കാഴ്ച പരിമിതരുടെ ക്രിക്കറ്റ് : ആദ്യ ഇന്ത്യന്‍ വനിതാ ടീമില്‍ മലയാളിയായ സാന്ദ്ര

  • Posted on April 12, 2023
  • News
  • By Fazna
  • 89 Views

കൊച്ചി:  കാഴ്ച പരിമിതരുടെ ആദ്യ വനിതാ ക്രിക്കറ്റ് ഇന്ത്യന്‍ ടീമില്‍ മലയാളിയായ സാന്ദ്രാ ഡേവിസ് ഇടം പിടിച്ചു. തൃശൂര്‍ സ്വദേശിയായ സാന്ദ്ര ഡേവിസ് കെ ആണ് 17 അംഗ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഭോപ്പാലില്‍ നടന്ന സെലക്ഷന്‍ ട്രയല്‍സിലെ പ്രകടനമാണ് സാന്ദ്രക്ക് ദേശീയ ടീമിലേക്കുള്ള വഴി തുറന്നത്. പൂക്കോട് സ്വദേശിയായ സാന്ദ്ര നിലവില്‍ ഒറ്റപ്പാലം എന്‍എസ്എസ് കോളേജില്‍ ബിഎഡ് വിദ്യാര്‍ത്ഥിയാണ്.

സാധ്യതാ പട്ടികയില്‍ രണ്ട് മലയാളി താരങ്ങളാണുണ്ടായിരുന്നതെങ്കിലും സാന്ദ്രയാണ് 17 അംഗ ടീമില്‍ ഇടം പിടിച്ചത്. 38 അംഗ സാധ്യതാ പട്ടികയില്‍ നിന്നുമാണ് 17 അംഗ ടീമിനെ തെരഞ്ഞെടുത്തത്. ഇതാദ്യമായാണ് കാഴ്ച പരിമിതരുടെ വനിതാ ഇന്ത്യന്‍ ക്രിക്കറ്റ് ടീം രൂപീകരിക്കുന്നത്.

മധ്യപ്രദേശുകാരിയായ സുഷമ പാട്ടേല്‍ ആണ് ടീം ക്യാപ്റ്റന്‍. കര്‍ണാടകയില്‍ നിന്നുള്ള നീലപ്പ ഹരിജന്‍ ആണ് വൈസ് ക്യാപ്റ്റന്‍. ഹര്‍മന്‍ പ്രീത് കൗറാണ് ഈ വര്‍ഷത്തെ വനിതാ ക്രിക്കറ്റ് ടീമിന്റെ ബ്രാന്‍ഡ് അംബാസിഡര്‍. ഏപ്രില്‍ 25 മുതല്‍ 30 വരെ കാട്മണ്ഠുവില്‍ നടക്കുന്ന നേപ്പാളിനെതിരെയുള്ള പരമ്പരയിലാണ് കാഴ്ചപരിമിതരുടെ വനിതാ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അരങ്ങേറുന്നത്. ഇതിന്റെ മുന്നോടിയായി ഏപ്രില്‍ 17 മുതല്‍ 22 വരെ  ഗുരുഗ്രാമിലെ ശാരദാ സ്‌പോര്‍ട്‌സ് ക്യൂബ് ഫൗണ്ടേഷനില്‍ ടീം പരിശീലനം നടത്തും.

ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിന് മികച്ച പ്രകടനം നടത്തിയ സാന്ദ്ര ഇന്ത്യന്‍ ടീമില്‍ ഇടം നേടിയത് സംസ്ഥാനത്തെ കാഴ്ചപരിമിതരുടെ ക്രിക്കറ്റിന് ഏറെ ഊര്‍ജ്ജം പകരുന്നതിനൊപ്പം കാഴ്ചപരിമിതരായ പെണ്‍കുട്ടികള്‍ക്ക് പ്രചോദനമാകുന്നതാണെന്ന് ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ബ്ലൈന്‍ഡ് ഇന്‍ കേരള ജനറല്‍ സെക്രട്ടറി രജനീഷ് ഹെന്‍ട്രി അറിയിച്ചു.


സ്വന്തം ലേഖകൻ


Author
Citizen Journalist

Fazna

No description...

You May Also Like