കറുപ്പും വെളുപ്പും നിറഞ്ഞ ഒരു ഓർമ്മക്കുറിപ്പ്

അന്ന് ഇന്ത്യ ന്യൂസിലൻഡ് ഏകദിന ടീമിനെതിരെ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ചേതൻ ശർമ്മ ഹാട്രിക്ക് നേടിയത് കണ്ട രംഗമൊക്കെ ഓർത്ത് പറയുന്ന നിരവധി പേരുണ്ട്

ലോക ടെലിവിഷൻ ദിനത്തിൽ .. 

ഏതാണ്ട് ഒരു 40 - 45 വർഷം മാത്രമെ ആയിട്ടുള്ളൂ ടെലിവിഷൻ കേരളത്തിലേക്ക് വന്നിട്ട്.1980 -കളിൽ ചില വീടുകളിൽ കാഴ്ചകളിൽ കറുപ്പിലും വെളുപ്പിലും, കാഴ്ചയുടെ ഭംഗി ഒതുക്കി നമ്മൾ ടെലിവിഷൻ കാഴ്ചകൾ നമ്മൾ കണ്ടു. ആ കാഴ്ചകളിൽ നമ്മൾ കണ്ട ചിലതിൽ, 1984 -ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ മരണവും  രാഷ്ട്രത്തിന്റെ ദുഃഖാചരണവുമാണ്.

 ലോകകപ്പ് ഫുട്ബോളിന്റെ ഫൈനലിൽ മറഡോണ എന്ന താരത്തിന്റെ ഉദയവും, ജർമ്മനിയെ തോൽപ്പിച്ച് അർജന്റീനയുടെ മറഡോണ കപ്പ് നേടിയതും, ഒരു ഗ്രാമം ഒത്ത് ഒരുമിച്ച് കളി ആവേശ പൂർവ്വം കണ്ട് കൊണ്ടാടിയതും ഓർമ്മകളിൽ ഇന്നും തങ്ങി നിൽക്കുന്ന മറ്റൊന്നാണ്. അന്നൊക്കെ ഡൽഹിയിൽ നിന്നുള്ള കേന്ദ്ര വാർത്താ വിതരണ മന്ത്രാലയ  പ്രോഗ്രാമുകളാണ് കൂടുതലും. അതിനിടയിൽ നിന്നും വളരെ കുറച്ച് സമയം മാത്രമാണ് മലയാളത്തിന് അനുവദിച്ചിട്ടുള്ളത്. അങ്ങനെ വരുമ്പോൾ വ്യാഴാഴ്ചകളിൽ ചിത്രഗീതം, ശനിയാഴ്ചകളിൽ മാത്രം മലയാള സിനിമ, അങ്ങനെ പോകുന്നു. ആദ്യ നാളുകളിൽ ഞായറാഴ്ചകളിൽ രാവിലെ രാമനന്ദ് സാഗറിന്റെ രാമയണയവും, പിന്നിട് അതിന്റെ തുടർച്ച എന്നോണം മഹാഭാരതവും വന്നു.

ഒരു ഗ്രാമ പ്രദേശത്ത് ചുരക്കം ചില വീടുകളിൽ മാത്രമാണ് സ്വന്തമായി ടെലിവിഷൻ പെട്ടി ഉണ്ടായിരുന്നത്. ഒരുപാട് പേർ കുടുംബസമേതം അന്യ ഭവനങ്ങളിൽ പോയി അന്ന് വ്യാഴാഴ്ചകളിലെ ചിത്രഗീതവും, ശനിയാഴ്ചകളിലെ മലയാള സിനിമയും തുടർന്ന് ഞയ്യറാഴ്ചകളിൽ രാമായണവും മഹാഭാരതവും കണ്ടിരുന്നത്. അധികവും ഹിന്ദിയിൽ ഉള്ള പോഗ്രാമുകളാണ് അന്ന് ഉണ്ടായിരുന്നത്. ആയതിനാൽ അന്ന് ഹിന്ദി ഭാഷ ഏതാണ്ട് എല്ലാ മലയാളിക്കും മനസ്സിലാകുമായിരുന്നു. 

അന്ന് കേരളത്തിൽ ഡയനോരാ, കെൽട്രോൺ, എന്നിങ്ങനെയുള്ള കമ്പിനികളുടെ  ടെലിവിഷനുകളാണ് വിൽക്കപ്പെട്ടിരുന്നത്. പിന്നീട് പല വിദേശ നിർമ്മിത ടെലിവിഷനുകളും വന്നു തുടങ്ങി. പതിയെ പതിയെ ഏതാണ്ട് എല്ലാ വീടുകളിലും ടെലിവിഷൻ സെറ്റുകൾ ഉണ്ടാകുന്ന അവസ്തയിലേക്ക് നമ്മുടെ കേരളം എത്തി.ക്രിക്കറ്റ് ജ്വരം തലക്ക് പിടിയിരുന്ന അന്നത്തെ ചെറുപ്പക്കാർ ഇന്ത്യയുടെ വിദേശ പര്യടനങ്ങൾ വരെ, രാത്രിയെന്നൊ പകലെന്നോ ഇല്ലാതെ പഠിത്തം പോലും മറന്ന് കണ്ടിരുന്നു.1983 എന്ന നിവിൻ പോളി ചിത്രം തന്നെ ഉദാഹരണം.

പിന്നീട് അങ്ങോട്ട് പോകും തോറും മലയാളം പ്രോഗ്രാമുകൾ കൂടുതലായി വരുന്ന അവസ്ഥയിലേയ്ക്ക് വന്നു തുടങ്ങി. 90 കളിൽ മിക്കവാറും ശനിയാഴ്‌ചകളിൽ ഇന്ത്യയിലെ തന്നെ പ്രമുഖ പത്രപ്രവർത്തകൻ പ്രണോയ് റോയ് "വേൾഡ് ദിസ് വീക്ക് " എന്ന പ്രോഗ്രാം അവതരിപ്പിച്ചിരുന്നു. 'ലോകം ഈ ആഴ്ചയിൽ' എന്നതാണ്  വിഷയം. ഇതിന്റെ കാഴ്ചകരായി നിരവധി പേർ ഉണ്ടായിരുന്നു. ഈ ഒരു പ്രോഗ്രാമിന്റെ ആശയമാണ് മലയാളത്തിലെ ആദ്യ കാലത്തെ പല മുഴുവൻ സമയ ന്യൂസ് ചാനലുകൾക്കും ആധാരം.

പിന്നീട് അങ്ങോട്ട് കളർ ടെലിവിഷൻ പല വീടുകളിലും കണ്ട് തുടങ്ങി. 1983 ലോകകപ്പ് ക്രിക്കറ്റിന് ശേഷം ഇന്ത്യയിൽ വച്ച് നടന്ന റിലയൻസ് വേൾഡ് കപ്പ്, ചില ലൈബ്രറികളിലും , സ്കൂളുകളിലും ടെലിവിഷനിലൂടെ അന്നത്തെ ബാല്യങ്ങൾ കണ്ടിരുന്നു. അതായത് അന്ന് ഇന്ത്യ ന്യൂസിലൻഡ് ഏകദിന ടീമിനെതിരെ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ചേതൻ ശർമ്മ ഹാട്രിക്ക് നേടിയത് കണ്ട രംഗമൊക്കെ ഓർത്ത് പറയുന്ന നിരവധി പേരുണ്ട്. കപിൽ ദേവ്  തുടങ്ങി ഗവാസ്കർ, രവിശാസ്ത്രി, ദിലീപ് വെങ് സർക്കർ,  കെ.ശ്രീകാന്ത് , W V രാമൻ, നമ്മുടെ പ്രിയപ്പെട്ട സച്ചിൻ, തുടർന്ന് വന്ന ഗാഗുലി ബൗളർമാരായ മനീന്ദർ സിങ്, വെങ്കിട പതിരാജു അങ്ങനെ പോകുന്ന താരങ്ങളെ അവർക്ക് വളരെ പരിചയമായിരുന്നു.

തൊണ്ണൂറുകളുടെ അവസാനത്തിൽ ആദ്യത്തെ സ്വകാര്യ ചാനൽ വന്നു, ഏഷ്യനെറ്റ്. തുടർന്ന് സൺ നെറ്റ് വർക്ക് സൂര്യ TV വന്നു. പിന്നീട് അങ്ങോട്ട് നിരവധി സ്വകാര്യ മലയാള ചാനലുകൾ  മലയാളികളുടെ വിരുന്ന് മുറിയിലേക്ക് എത്തുന്നു. ഒരു പുതിയ ചാനൽ സംസ്കാരം മലയാളികൾക്ക് ഇടയിൽ വരുന്നു. 2001 ആകുമ്പോഴേക്കും മലയാളത്തിലെ ആദ്യത്തെ ന്യൂസ് ചാനൽ ഇന്ത്യ വിഷൻ വരുന്നു. അതും മലയാളിക്ക് പുതിയ അനുഭവമായിരുന്നു. 

ടെക്നോളജി വളർച്ചയുടെ പടവുകൾ കയറി തുടങ്ങിയതോടെ, ടെലിവിഷൻ ചാനലുകളിലെ കാഴ്ചകൾ വിരൽ തുമ്പിൽ സ്വന്തമായി സ്വാകാര്യമായി കാണാം എന്ന നിലയിൽ എത്തിയിട്ടും, ടെലിവിഷൻ ചതുര കാഴ്ചകൾ കാണൽ നമ്മുക്ക് ഇനിയും മടുത്ത് തുടങ്ങിയിട്ടില്ല. നമ്മുടെ ടെലിവിഷൻ വെറും വിഡ്ഢി പെട്ടിയല്ലാ, നിറയെ  കാഴ്ചകൾ നൽകുന്ന, വാർത്തകൾ നൽകുന്ന, നിത്യ ജീവിതത്തിൽ നിന്ന് സാധാരണക്കാരന് ഇനിയും ഒഴിവാക്കാനാവാത്ത ഒന്നാണ്.

- എസ്.വി. അയ്യപ്പദാസ്

Author
Journalist

Dency Dominic

No description...

You May Also Like