കിൽ വർഷത്തിലൊരിക്കൽ വിദേശത്തായിരിക്കും യാത്ര.
വയസ്സായവർ ഒറ്റക്കല്ല, കൂടെയുണ്ട് കരുതലും സ്നേഹവും ആനന്ദവുമായെന്നാണ്, നികുഞ്ജഠ കൂട്ടായ്മ നൽകുന്ന സന്ദേശം, ചിങ്ങ മാസത്തിൽ ഈ സ്നേഹ വസന്തം വിരിയും.