ലോക രാജ്യങ്ങളിലെ ഡോക്ടർമാർക്ക് പരിശീലനം നൽകാനായി സൺറൈസ് ആശുപത്രി.
- Posted on September 30, 2024
- News
- By Varsha Giri
- 49 Views
കൊച്ചി : എത്യോപ്യ, ശ്രീലങ്ക, ഉസ്ബെഖിസ്ഥാൻ രാജ്യങ്ങളിലെ ഡോക്ടർമാരുടെ പരിശീലനത്തിനായിസൺറൈസ് ആശുപത്രി കരാർ ഒപ്പിട്ടു . കരാറിന്റെ ഭാഗമായി സൺറൈസിലെ വിദഗ്ദ്ധ ഡോക്ടർമാർ ഈ രാജ്യങ്ങൾ സന്ദർശിക്കുകയും ഡോക്ടർമാർക്ക് പരിശീലനം നൽകുകയും ചെയ്യും. പ്രസ്തുത രാജ്യങ്ങളിലെ ഡോക്ടർമാർക്കും സൺറൈസ് ആശുപത്രി സന്ദർശിക്കാനും സർജറികൾ നിരീക്ഷിക്കാനും സൗകര്യം ഉണ്ടാകും. ആരോഗ്യ പരിപാലന രംഗത്തും, പരിശീലന രംഗത്തും കഴിഞ്ഞ 20 വർഷങ്ങളായി സൺറൈസ് ആശുപത്രി പുലർത്തിയിരുന്ന മികവിനുള്ള നേട്ടമാണ് ഈ അംഗീകാരമെന്ന് സൺറൈസ് ആശുപത്രി സി.ഇ.ഓ സുരേഷ് കുമാർ തമ്പി പറഞ്ഞു. കൂടാതെ വിദേശ രാജ്യങ്ങളിൽ വിദഗ്ദ്ധ ചികിത്സ വേണ്ട രോഗികളെ സൺറൈസിലേക്ക് നേരിട്ട് കൊണ്ടുവരാനും ഈ കരാറിന്റെ ഭാഗമായി സർക്കാർ പ്രതിനിധികൾ സന്നദ്ധത അറിയിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു. കരാർ ഒപ്പിടുന്നതിന് മുമ്പായി വിദേശ പ്രതിനിധികൾ നേരത്തെ തന്നെ ആശുപത്രി സന്ദർശിക്കുകയും സൗകര്യങ്ങളിൽ തൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. ചടങ്ങിന്റെ ഭാഗമായി സൺറൈസ് ആശുപത്രി ചെയർമാനും പ്രശസ്ത ലാപ്രോസ്കോപ്പിക് സർജനുമായ ഡോ. ഹാഫിസ് റഹ്മാനെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകിആദരിച്ചു. ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ബെനെവനാണു ചടങ്ങിൽ ഡോക്ടർ ഹഫീസ് റഹ്മാന് ആദരവ് നൽകിയത്. സൺറൈസ് ആശുപത്രി മാനേജിംഗ് ഡയറക്ടർ പറവീൻ ഹഫീസ് പങ്കെടുത്ത ചടങ്ങിൽ മറ്റു ഹോസ്പിറ്റൽ അധികൃതരും സംബന്ധിച്ചു.