നവ വ്യവസായയുഗത്തിന് കേരളത്തിലെ സഹകാരികൾ സജ്ജരാകണം: മന്ത്രി വി. എൻ. വാസവൻ.

നവ വ്യവസായയുഗത്തിന് കേരളത്തിലെ സഹകാരികൾ സജ്ജരാകണം: മന്ത്രി വി. എൻ. വാസവൻ.

ഊരാളുങ്കൽ ലേബർ കോൺ‌ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ശതാബ്ദി ആഘോഷം തുടങ്ങി.

പുതിയ വ്യവസായയുഗം സൃഷ്ടിക്കപ്പെടുമ്പോൾ അതിലേക്കു കടന്നുവരുന്ന നൂതനാശയങ്ങൾ, സാങ്കേതികവിദ്യകൾ, സാമൂഹികപ്രത്യാഘാതങ്ങൾ എന്നിവ സംബന്ധിച്ച് ദീർഘവീക്ഷണത്തോടെയുള്ള കാഴ്ചപ്പാടുകൾ വികസിപ്പിക്കണമെന്ന് കേരളത്തിലെ സഹകാരികളെ സഹകരണമന്ത്രി വി. എൻ. വാസവൻ പറഞ്ഞു.

കേരള പുരോഗതിക്ക് അനുയോജ്യമായ മികച്ച അന്താരാഷ്ട്രമാതൃകകൾ കണ്ടെത്താനും പുത്തൻ കാഴ്ചപ്പാടുകൾ വികസിപ്പിക്കാനും ശ്രമിക്കേണ്ടത്  പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഊരാളുങ്കൽ ലേബർ കോൺ‌ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി യുടെ ശതാബ്ദിയാഘോഷത്തിന്റെ  ഭാഗമായി സംഘടിപ്പിക്കുന്ന നാലുദിവസത്തെ രാജ്യാന്തര സഹകരണസമ്മേളനം യു‌എൽ സൈബർ പാർക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അതിനു കഴിയുമാറ് അന്താരാഷ്ട്ര സഹകരണസമ്മേളനം ആസൂത്രണം ചെയ്ത ഊരാളുങ്കൽ സൊസൈറ്റിയെ അദ്ദേഹം അഭിനന്ദിച്ചു.

‘അടുത്ത വ്യവസായവിവത്തിൽ സഹകരണമേഖല’ എന്ന വിഷയത്തിൽ രാജ്യാന്തരസെമിനാറും ഉപസെമിനാറുകളും ആയിരുന്നു ആദ്യദിവസം. ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസിന്റെ ഏഷ്യ-പസഫിക് ഗവേഷണസമ്മേളനവും യുവസംരംഭകർക്കും ഗവേഷകർക്കുമുള്ള ശില്പശാലകളും ഇനിയുള്ള മൂന്നു ദിവസം കോഴിക്കോട് ഐ.ഐ‌.എമ്മിൽ നടക്കും.

സഹകരണസ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം എന്ന തത്വം കേരളത്തിലെ സംഘങ്ങൾ സ്വീകരിക്കണമെന്ന് അന്താരാഷ്ട്രസെമിനാറിന്റെ മുഖ്യവിഷയം അവതരിപ്പിച്ച മുൻ‌മന്ത്രി ഡോ. തോമസ് ഐസക്ക് പറഞ്ഞു. സഹകരണസ്ഥാപനങ്ങൾ തമ്മിൽ സമ്പത്തിന്റെയും വിഭവങ്ങളുടെയും ഏകോപനം, സാങ്കേതിക ഏകോപനം, നിർവ്വഹണാനുഭവങ്ങളുടെ പങ്കിടൽ എന്നിവ നടക്കണമെന്നും സഹകരണസ്ഥാപനങ്ങൾക്ക് വിഭവവും സാങ്കേതികവൈദഗ്ദ്ധ്യവും എങ്ങനെ ലഭ്യമാക്കാമെന്നും അതിനുള്ള സംഘടനാരൂപം എന്തായിരിക്കണമെന്നുമുള്ള പ്രഖ്യാപനം സമ്മേളനത്തിൽ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

മേയർ ഡോ. ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ആസൂത്രണബോർഡ് വൈസ് ചെയർമാൻ ഡോ. വി. കെ. രാമചന്ദ്രൻ പ്രത്യേകപ്രഭാഷണവും കോഴിക്കോട് ഐഐ‌എം ഡയറക്ടർ പ്രൊഫ. ദേബാഷിഷ് ചാറ്റർജി മുഖ്യപ്രഭാഷണവും നടത്തി. ‘അന്താരാഷ്ട്രസഹകരണവർഷം 2025: പൊതുദർശനവും പ്രസക്തിയും’ എന്ന വിഷയം ഐസി‌എ ഏഷ്യ – പസഫിക് റീജ്യണൽ ഡയറക്റ്റർ ബാലസുബ്രഹ്മണ്യൻ അയ്യർ അവതരിപ്പിച്ചു. ഐ‌എൽ‌ഒ എന്റർപ്രൈസ് ഡെവലപ്‌മെന്റ് സ്പെഷ്യലിസ്റ്റ് ഭാർതി ബിർള വിഷയാധിഷ്ഠിതപ്രഭാഷണം നിർവ്വഹിച്ചു.

ഇന്ത്യൻ സഹകരണസ്ഥാപനങ്ങളിൽ നാഷണൽ കോ-ഓപ്പറേറ്റീവ് യൂണിയന്റെ പങ്കിനെപ്പറ്റി എൻ.സി.യു‌.ഐ ചീഫ് എക്സിക്യൂട്ടീവ് ഡോ. സുധീർ മഹാജൻ സംസാരിച്ചു. ‘അടുത്ത വ്യവസായവിപ്ലവത്തിൽ കാർഷികസംഘങ്ങൾ’ എന്ന വിഷയം നെതർലാൻഡ്സിലെ കാർഷികസ്ഥാപനമയ അഗ്രിഗേഡിന്റെ ഡയറക്ടർ സീസ് വാൻ റിച്ചും ’21-ആം നൂറ്റാണ്ടിൽ സഹകരണപ്രസ്ഥാനങ്ങളുടെ പങ്ക്’ മോന്ദ്രാഗൺ കോർപ്പറേഷന്റെ കോ-ഓപ്പറേഷൻ ഡിസെമിനേഷൻ മുൻ ഡയറക്ടർ മീക്കെൽ ലെസാമിസും അവതരിപ്പിച്ചു.

മുൻ മന്ത്രി എം. കെ. മുനീർ, കലക്ടർ സ്നേഹിൽ കുമാർ സിങ്, ലേബർ കോഓപ്പറേറ്റീവ് ഫെഡറേഷൻ ഓഫ് ഇന്ത്യ എംഡി വി. കെ. ചൗഹാൻ, ഡിജിറ്റൽ സർവ്വകലാശാല വൈസ് ചാൻസലര്‍ ഡോ. സജി ഗോപിനാഥ്, സഹകരണ ജോയിന്റ്  രജിസ്ട്രാര്‍ എൻ. എം. ഷീജ, കൺസ്യൂമർഫെഡ് ചെയർമാൻ എം. മെഹബൂബ്, കേരളാ കോഓപ്പറേറ്റീവ് ഹോസ്‌പിറ്റൽ ഫെഡറേഷൻ ചെയർപേഴ്‌സൺ കെ. കെ. ലതിക, കാരശ്ശേരി സർവ്വീസ് കോ-ഓപ്പറേറ്റിവ് ബാങ്ക് ചെയർമാൻ എൻ. കെ. അബ്ദുറഹിമാൻ, കേരള ലേബർഫെഡ് ചെയർമാൻ എ. സി. മാത്യു, കൗൺസിലർ സുജാത കൂടത്തിങ്കൽ, ഐ.സി‌.എ ഏഷ്യ-പസഫിക് ഓന്ത്രപ്രണർഷിപ് ഡയറക്ടർ ഗണേഷ് ഗോപാൽ എന്നിവർ സംസാരിച്ചു.



പുതിയ വ്യവസായയുഗം: ആശങ്കകൾക്കു ബദൽ സഹകരണരംഗമെന്ന് തോമസ് ഐസക്ക്


പുതിയ വ്യവസായവിപ്ലവം ഉയർത്തുന്ന വെല്ലുവിളികൾക്കു പരിഹാരം സഹകരണമേഖലയാണെന്നും അതിനു സജ്ജമാകാൻ പുതിയ ചിന്തകൾ തുടങ്ങേണ്ട സമയം അതിക്രമിച്ചെന്നും മുൻ‌ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് പറഞ്ഞു. ഊരാളുങ്കൽ ലേബർ കോണ്ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട്ട് ആരംഭിച്ച നാലുദിവസത്തെ അന്താരാഷ്ട്ര സഹകരണസമ്മേളനത്തിൽ ‘അടുത്ത വ്യവസായവിപ്ലവത്തിൽ സഹകരണമേഖല’ എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗോളവ്യവസ്ഥയിൽ വലിയ മാറ്റമാണു വരുന്നത്. പുതിയതരം വ്യവസായങ്ങൾ വരുന്നു. പുതിയ സാങ്കേതികവിദ്യകൾ വരുന്നു. ഉത്പാദനക്ഷമതയിൽ കുതിച്ചുചാട്ടം ഉണ്ടാകുന്നു. ഈ മാറ്റം എല്ലാവർക്കും തൊഴിൽ നഷ്ടമാക്കുമോ എന്ന ആശങ്ക ഇന്നു ശക്തമാണ്. നിലവിലെ ഉത്പാദനബന്ധങ്ങൾക്ക് ഉൾക്കൊള്ളാനാവാത്ത നിലയിലേക്ക് ഉത്പാദനശക്തികൾ വളരുകയാണ്. ഇത് കാലാവസ്ഥാമാറ്റം, തൊഴിലില്ലായ്മ, ധനിക-ദരിദ്ര അന്തരം തുടങ്ങിയവ രൂക്ഷമാക്കുന്നു. 

തൊഴിൽ സംവിധാനത്തിലും വലിയ മാറ്റം വരികയാണ്. അസംബ്ലി ലൈൻ ഫാക്ടറികൾ ഇല്ലാതാകുന്നു. വീട്ടിലോ വീട്ടിനടുത്തോ ചെയ്യാവുന്ന ജോലികൾ ആണു പുതിയ ക്രമം. പക്ഷെ, ഇതിന് അവസരമൊരുക്കുന്ന പ്ലാറ്റ്ഫോമുകളുടെ ഉടമകൾ വൻ‌കിട കോർപ്പറേറ്റുകളാണ്. ഈ പ്ലാറ്റ്‌ഫോം ഇക്കോണമി തൊഴിലാളികൾക്കു വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. അവർ അസംഘടിതരാകുന്നു. പുതിയ ലോകക്രമം ഇത്തരം പ്രശ്നങ്ങൾ ഇല്ലാത്തതാക്കാനുള്ള ഫലപ്രദമായ ബദൽ സഹകരണമേഖലയാണെന്ന് അദ്ദേഹം പറഞ്ഞു.

ഡിജിറ്റൈസേഷൻ, പ്ലാറ്റ്ഫോം കോ-ഓപ്പറേറ്റീവുകൾ, കൃഷി-വ്യവസായ-സംരംഭകത്വങ്ങൾ തുടങ്ങിയവയിൽ സഹകരണപ്രസ്ഥാനങ്ങൾ ഗൗരവപൂർവ്വം ശ്രദ്ധയൂന്നണം. ജനങ്ങളുടെ ആവശ്യങ്ങളും ഉത്പാദനവും തൊഴിൽ‌ശക്തിയുമൊക്കെ പ്രാദേശികതലത്തിൽ കൂട്ടിയിണക്കുന്ന പ്ലാറ്റ്‌ഫോം സംഘങ്ങൾ എന്ന ആശയവും തോമസ് ഐസക്ക് മുന്നോട്ടുവച്ചു.

ലോകത്തെ ഏറ്റവും വലിയ സഹകരണസ്ഥാപനമായ സ്പെയിനിലെ മോന്ദ്രാഗൊൺ കോർപ്പറേഷനെ അതിന്റെ കോ-ഓപ്പറേഷൻ ഡിസെമിനേഷൻ മുൻ ഡയറക്ടർ മീക്കെൽ ലെസാമിസ് പരിചയപ്പെടുത്തി. അനവധി രാജ്യങ്ങളിൽ ഉപസ്ഥാപനങ്ങളും വിപണിയുമുള്ള സംഘത്തിന്റെ ശക്തിയും വിജയവും സഹകരണസ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം, ജനാധിപത്യം, തൊഴിലാളികളുടെ ഉടമാവകാശം തുടങ്ങിയവയാണ്. റോബോട്ടിക്സ് പോലുള്ള സാങ്കേതികവിദ്യകൾ നേരത്തെ സ്വീകരിച്ചു വൈവിദ്ധ്യവത്ക്കരിച്ചതിലൂടെയാണ് 1200 കോടി ഡോളറിന്റെ വാർഷിക വിൽപ്പനയും 70,000 തൊഴിലാളികളുമുള്ള പ്രസ്ഥാനമായി വളരാൻ മോന്ദ്രാഗൊൺ കോർപ്പറേഷനു കഴിഞ്ഞതെന്ന് അദ്ദേഹം വിശദീകരിച്ചു.


നിലവിലുള്ള വ്യവസായയുഗം 4.0-യും വരാൻ‌പോകുന്ന 5.0-യും തമ്മിലുള്ള വ്യത്യാസങ്ങൾ വരച്ചുകാട്ടിയ മോഡറേറ്റർ കേരള ഡിജിറ്റൽ സർവ്വകലാശാല വൈസ് ചാൻസലര്‍ ഡോ. സജി ഗോപിനാഥ് ആ മാറ്റം സഹകരണമേഖലയ്ക്കു തുറന്നുനല്കുന്ന വിപുലമായ സാദ്ധ്യതകൾ വരച്ചുകാട്ടി.  

വയനാട്ടിൽ തിരഞ്ഞെടുപ്പ് നവംബർ 13 ന് വോട്ടെണ്ണൽ 23നും

ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി, ഐസി‌എ ഏഷ്യ-പസഫിക് മേഖലാഡയറക്ടർ ബാലസുബ്രഹ്മണ്യൻ അയ്യർ, നാഷണൽ കോ-ഓപ്പറേറ്റീവ് യൂണിയൻ ഓഫ് ഇൻഡ്യ ചീഫ് എക്സിക്യൂട്ടീവ് ഡോ. സുധീർ മഹാജൻ, ദേശീയ സഹകരണവികസനകോർപ്പറേഷൻ പ്രതിനിധി അശോക് പിള്ള,സ്കൂൾ ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസിലെ നബാർഡ്  ചെയറും അസ്സൂത്രണബോർഡ് അംഗവുമായ പ്രൊഫ. ആർ. രാമകുമാർ, കേരള ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോർട്ടി എം. ചാക്കോ എന്നിവർ അന്താരാഷ്ട്ര സെമിനാറിൽ സംസാരിച്ചു.

ഉച്ചയ്ക്കുശേഷം അഞ്ചു വേദികളിലായി കൃഷി – ഉത്പാദനം – ഭക്ഷ്യസംസ്ക്കരണം, വിജ്ഞാനവും ആരോഗ്യവും, വായ്പയും ധനകാര്യവും, വ്യവസായ, ഉപഭോഗ, സേവന രംഗങ്ങൾ, വാണിജ്യം – കയറ്റുമതി – വിപണനം എന്നീ വിഷയങ്ങളിൽ സമാന്തര സെഷനുകൾ നടന്നു. സെമിനാർ ചർച്ചകളുടെകൂടി അടിസ്ഥാനത്തിൽ ‘അടുത്ത വ്യവസായവിപ്ലവത്തിൽ സഹകരണമേഖല’ എന്ന വിഷയം വൈകിട്ടു നടന്ന ഉദ്ഘാടനസമ്മേളനത്തിൽ തോമസ് ഐസക്ക് അവതരിപ്പിച്ചു.



Author
Citizen Journalist

Goutham Krishna

No description...

You May Also Like