കടുവയെ വെടി വെച്ച് കൊല്ലുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ.
- Posted on January 24, 2025
- News
- By Goutham prakash
- 275 Views

തിരുവനന്തപുരം.
വയനാട് പഞ്ചാരക്കൊല്ലി പ്രദേശത്ത് കടുവ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെടാനുണ്ടായ സംഭവത്തില്‍ കടുവയെ വെടിവെച്ചു കൊല്ലുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. ഇതിനായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഇന്ന് തന്നെ ഉത്തരവ് പുറപ്പെടുവിക്കുന്നതാണ്.
കേന്ദ്ര വന്യജീവി സംരക്ഷണ നിയമപ്രകാരം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റീംഗ് പ്രൊസീജിയര്‍ (SOP) പ്രകാരം ഈ കടുവ നരഭോജിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം ആദ്യഘട്ടമെന്ന നിലയില്‍ മയക്കുവെടി വെച്ചോ കൂടുവെച്ചോ പിടികൂടുന്നതിന് ശ്രമിക്കാവുന്നതാണ്. ഈ സാധ്യതകള്‍ ഇല്ലാത്ത പക്ഷം കടുവ നരഭോജിയാണെന്ന് ഉറപ്പുവരുത്തി വെടിവെച്ചു കൊല്ലാനുള്ള അന്തിമ നടപടി സ്വീകരിക്കുന്നതാണ്.
അതുവരെ സംഭവം നടന്ന പ്രദേശത്തും വയനാട് ജില്ലയിലെ വനത്തോട് ചേര്‍ന്ന പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്താനും ആവശ്യമായ ദ്രുതകര്‍മ്മ സേനയെ നിയോഗിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. കര്‍ണ്ണാകത്തിലെ ബന്ദിപ്പൂര്‍ മേഖലയില്‍ നിന്നും കടുവ, കാട്ടാന തുടങ്ങിയ വന്യമൃഗങ്ങള്‍ വയനാട് മേഖലയിലേക്ക് കടന്നു വരാവുന്ന സാധ്യത പരിഗണിച്ച് ആ മേഖലകളില്‍ പട്രോളിംഗ് ശക്തിപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു
സി.ഡി. സുനീഷ്.