മുഖ്യമന്ത്രിക്കെതിരെ തൃശ്ശൂരിൽ അമിത് ഷാ നടത്തിയത് വ്യാജ ഏറ്റുമുട്ടല്‍ കെ സി വേണുഗോപാൽ എംപി

  • Posted on March 13, 2023
  • News
  • By Fazna
  • 98 Views

തൃശൂർ: മുഖ്യമന്ത്രിക്കെതിരെ തൃശൂരില്‍ കേന്ദ്ര ആഭ്യന്തര അമിത് ഷാ നടത്തിയ വാചക കസര്‍ത്ത് വെറും വ്യാജ ഏറ്റുമുട്ടലാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. സി പി എമ്മുമായി ബിജെപി ഉണ്ടാക്കിയ രഹസ്യധാരണയെ മറയ്ക്കാനാണ് സി പി എമ്മിനെ അക്രമിക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കുന്ന പ്രസംഗം അമിത് ഷാ നടത്തിയത്. കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക് സഹായം നല്‍കുന്ന ഉറ്റചങ്ങാതിമാരാണ് സിപിഎമ്മുകാര്‍. കോണ്‍ഗ്രസ് വിരുദ്ധതയില്‍ ഒരുമിച്ച് സഞ്ചരിക്കുന്നവരാണ് ബിജെപിയും സിപിഎമ്മും. രണ്ടുപേരുടെയും ലക്ഷ്യം കോണ്‍ഗ്രസിന്‍റെ തകര്‍ച്ചയാണ്. അതിനായി കേരളത്തിലെ ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ച് സിപിഎമ്മിന് നേട്ടമുണ്ടാക്കിക്കൊടുക്കാനുള്ള ബിജെപിയുടെ ഗൂഢശ്രമത്തിന്‍റെ ഭാഗമാണ് അമിത് ഷായുടെ പ്രസംഗം. സിപിഎമ്മിനെ ബിജെപി കടന്നാക്രമിക്കുമ്പോള്‍ ന്യുനപക്ഷങ്ങളുടെ പിന്തുണ ഭാഗികമായെങ്കിലും സിപിഎമ്മിന് ലഭിക്കുമെന്നുള്ളകണക്ക് കൂട്ടല്‍ ബിജെപി ദേശീയ നേതൃത്വം നടത്തുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ഇരുവരും ഇതേ തന്ത്രം കേരളത്തിൽ പയറ്റിയതാണ്. ബിജെപിയുടെയും സിപിഎമ്മിന്‍റെയും ഇൗ കുതന്ത്രം തിരിച്ചറിയാനുള്ള വിവേകമുള്ളവരാണ് കേരളത്തിലെ മതേതര ജനാധിപത്യബോധമുള്ള പ്രബുദ്ധ ജനതയെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

അമിത് ഷായുടെ വാക്കിലും പ്രവര്‍ത്തിയും ആത്മാര്‍ത്ഥയുണ്ടായിരുന്നെങ്കില്‍ കേരള മുഖ്യമന്ത്രി എന്നേ രാജിവയ്ക്കേണ്ടി വരുമായിരുന്നു .സ്വര്‍ണ്ണക്കടത്ത്, ലെെഫ് മിഷന്‍ കേസുകളില്‍ ഉള്‍പ്പെടെ പ്രതിസ്ഥാനത്തുള്ള മുഖ്യമന്ത്രിക്കെതിരായ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണത്തിന്  കൂച്ചുവിലങ്ങിട്ട ശേഷമാണ് ആഭ്യന്തരമന്ത്രി അധരവ്യായാമം നടത്തുന്നത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് മുഖ്യമന്ത്രിയെയും സി പി എമ്മിനെയും ബി ജെ പി വരുതിക്ക് നിർത്തിയിരിക്കുകയാണ്. കോണ്‍ഗ്രസിന്‍റെ ശക്തികേന്ദ്രങ്ങളില്‍ സി പി എമ്മിന്‍റെ വോട്ടു പ്രതീക്ഷിച്ചാണ് സ്വർണക്കടത്തു കേസിലും കറൻസി കടത്തിലും ലൈഫ് മിഷൻ അഴിമതിയിലുമൊന്നും മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെ ഒരു നീക്കവും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നടത്താത്തത്.  ആ പര്സപര ധാരണയിലാണ് ഇരുവരും പരസ്യ പ്രഹസന ഏറ്റുമുട്ടലുകള്‍ നടത്തുന്നതെന്നും  വേണുഗോപാൽ  പരിഹസിച്ചു.  പൊതു തിരഞ്ഞെടുപ്പിൽ ഒരു സീറ്റും കിട്ടാതെ വരുന്നതോടെ ഈ ധാരണ തെറ്റുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി-സി പി എം രഹസ്യധാരണ കഴിഞ്ഞ അസംബ്ലി  തിരഞ്ഞെടുപ്പിലൂടെ  കേരള ജനതയ്ക്ക് ബോധ്യമായി. കേരളത്തിൽ മോഡി തരംഗം ആഞ്ഞടിക്കുമെന്ന അമിത് ഷായുടെ പ്രസ്താവന സി പി എം പ്രത്യുപകാരം ചെയ്യുമെന്ന പ്രതീക്ഷയിലാണ്. എന്നാൽ കേരളത്തിൽ മോദി തരംഗം ഉണ്ടാകുമെന്നത് അമിത് ഷായുടെ വ്യാമോഹമാണ്.  ജനങ്ങൾ ബി ജെ പിയെ തന്നെ തിരസ്കരിച്ചിരിക്കുന്ന കേരളത്തിൽ എങ്ങനെയാണ് മോദി തരംഗമുണ്ടാക്കുന്നതെന്നും വേണുഗോപാൽ ചോദിച്ചു. മതേതര മൂല്യങ്ങൾക്ക് കേരളം വലിയ വിലകല്പിക്കുന്നുണ്ടെന്നും സി പി എമ്മും ബി ജെ പിയും ഒന്നിച്ചു മത്സരിച്ചാലും അമിത് ഷായുടെ വർഗീയ വിഭജന തന്ത്രം കേരളത്തിൽ വിലപോകില്ലെന്നും വേണുഗോപാൽ പറഞ്ഞു.


സ്വന്തം ലേഖകൻ 

Author
Citizen Journalist

Fazna

No description...

You May Also Like