സി.എച്ച്. മുഹമ്മദ്കോയ മെമ്മോറിയല്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി മെന്റലി ചലഞ്ച്ഡിനെ അപ്പെക്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ആക്കുന്നതിന്റെ ഭാഗമായി ഭൗതിക സാഹചര്യങ്ങൾ വർധിപ്പിക്കും:മന്ത്രി വി ശിവൻകുട്ടി
- Posted on March 23, 2023
- News
- By Goutham Krishna
- 100 Views
തിരുവനന്തപുരം പാങ്ങപ്പാറയിൽ പ്രവർത്തിക്കുന്ന സി.എച്ച്. മുഹമ്മദ്കോയ മെമ്മോറിയല്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദ മെന്റലി ചലഞ്ച്ഡിനെ അപ്പെക്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ആക്കുന്നതിന്റെ ഭാഗമായി ഭൗതിക സാഹചര്യങ്ങൾ വർധിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് പ്രത്യേക വിദ്യാഭ്യാസം നല്‍കുന്നതിനും അവരെ പുനരധിവസിപ്പിക്കുന്നതിനും സ്വയം പര്യാപ്തരാക്കുന്നതിനും ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സി.എച്ച്. മുഹമ്മദ്കോയ മെമ്മോറിയല്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദ മെന്റലി ചലഞ്ച്ഡിന്റെ വാര്‍ഷികദിനാഘോഷം ധ്വനി-2023 ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
എസ്.ഐ.എം.സി ബില്‍ഡിംഗ്-ന്റെ രണ്ടാം ഘട്ട പുനരുദ്ധാരണ പ്രവര്‍ത്തനം താമസിയാതെ ആരംഭിക്കാനാകും. കുട്ടികള്‍ക്ക് കളിസ്ഥലം നിര്‍മ്മിക്കുന്നതിനുള്ള പ്രവർത്തനവും അധികം വൈകാതെ തുടങ്ങാൻ ആകും. കൂടുതല്‍ കുട്ടികള്‍ക്ക് യാത്രാസൗകര്യം ഒരുക്കുന്നതിനായി പുതിയ ഒരു സ്കൂള്‍ ബസ് അനുവദിക്കുന്ന വിഷയം സര്‍ക്കാരിന്റെ പ്രത്യേക പരിഗണനയിലാണ്.
സ്ഥാപനത്തില്‍ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ വൊക്കേഷണല്‍ ട്രെയിനിംഗ് സെന്ററും ഹോസ്റ്റലും നിര്‍മ്മിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. ആയതിന് സര്‍ക്കാരില്‍ നിന്നും ഭരണാനുമതി ലഭിക്കുന്ന മുറയ്ക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാകും.
ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ പരിശീലിപ്പിക്കുന്നതിന് അദ്ധ്യാപകരെ വാര്‍ത്തെടുക്കുന്നതിന് പുതിയ കോഴ്സുകളായ Diploma in Education- Special Education (Multiple Disabilities) (DEd.Spl.Ed(MD), Certificate Course in Care Giving എന്നിവ ആരംഭിക്കുന്നതിന് നടപടിയുണ്ടാവും. Special B.Ed (regular) ആരംഭിക്കുന്ന കാര്യവും പരിഗണനയിൽ ഉണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
ശ്രീകാര്യം വാര്‍ഡ് കൗണ്‍സിലര്‍ സ്റ്റാന്‍ലി ഡിക്രൂസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്ഥാപന ഡയറക്ടര്‍ ജെന്‍സി വര്‍ഗ്ഗീസ് സ്വാഗതം ആശംസിച്ചു. ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സ്ഥാപന രജിസ്ട്രാര്‍ സജിത എസ് പണിക്കര്‍ അവതരിപ്പിച്ചു. മണികണ്ഠന്‍ തോന്നയ്ക്കല്‍ വിശിഷ്ടാതിഥിയായിരുന്നു. പി.റ്റി.എ പ്രസിഡന്റ് സുചിത്ര മഹേന്ദ്രന്‍ ആശംസകള്‍ നേര്‍ന്നു. അക്കൗണ്ട്സ് ഓഫീസര്‍ ജയ ആര്‍.എസ് നന്ദി അറിയിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.
സ്വന്തം ലേഖകൻ