കക്കൂസ് മാലിന്യം തത്സമയം ശുചീകരിക്കുന്ന വാഹനം, ഓട വൃത്തിയാക്കുന്ന റോബോട്ട് ശുചിത്വ മേഖലയിലെ നൂതന കാഴ്ചകളുമായി ജി.ഇ.എക്സ് .എക്സ്പോ ഒരുക്കങ്ങൾ പൂർത്തിയാകുന്നു

  • Posted on February 03, 2023
  • News
  • By Fazna
  • 134 Views

കൊച്ചി: മാലിന്യ നിർമ്മാജനത്തിൻ്റെ ഏറ്റവും നവീനമായ മാതൃകകളുമായി , ഫെബ്രുവരി 4,5,6 തീയതികളില്‍ കൊച്ചി വേദിയാകുന്ന ജി .ഇ. എകകേരളാ'23 ല്‍ കാഴ്ചക്കാര്‍ക്കായി ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകൾ. മാലിന്യ രംഗത്തെ നൂതന അറിവുകളും കാഴ്ചകളും. ദ്രവമാലിന്യ സംസ്കരണ രംഗത്തെ അതിനൂതനമായ പുതിയ സാങ്കേതിക വിദ്യയുടെ പ്രദര്‍ശനമാണ് എക്സ്പോയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. കക്കൂസ് മാലിന്യം വീടുകളിലെത്തി ശുദ്ധീകരിക്കാൻ കഴിയുന്ന അത്യാധുനിക വാഹനങ്ങളുടെ പ്രദര്‍ശനം ദക്ഷിണേന്ത്യയിലാദ്യമായി ഒരുങ്ങുന്നത് ശുചിത്വ എക്സ്പോ വേദിയിലാണ്. ജലാശയങ്ങള്‍ ശുചിയാക്കുന്ന റോബോട്ടിക് സംവിധാനവും എക്സ്പോ പരിചയപ്പെടുത്തുന്നു. ഇതോടൊപ്പം ഫ്ലക്സ്, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എങ്ങനെ പുനരുപയോഗിച്ച് പുതിയ ഉല്‍പ്പന്നങ്ങളാക്കി മാറ്റാമെന്നതിന്‍റെ തത്സമയ ഡെമോയും എക്സ്പോയില്‍ ഒരുക്കിയിട്ടുണ്ട്. മലിനജലം ഒഴുകുന്ന ഓടകള്‍ വൃത്തിയാക്കുന്ന റോബോട്ടിക് സാങ്കേതിക വിദ്യ, പ്രീഫാബ്രിക്കേറ്റഡ് എസ് ടി പികള്‍, റോഡ് ക്ലീനിംഗ് മിഷിനുകള്‍ എന്നിവയുടെ പ്രദര്‍ശനവുമുണ്ട്. മാലിന്യം ഒരു സമ്പത്താണ് എന്ന സന്ദേശവും മാലിന്യ നിര്‍മാര്‍ജനത്തിന്‍റെ അനിവാര്യതയും വിളിച്ചോതുന്ന രീതിയിലാണ് നൂറിലധികം സ്റ്റാളുകള്‍ ഒരുക്കിയിരിക്കുന്നത്. 

  സാങ്കേതിക വിദ്യ വികസിപ്പിച്ച സംരംഭകരെയും കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളടക്കമുള്ള സംവിധാനങ്ങളെയും ബന്ധിപ്പിക്കുന്ന ബിസിനസ് ടു ബിസിനസ് മീറ്റിംഗ് എക്സ്പോയുടെ പ്രത്യേകതയാണ്. മാലിന്യ സംസ്കരണ രംഗത്തെ സംരംഭകര്‍ക്കായുള്ള പ്രത്യേകസമ്മേളനവും നടക്കും. 50 ലധികം മത്സരാര്‍ഥികളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 12 വിദ്യാര്‍ഥികള്‍, മാലിന്യ സംസ്കരണ രംഗത്തെ തങ്ങളുടെ പുത്തൻ ആശയങ്ങള്‍ എക്സ്പോയില്‍ അവതരിപ്പിക്കും. മികച്ച മൂന്ന് ആശയങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡ് സമ്മാനിക്കും. നൂറ്റിയഞ്ചിലധികം സ്റ്റാളുകളും, മുപ്പതിലധികം സാങ്കേതിക സെഷനുകളും മേഖലയിലെ പുതിയ അറിവുകള്‍ പ്രതിനിധികള്‍ക്ക് പകര്‍ന്നുനല്‍കും. രാജ്യത്തെയും ലോകത്തെയും വിജയകരമായ മാതൃകകള്‍ അവതരിപ്പിച്ച് വിദഗ്ധര്‍ സംസാരിക്കും.

കേരളം ഇന്നോളം സാക്ഷ്യം വഹിച്ച ഏറ്റവും വിപുലവും നൂതനവുമായ ശുചിത്വ സാധ്യതകളാണ് ഏക്സ്പോ അവതരിപ്പിക്കുന്നത്.  തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്ന് ചുരുങ്ങിയത് പത്തുവീതം ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. ഇതിന് പുറമേ, വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പങ്കെടുക്കാനും അവസരമൊരുക്കിയിട്ടുണ്ട്.


പ്രത്യേക ലേഖകൻ

Author
Citizen Journalist

Fazna

No description...

You May Also Like