പാൽ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന സംസ്ഥാനമായി കേരളം മാറും - സ്പീക്കർ എ എൻ ഷംസീർ.

  • Posted on February 16, 2023
  • News
  • By Fazna
  • 149 Views

തൃശൂർ : യുവാക്കൾക്കും പ്രവാസികൾക്കും ക്ഷീരമേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും ക്ഷീരമേഖലയിൽ സംസ്ഥാനം ഇന്ത്യയ്ക്ക് മാതൃകയാണെന്നും ക്ഷീര മൂല്യവർദ്ധിത ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്ന സംസ്ഥാനമായി കേരളം മാറണമെന്നും സ്പീക്കർ എ എൻ ഷംസീർ. പടവ് - 2023 സംസ്ഥാന ക്ഷീരസംഗമം സമാപനം ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം .

പ്രദേശിക, ചെറുകിട ക്ഷീര സഹകരണ സംഘങ്ങളുടെ സഹകരണത്തോടെ പാൽ മൂല്യവർദ്ധിത ഉൽപന്നങ്ങൾ നിർമ്മിക്കാൻ ശ്രമിക്കണം. ഇതിനായി ക്ഷീരവികസന വകുപ്പ് ആവശ്യമായ നടപടികൾ സ്വീകരിക്കണം. ക്ഷീരവികസന രംഗത്ത് ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിന് ആവശ്യമായ എല്ലാ ഇടപെടലും സർക്കാർ ചെയ്യും. ക്ഷീരകർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നിരവധി പദ്ധതികൾ സർക്കാർ ആവിഷ്ക്കാരിക്കുകയാണെന്നും പാൽ ഉൽപ്പാദനം ഉപജീവന മാർഗ്ഗമാക്കിയ ക്ഷീര കർഷകരെ സഹായിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിരവധി പദ്ധതികൾ നടപ്പിലാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്ഷീരമേഖലയിൽ മൂല്യവർധിത ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനം വർദ്ധിപ്പിക്കുകയും ക്ഷീര ഉൽപ്പാദന വ്യവസായിക അടിത്തറക്ക് തുടക്കം കുറിച്ച് കേരളം ക്ഷീര സൗഹൃദ സംസ്ഥാനമായി മാറുമെന്നും അധ്യക്ഷ പ്രസംഗത്തിൽ റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. സംസ്ഥാന ക്ഷീര സംഗമത്തിൽ സ്ഥിരം നാമമായി പടവ് ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു

യുവജനങ്ങളെയും പ്രവാസികളെയും ക്ഷീര മേഖലയിൽ കൊണ്ട് വരുന്നതിനായി നിരവധി പ്രവർത്തനങ്ങളാണ് വകുപ്പ് നടപ്പിലാക്കുന്നത്. ക്ഷീരമേഖലയുടെ പ്രശ്നങ്ങൾ പരിഹരിച്ച് ഈ മേഖലയെ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ട് വരുമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി  ജെ ചിഞ്ചുറാണി.

ഏറ്റവും നല്ല എക്സ്പോ സ്റ്റാളിനുള്ള അവാർഡ് കൃഷി ഫീഡ്സിനും കേരള ഫീഡ്സിനും ഫാം ഇൻഫർമേഷൻ ബ്യൂറോക്കും സ്പീക്കർ എ എൻ ഷംസീർ സമ്മാനിച്ചു. ക്ഷീരസംഗമം ലോഗോ ഡിസൈൻ ചെയ്ത കെ മുഹമ്മദ് ഹാരിസിനും സംസ്ഥാന ക്ഷീരസംഗമം നാമകരണം ചെയ്ത പാലക്കാട് ബ്ലോക്ക് ക്ഷീരവികസന ഓഫീസർ പി ദിവ്യയ്ക്കും സാംസ്കാരിക ഘോഷയാത്ര ഫ്ളോട്ട് മത്സര വിജയികൾക്കും ഉള്ള അവാർഡ് വിതരണം ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിർവ്വഹിച്ചു. മികച്ച ക്ഷീരസംഘം ജീവനക്കാർക്കുള്ള അവാർഡ് മേയർ എം കെ വർഗ്ഗീസ് നൽകി. ഗാനരചിതാവ് ശ്രീകുമാരൻ കാരക്കാട്ടിനെ മിൽമ ചെയർമാൻ കെ എസ് മണി ആദരിച്ചു.

പടവ് 2023 സംസ്ഥാന ക്ഷീരസംഗമം മികച്ച വാർത്താകവറേജിന് അച്ചടി വിഭാഗത്തിൽ കേരളകൗമുദിക്കും മികച്ച വിഷ്വൽ മാധ്യമ പുരസ്കാരം സി ടി വി ക്കും റേഡിയോ വിഭാഗത്തിൽ റേഡിയോ മാംഗോ എഫ് എം ചാനലിനും ക്ഷീര വികസന മന്ത്രി ജെ ചിഞ്ചു റാണി പുരസ്കാരം നൽകി.

മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് ഡയറക്ടർ ഡോ. കൗശിഗൻ, ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ സിനില ഉണ്ണികൃഷ്ണൻ, കെവിഎഎസ് യു വൈസ് ചാൻസലർ എം ആർ ശശീന്ദ്രൻ, കേരള ക്ഷീര കർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി പി ഉണ്ണികൃഷ്ണൻ,  പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പിപി രവീന്ദ്രൻ, നടുവട്ടം ക്ഷീരസംഘം പ്രസിഡന്റ് കെ സദാനന്ദൻ, കോക്കൂർ ക്ഷീരസംഘം പ്രസിഡന്റ് അഷറഫ് കോക്കൂർ, ഓമശ്ശേരി ക്ഷീരസംഘം സെക്രട്ടറി കേശവൻ നമ്പൂതിരി എന്നിവർ സമാപന ചടങ്ങിൽ പങ്കെടുത്തു.


സ്വന്തം ലേഖകൻ.

Author
Citizen Journalist

Fazna

No description...

You May Also Like