പാഴ്വസ്‌തുക്കളിൽ 'ആരാധനാലയം' തീർത്ത് ബിനാലെയിൽ അർച്ചന ഹാൻഡെ.

  • Posted on April 04, 2023
  • News
  • By Fazna
  • 79 Views

കൊച്ചി : ബെംഗളൂരുവിൽ നിന്നുള്ള ആർട്ടിസ്റ്റ് അർച്ചന ഹാൻഡെയുടെ 'മൈ കൊട്ടിഗെ' - ഭൂതസ്ഥാനം എന്ന പ്രതിഷ്ഠാപനം (ഇൻസ്റ്റലേഷൻ) പ്രദർശിപ്പിച്ച ഫോട്ട്കൊച്ചി ആസ്‌പിൻവാൾ ഹൗസിലെ മുറിയിലേക്ക്  പ്രേക്ഷകർക്ക് നേരിട്ടു പ്രവേശനമില്ല. മുറിയുടെ വിവിധഭാഗങ്ങളിലെ കുഴലുകളും കിളിവാതിലുകളും ജാലകങ്ങങ്ങളുമാണ് കലാവിഷ്‌കാരത്തിലേക്ക് പ്രേക്ഷകരുടെ കാഴ്‌ചയെ കൂട്ടിക്കൊണ്ടുപോകുക. ഇവയിലൂടെ നോക്കുമ്പോൾ കുറെ ആക്രി വസ്‌തുക്കൾ - അവയിൽ അടുക്കളയിൽ ഉപയോഗിച്ച കത്തി, കയിൽ മുതലായവയും ഷവലും മണ്ണുകോരിയും ഈസ്‌തിരിപ്പെട്ടിയുമൊക്കെയുണ്ട് - പ്രത്യേക ക്രമത്തിൽ ആകർഷകമായി ശില്പഭംഗിയോടെ വിന്യസിച്ചിരിക്കുന്നത് കാണാം. നിത്യജീവിതത്തിൽ ഒഴിവാക്കിയ വസ്‌തുക്കൾ ഉപയോഗിച്ച് ഈ കലാവിഷ്‌കാരം ഒരുക്കാൻ അർച്ചന ഹാൻഡെയ്ക്ക് പ്രചോദനമായത് തന്റെ മുത്തശ്ശി പറഞ്ഞുകേട്ട "  'കാലു - കുഡ്‌ക' എല്ലാ ദോഷങ്ങളിലും തിന്മകളിലും നിന്ന് നമ്മെ രക്ഷിക്കും" എന്ന വാചകമാണ്.  മദ്യപിക്കുന്ന ഭൂതം എന്നാണ് കാലു - കുഡ്‌കയുടെ ശരിയായ അർത്ഥം.  ആർട്ടിസ്റ്റ് സ്നേഹത്തോടെ കെ കെ എന്ന് വിളിപ്പേരിട്ട സ്വകാര്യ ദേവതക്ക് ആരാധനാലയങ്ങൾ അഥവാ ഭൂതസ്ഥാനങ്ങൾ ഉണ്ട്. അതാണ് അർച്ചനയുടെ കലാസൃഷ്‌ടിയുടെ ഒരു ഘടകം. മറ്റൊന്ന്, കരിങ്കണ്ണിനെ കുറിച്ചുള്ള സൂചനയാണ്. തെന്നിന്ത്യയിൽ കരിങ്കണ്ണ് കിട്ടാതിരിക്കാൻ എന്ന പേരിൽ  വസ്‌തുവിദ്യയിൽ അവലംബിക്കുന്ന ചില മുറകളുണ്ട്. സുഷിരങ്ങളുള്ള ഷീറ്റുകൾ - ജാലികകൾ ഉപയോഗിച്ച് കാഴ്‌ചയുടെ തുടർച്ച തടസ്സപ്പെടുത്തും. പിന്നെ രഹസ്യമായി മാത്രം എത്തിനോക്കാൻ ഝരോഖ - കല്ലുജാലക വാതിലുകളും മറഞ്ഞുനിൽക്കാൻ തൂണുകളും സ്ഥാപിക്കും. ഭൂതസ്ഥാനവും കരിങ്കണ്ണ് തടയാനുള്ള ക്രമീകരണങ്ങളും ഉൾച്ചേർന്ന 'മൈ കൊട്ടിഗെ' എന്ന ഇൻസ്റ്റലേഷനിലൂടെ പുതു നാഗരിക ഭൂതസ്ഥാനം - ആരാധനാലയമാണ് ഒരുക്കിയിട്ടുള്ളതെന്ന് അർച്ചന ഹാൻഡെ പറഞ്ഞു. "സമകാലീന സമൂഹത്തിലെ വർഗ, ജാതി, ലിംഗ സംഘർഷങ്ങളുടെ കരിങ്കണ്ണിൽ നിന്ന് ചുറ്റുപാടുകളെ സംരക്ഷിക്കുന്ന ഭൂതസ്ഥാനം - ആരാധനാലയമാണ് വിഭാവനം  ചെയ്യുന്നത്.  അധ്വാനിക്കുന്ന വിഭാഗങ്ങളുടെ തൊഴിലിടങ്ങളിൽ നിന്നുള്ളവയാണ് നിരാകരിക്കപ്പെട്ട പഴകിയ ഇരുമ്പ് സാമഗ്രികൾ. അവ മേൽക്കോയ്‌മകളെയും കടുംപിടുത്തങ്ങളേയും കുറിച്ച് സംസാരിക്കുന്നു. നിരാകരണവും ഉപേക്ഷയും തിരസ്‌കരണവും ഇക്കാലത്തെക്കുറിച്ച് പറയുന്നു. മയമില്ലാത്തവയെങ്കിലും പോയകാലത്തിന്റെ ഓർമ്മകൾ പേറുന്ന ഇരുമ്പ് വസ്‌തുക്കൾ ഇപ്പോൾ തുരുമ്പെടുത്തിരിക്കുന്നുവെന്നതെല്ലാം അർത്ഥതലങ്ങൾ ഉൾക്കൊള്ളുന്നു. ഇതെല്ലാം തിരിച്ചറിഞ്ഞുള്ള മികച്ച പ്രതികരണമാണ് പ്രദർശനം കണ്ടവരിൽ നിന്ന് ലഭിക്കുന്നത്. " - അർച്ചന ഹാൻഡെ വിശദീകരിച്ചു.

സി.ഡി. സുനീഷ്.

Author
Citizen Journalist

Fazna

No description...

You May Also Like