ആത്മ നിർഭരഭാരതത്തിൻ്റെ മുഖ്യധാരയിൽ ഭിന്നശേഷി സമൂഹവും ഉണ്ടാകും: കേന്ദ്ര മന്ത്രി വി.മുരളീധരൻ
തിരുവനന്തപുരം: പൊതുഇടങ്ങളെല്ലാം ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള നടപടികൾ രാജ്യത്ത് അതിവേഗം നടന്നുവരുകയാണെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. ഭിന്നശേഷി സമൂഹത്തിന്‍റെ ശാക്തീകരണം കൂട്ടായ ഉത്തരവാദിത്തമെന്നും വി.മുരളീധരൻ പറഞ്ഞു. തിരുവനന്തപുരത്ത് ഡിഫറന്‍റ് ആർട്ട് സെന്‍ററിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സമ്മോഹൻ അഖിലേന്ത്യാ ഭിന്നശേഷി കലാമേളയുടെ വേദിയിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ഭിന്നശേഷി ജനതയോടുള്ള സമൂഹത്തിന്‍റെ കാഴ്ചപ്പാടില്‍ സമൂലമായ മാറ്റം വരുത്താൻ സമ്മോഹൻ കലാമേളക്ക് സാധിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഡിഫറെൻ്റ് ആർട്ട് സെൻ്ററിൻ്റെ പ്രവർത്തനങ്ങൾക്ക് വേണ്ടി കേന്ദ്ര സർക്കാരിൻ്റെ പിന്തുണ ഉറപ്പാക്കാൻ കൂടുതൽ ഇടപെടല് നടത്തുമെന്നും മന്ത്രി പറഞ്ഞു. ഭിന്നശേഷി സമൂഹത്തിന് വിദ്യാഭ്യാസ സാമ്പത്തിക പുനരധിവാസം ഉറപ്പുനൽകുന്ന ഭിന്നശേഷി നയം ഉയർത്തിപ്പിടിക്കുന്ന സർക്കാരാണ് രാജ്യം ഭരിക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. നൈപുണ്യ വികസന പരിപാടികളിലൂടെ ഈ സമൂഹത്തിന്‍റെ അതിജീവനവും ഉപജീവനവും ഉറപ്പുവരുത്താനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. വിദ്യാലയങ്ങൾ, സർക്കാർ ഓഫീസുകൾ, പൊതുയാത്ര വാഹനങ്ങൾ തുടങ്ങിയവയെല്ലാം ഭിന്നശേഷി സൗഹൃദമാക്കാനുള്ള പദ്ധതികൾ നടന്നുവരുന്നുണ്ടെന്നും വി.മുരളീധരൻ പറഞ്ഞു. ആത്മനിർഭരഭാരതം ഭിന്നശേഷി സമൂഹത്തിന്‍റെ കൂടി സൃഷ്ടിയായിരിക്കുമെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. സമ്മോഹനവേദിയിൽ ഭിന്നശേഷികുട്ടികളുടെ ധൈര്യത്തെയും നേട്ടങ്ങളെയും മന്ത്രി അഭിനന്ദിച്ചു. ഗോപിനാഥ് മുതുകാടിന്‍റെ നേതൃത്വത്തിൽ ഡിഫറന്‍റ് ആർട്ട് സെന്‍ററിന്‍റെ കീഴിൽ നടന്നുവരുന്ന പ്രവർത്തനങ്ങൾ മാതൃകാപരമെന്നും വി.മുരളീധരൻ പറഞ്ഞു.
പ്രത്യേക ലേഖകൻ