പത്രസമ്മേളനം

  • Posted on December 07, 2022
  • News
  • By Fazna
  • 27 Views

മാനന്തവാടി നിയോജക മണ്ഡലത്തിൽ  ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ ക്യാമ്പസ് സ്ഥാപിക്കുന്ന പദ്ധതി സർക്കാർ ഉപേക്ഷിച്ചപ്പോൾ മൗനം പാലിക്കുകയും, സ്വകാര്യ വ്യക്തിയുടെ കൈയ്യിലുള്ള ബോയ്സ് ടൗണിലെ ഗ്ലൻ ലവൻ എസ്റ്റേറ്റിൽ അനധികൃതമായി ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോക്ടർ തോമസ് മാത്യു  ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ പ്രമുഖരെ  കൊണ്ടുവന്നു കാണിച്ച് മെഡിക്കൽ കോളേജ് ന്റെ പേരിൽ വയനാട്ടുകാരെ വിദഗ്ധമായി വഞ്ചിക്കുകയും ചെയ്ത മാനന്തവാടി MLA ശ്രീ. ഒ. ആർ. കേളു പൊതുജനത്തോട് മാപ്പ് പറയണം. 10/6/2022 ലെ ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിലൂടെ ഗ്ലെൻ ലവൻ എസ്റ്റേറ്റ് ഏറ്റെടുത്ത സർക്കാർ നടപടി അസാധുവായിരുന്നു. മാത്രവുമല്ല, ഈ ഭൂമി നാളിതുവരെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിട്ടുമില്ല എന്ന് ജില്ലാ കളക്ടറേറ്റിൽ നിന്നും ലഭിച്ച വിവരാവകാശ രേഖയിൽ പറയുന്നു. മെഡിക്കൽ കോളേജിനു വേണ്ടി ഒരു രൂപ പോലും അനുവദിച്ചതായി ജില്ലാ ഭരണകൂടത്തിന് അറിവില്ല. 2016 ഫെബ്രുവരി 3 ന് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടി നമ്പാർഡ് അനുവദിച്ച 2.12 കോടി രൂപ ലാപ്സാക്കുകയും, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് തന്നെ മാനന്തവാടിക്ക് നഷ്ടപ്പെട്ടതും CPM സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ മാനന്തവാടി MLA യുടെ കഴിവുകേടാണ്. മെഡിക്കൽ കോളേജ് നിർമ്മാണത്തിനായി ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റ് കോട്ടത്തറ വില്ലേജിൽ സൗജന്യമായി നൽകിയ 50 എക്കർ ഭൂമി സർക്കാർ ട്രസ്റ്റിന് തിരിച്ചു നൽകിയിട്ടില്ലെന്ന് 28/11/2022 ന് ആക്ഷൻ കമ്മിറ്റി ചെയർമാൻ ഇ പി ഫിലിപ്പ് കുട്ടിക്ക് നൽകിയ മറുപടിയിൽ ജില്ലാ കളക്ടറേറ്റിൽ നിന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ, ഈ ഭൂമി ട്രസ്റ്റിന് തിരിച്ചു നൽകി എന്ന നിലയിൽ ജനങ്ങളെ കബളിപ്പിക്കുന്ന പ്രസ്താവന നടത്തിയ മാനന്തവാടി MLA തൽസ്ഥാനത്ത് തുടരുന്നത് ഉചിതമാണോ...? ആക്ഷൻ കമ്മിറ്റി ഭാരവാഹികളുടെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ച്  ആരോപണം ഉന്നയിച്ചു പത്രസമ്മേളനം നടത്തുകയും, ഭരണ സ്വാധീനം ഉപയോഗിച്ച് നടത്തിയ അന്വേഷണം പരാജയപ്പെടുകയും ചെയ്ത സാഹചര്യത്തിൽ, പൊതുപ്രവർത്തനരംഗത്ത് പ്രവർത്തിക്കുന്ന ആരെ കുറിച്ചു എന്തും പറയാമെന്നത് അദ്ദേഹത്തിന്റെ മാന്യതക്ക് ചേർന്ന രീതിയല്ല. ജില്ലാ പഞ്ചായത്തിന്റെ കീഴിൽ മാനന്തവാടിയിൽ സുഗമമായി പ്രവർത്തിക്കേണ്ടിയിരുന്ന ജില്ലാ ആശുപത്രി ഫലത്തിൽ ഇല്ലാതാക്കുകയാണ് എംഎൽഎ ചെയ്തത്. യുദ്ധകാലാടിസ്ഥാനത്തിൽ വയനാട് മെഡിക്കൽ കോളേജ് നിർമ്മിക്കുമെന്ന് പ്രകടനപത്രിക ഇറക്കി അധികാരത്തിൽ വന്ന LDF സർക്കാർ അധികാരത്തിലേറി 2386 ദിവസങ്ങൾ പിന്നിട്ടപ്പോഴും ഇരുട്ടിൽ തപ്പി വയനാട്ടുകാരെ വഞ്ചിക്കുകയാണ്. ഒന്നര ലക്ഷത്തിലധികം ചെറുതും വലുതുമായ ആംബുലൻസുകളാണ് ഈ കാലയളവിൽ വയനാട്ടിൽ നിന്ന് ചുരം ഇറങ്ങി മലബാറിലെ വിവിധ ആശുപത്രികളിൽഎത്തിയത്. അരമണിക്കൂറിൽ ഒരു ആംബുലൻസ് എന്ന നിലയിൽ  അവസ്ഥ തുടരുകയാണ്. ഇപ്പോഴും സർക്കാരിന്റെ കൈവശത്തിൽ തുടരുന്ന കോട്ടത്തറ വില്ലേജിലെ ഭൂമിയിൽ ഏറ്റവും പെട്ടെന്ന് മെഡിക്കൽ കോളേജ് നിർമ്മാണം ആരംഭിക്കണം. വയനാടിന്റെ വികസന സ്വപ്നങ്ങൾ ഒന്നൊന്നായി അട്ടിമറിച്ചത് പോലെ മെഡിക്കൽ കോളേജ് അട്ടിമറിക്കാൻ,  ഒരു ശക്തിയെയും ആക്ഷൻ കമ്മിറ്റി അനുവദിക്കില്ല. ആക്ഷൻ കമ്മിറ്റിയുടെ ഏഴാംഘട്ട സമരത്തിന്റെ ഭാഗമായി ഡിസംബർ 8ന് വ്യാഴാഴ്ച രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെ 12 മണിക്കൂർ നേരം ഉപവസിക്കും. ജില്ല പ്രഖ്യാപിച്ച് 43 വർഷമായി വയനാടിനെ അവഗണിക്കുകയാണ് മാറി മാറി വരുന്ന സർക്കാറുകൾ. നിരാഹാര സത്യഗ്രഹം 10 മണിക്ക്. ചെമ്പർ ഓഫ് കോമേഴ്സ് വയനാട് ജില്ലാ പ്രസിഡണ്ട് ജോണി പാറ്റാനി  ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ ആക്ടിങ് ചെയർമാൻ വി പി അബ്ദുൽ ഷുക്കൂർ, വിജയൻ മടക്കിമല, Ad. T. U. ബാബു, ഗഫൂർ വെണ്ണിയോട്  പങ്കെടുത്തു.Author
Citizen Journalist

Fazna

No description...

You May Also Like