കോവിഡ് പുതിയ നിയന്ത്രണങ്ങൾക്കു പിന്നാലെ കർണാടകം അതിർത്തിയിൽ പുതിയ ചെക്‌പോസ്റ്റ് സ്ഥാപിക്കാൻ നീക്കം
- Posted on March 25, 2021
- News
- By enmalayalam
- 435 Views
നഞ്ചൻകോടിൽ പുതിയ ചെക്‌പോസ്റ്റ് സ്ഥാപിക്കാൻ നീക്കം. കേരളത്തിൽനിന്നുള്ള യാത്രക്കാർക്ക് കോവിഡില്ലാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതിന്റെ ഭാഗമായാണ് പരിശോധന വിപുലീകരിക്കാൻ മൈസൂരു ജില്ലാ ഭരണകൂടത്തിന്റെ ഈ നീക്കം.

എത്രയുംവേഗം ചെക്‌പോസ്റ്റ് ഒരുക്കി പരിശോധന ആരംഭിക്കുമെന്ന് മൈസൂരു ഡെപ്യൂട്ടി കമ്മിഷണർ രോഹിണി സിന്ദൂരി പറഞ്ഞു. ജില്ലയിലെ കോവിഡ് സ്ഥിതിഗതികളെക്കുറിച്ച് നിരന്തരം വിലയിരുത്തുന്ന ഡെപ്യൂട്ടി കമ്മിഷണർ പുതിയ മാർഗനിർദേശങ്ങൾ ഇറക്കാൻ ആലോചിക്കുന്നുണ്ട്.
ഇതിന്റെ ഭാഗമായാണ് കേരളത്തിൽനിന്നുള്ളവരുടെ നെഗറ്റീവ് ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റ് ഒരിക്കൽകൂടി പരിശോധിക്കാൻ നഞ്ചൻകോട് ടൗണിനുസമീപം മറ്റൊരു ചെക്‌പോസ്റ്റ് സ്ഥാപിക്കാൻ തീരുമാനിച്ചത്.
കൂടാതെ കേരളത്തിലേക്ക് സർവീസ് നടത്തുന്ന കർണാടക.ആർ.ടി.സി. ബസ് കണ്ടക്ടർമാർ രണ്ടോ മൂന്നോ ദിവസത്തിലൊരിക്കൽ ആർ.ടി.പി.സി.ആർ. പരിശോധന നടത്തണമെന്നും ജില്ലാ ഭരണകൂടം നിർദേശിച്ചിട്ടുണ്ട്.