പാലുല്‍പാദനത്തിലെ സ്വയംപര്യാപ്തതയിലേക്ക് മിൽമ ചുവട് വെക്കുന്നു

ലോക ക്ഷീരദിനത്തോടനുബന്ധിച്ച് എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്

ക്ഷീരോത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനായി സര്‍ക്കാരിന്‍റെ വിവിധ പദ്ധതികളുടെ സഹായത്തോടെ തന്ത്രങ്ങള്‍ നടപ്പാക്കി വരികയാണെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു. ലോക ക്ഷീരദിനത്തോടനുബന്ധിച്ച് എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ക്ഷീരോത്പാദനം കൂട്ടുന്നതിനൊപ്പം കന്നുകാലികളുടെ പരിപാലന ചെലവ് കുറയ്ക്കാനുള്ള മാര്‍ഗങ്ങളും ആവിഷ്കരിച്ച് വരുന്നുണ്ട്.

ക്ഷീരോത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുകയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഈ പ്രക്രിയയില്‍ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. സംസ്ഥാനത്തെ പ്രധാന പാല്‍ ഉല്‍പാദക സഹകരണസംഘമെന്ന നിലയില്‍ ഈ ഉദ്യമങ്ങളില്‍ മില്‍മയുടെ സജീവപങ്കാളിത്തമാണുള്ളത്. ഭാവിയെ മുന്നില്‍ക്കണ്ട് കൂടുതല്‍ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കേണ്ടതാണെന്നും കെ എസ് മണി പറഞ്ഞു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ക്ഷീരമേഖലയില്‍ ഗണ്യമായ വളര്‍ച്ചയാണ് മില്‍മ കൈവരിച്ചിട്ടുള്ളത്. 2023-24 ല്‍ 4,311 കോടി രൂപയാണ് മില്‍മയുടെ മൊത്ത വരുമാനം. കൊവിഡ് പ്രതിസന്ധി തരണം ചെയ്താണ് ഈ നേട്ടം.

ഉത്പാദനത്തിന്‍റെയും വില്‍പനയുടെയും ഇടയിലുള്ള അന്തരം കുറയ്ക്കുകയെന്നത് മില്‍മയുടെ മുന്‍ഗണനയിലുണ്ട്. ഏപ്രില്‍ മാസത്തില്‍ മില്‍മയുടെ പ്രതിദിന സംഭരണം 10.31 ലക്ഷം ലിറ്ററായിരുന്നു. മേയ് മാസത്തില്‍ ഇത് 11.96 ലിറ്ററായിട്ടുണ്ട്. ഈ കാലയളവിലെ വില്‍പന 17.56 ലക്ഷം ലിറ്ററാണ്.

ഇന്ന് ലോകത്ത് ഏറ്റവും വലിയ ക്ഷീരോത്പാദകര്‍ ഇന്ത്യയാണെന്നുള്ളത് അഭിമാനിക്കാവുന്ന വസ്തുതയാണ്. ആഗോള പാലുല്‍പ്പാദനത്തിന്‍റെ 24.64 ശതമാനമാണ് ഈ മേഖലയില്‍ ഇന്ത്യയുടെ സംഭാവനയെന്നും ചെയര്‍മാന്‍ പറഞ്ഞു.

ത്രിഭുവന്‍ദാസ് പട്ടേലും ധവളവിപ്ലവത്തിന്‍റെ പിതാവെന്നറിയപ്പെടുന്ന മലയാളി ഡോ. വര്‍ഗീസ് കുര്യനും ചേര്‍ന്നുണ്ടാക്കിയ സഹകരണ പ്രസ്ഥാനത്തിലൂടെ നടത്തിയ പ്രവര്‍ത്തനത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. ക്ഷീരമേഖലയില്‍ രാജ്യം കൈവരിച്ചിട്ടുള്ള നേട്ടത്തിലൂടെ വിശേഷിച്ച് ഗ്രാമപ്രദേശങ്ങളിലെ സാമൂഹിക-സാമ്പത്തിക അവസ്ഥ വലിയ തോതില്‍ മെച്ചപ്പെട്ടു.

സഹകരണ ഫെഡറലിസം മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന മില്‍മയ്ക്ക് മലബാര്‍, എറണാകുളം, തിരുവനന്തപുരം എന്നിങ്ങനെ മൂന്ന് മേഖലാ സംഘങ്ങളുണ്ട്. ഇവയിലെ 3300 പ്രാഥമിക സഹകരണ സംഘങ്ങളിലായി 10 ലക്ഷത്തോളം ക്ഷീരകര്‍ഷകരാണ് മില്‍മയ്ക്കുള്ളത്.

മില്‍മയുടെ നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാന ഘടകം റിപൊസിഷനിംഗ് മില്‍മ എന്ന ബ്രാന്‍ഡ് നവീകരണമാണ്. ചോക്ലേറ്റ്, ബട്ടര്‍ ബിസ്ക്കറ്റ്, ഇന്‍സ്റ്റന്‍റ് ഭക്ഷ്യപദാര്‍ത്ഥങ്ങള്‍, റെഡി ടു ഈറ്റ്, റെഡി ടു കുക്ക് എന്നീ പുതിയ ഉത്പന്നങ്ങള്‍ക്ക് പുറമെ പാലിന്‍റെ തരംതിരിക്കല്‍, വില ക്രമീകരിക്കല്‍ തുടങ്ങിയവ ഈ ഉദ്യമത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു. മില്‍മയുടെ വിപണി സാന്നിദ്ധ്യം വിപുലീകരിക്കുന്നതിന് ഇത് ഏറെ സഹായകരമായെന്നും കെ എസ് മണി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മില്‍മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ അംഗീകാരങ്ങളുടെ പെരുമഴക്കാലം ആയിരുന്നു.  ഇന്ത്യയില്‍ തന്നെ അറിയപ്പെടുന്ന ഒരു മില്‍ക്ക് ഫെഡറേഷനായി മില്‍മ ഇന്ന് മാറിക്കഴിഞ്ഞു. ഇന്ത്യയിലെ ഏറ്റവും അണുഗുണനിലവാരം കൂടിയ പാല്‍, മികച്ച ക്ഷീര സംഘങ്ങള്‍ക്കുള്ള ദേശീയ പുരസ്കാരം, ഊര്‍ജ്ജ സംരക്ഷണ രംഗത്തെ ദേശീയ അവാര്‍ഡുകള്‍, ആയുര്‍വ്വേദ വെറ്ററിനറി മരുന്നുകള്‍ പ്രചരിപ്പിച്ചതില്‍ പ്രധാനമന്ത്രിയുടെ പ്രശംസ, കാലാവസ്ഥ വ്യതിയാന ഇന്‍ഷുറന്‍സ് രാജ്യത്തു ആദ്യമായി നടപ്പിലാക്കിയ ക്ഷീര സഹകരണ പ്രസ്ഥാനം എന്നിവ മില്‍മയുടെ അടുത്ത കാലത്തുള്ള നേട്ടങ്ങളില്‍ ചിലത് മാത്രമാണ്.

ക്ഷീരകര്‍ഷകര്‍ക്ക് ഏറ്റവും കൂടുതല്‍ വില നല്‍കുന്നത് നമ്മള്‍ ആണെങ്കിലും ഉത്പാദന ചെലവ് കൂടുതലുള്ള സംസ്ഥാനവും നമ്മുടേതാണ്. അതുകൊണ്ടു ഉത്പാദന ചെലവ് കുറക്കാനുള്ള  പദ്ധതികളിലൂടെയും, ഉത്പാദന ക്ഷമത വര്‍ധിപ്പിച്ചും നമുക്ക് സ്വയം പര്യാപതത കൈവരിക്കേണ്ടതുണ്ട്.

ക്ഷീരകര്‍ഷകരോടുള്ള പ്രതിബദ്ധതയും ഉപഭോക്താക്കളുടെ വിശ്വാസവുമാണ് മില്‍മയുടെ ഉയര്‍ച്ചയുടെ രണ്ട് തൂണുകള്‍. പ്രതിസന്ധി ഘട്ടത്തില്‍ പോലും കര്‍ഷകരുടെ പ്രയത്നത്തിന് ഏറ്റവും ഉയര്‍ന്ന വില തന്നെ ലഭിച്ചുവെന്ന് മില്‍മ ഉറപ്പു വരുത്തി. അതോടൊപ്പം ഉപഭോക്താക്കള്‍ക്ക് ഒരു ദിവസം പോലും മുടക്കം വരുത്താതെ പാലും പാലുല്‍പ്പന്നങ്ങളും ലഭ്യമാക്കുകയും ചെയ്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Author

Varsha Giri

No description...

You May Also Like