കാപ്പിയിലെ ചില്ലത്തണ്ടു തുരപ്പനെ നിയന്ത്രിക്കാനുള്ള മാർഗ്ഗങ്ങളുമായി കോഫി ബോർഡ്

സെപ്റ്റംബർ മുതൽ ജനുവരി വരെ ഉള്ള മാസങ്ങളിലാണ്  ചില്ലത്തണ്ടു തുരപ്പൻറെ ആക്രമണം കൂടുതലായി കണ്ടുവരുന്നത്

കൽപ്പറ്റ: തെക്കേ ഇന്ത്യയിലെ റോബസ്റ്റ കാപ്പിതോട്ടങ്ങളിൽ, കഴിഞ്ഞ കുറച്ചു വർഷങ്ങളായി ചില്ലത്തണ്ടുതുരപ്പന്റെ ആക്രമണം കൂടുതലായി കണ്ടു വരുന്നു. അപൂർവ്വം ചില അറബിക്ക തോട്ടങ്ങളിലും   ഇവയുടെ ആക്രമണം കാണാറുണ്ട്. ഇവയെ പ്രതിരോധിക്കാനുള്ള  മാർഗ്ഗങ്ങൾ കോഫി ബോർഡ് കർഷകർക്കായി തയ്യാറായിട്ടുണ്ടെന്ന്, കോഫി ബോർഡ് ജോയന്റ് ഡയറക്ടർ ഡോക്ടർ എൻ. കറുത്ത മണി പറഞ്ഞു.

കാലാവസ്ഥ വ്യതിയാനവും, ചില തോട്ടങ്ങളിൽ ഈയിടയായി അനുവർത്തിച്ചു വരുന്ന ഊർജ്ജിതകൃഷിരീതികളും ചില്ലത്തണ്ടുതുരപ്പൻ ഒരു പ്രധാന കീടമായി മാറാൻ കാരണമായിട്ടുണ്ട്. പെൺ വണ്ട് ഇളം ചില്ലകളിൽ ചെറിയ തുരങ്കങ്ങൾ ഉണ്ടാക്കിയാണ് മുട്ട ഇടുന്നതും പ്രജനനം നടത്തുന്നതും. ഇത്തരം ചില്ലകൾ ഉണങ്ങി നശിച്ചു പോവുന്നതിനും വിള നഷ്ടം സംഭവിക്കുന്നതിനും ഇത് കാരണമാകുന്നു. പുതിയതായ നട്ട ചെടികളുടെ വളർച്ചയെ ഇത് സാരമായി  ബാധിക്കുന്നു.

സെപ്റ്റംബർ മുതൽ ജനുവരി വരെ ഉള്ള മാസങ്ങളിലാണ്  ചില്ലത്തണ്ടു തുരപ്പൻറെ ആക്രമണം കൂടുതലായി കണ്ടുവരുന്നത്. പിന്നീട് വരണ്ട കാലാവസഥ ആകുന്നതിനനുസരിച്ച് ഇത് കുറഞ്ഞുവരുന്നു. അതുപോലെതന്നെ മഴക്കാലം തുടങ്ങുന്നതിനുമുൻപും, ചില്ലത്തണ്ടു തുരപ്പന്റെ ആക്രമണം പൊതുവെ കുറവായിരിക്കും. തോട്ടങ്ങളിൽ ചോല കൂടുന്നത് ഈ കീടത്തിൻറെ  പ്രജനനത്തിന് അനുകൂല സാഹചര്യം ഒരുക്കുന്നു.

പൂർണമായും ചില്ലത്തണ്ടുതുരപ്പനെ ഇല്ലാതാക്കുന്നതിന് സാധ്യമല്ല. ചില്ലത്തണ്ടുതുരപ്പന്റെ ഉപദ്രവം ഫല പ്രദമായി നിയന്ത്രിക്കാൻ താഴെ പറയുന്ന മാർഗങ്ങൾ അനുവർത്തിക്കുക.

1. ചോല നിയന്ത്രിക്കുകയും, തോട്ടങ്ങളിൽ വേണ്ടത്ര നീർ വാർച്ച  സൗകര്യങ്ങൾ ഒരുക്കി കൊടുക്കുകയും ചെയ്യുക.

2. കീട ബാധയേറ്റ ചില്ലകൾ ചില്ലത്തണ്ടുതുരപ്പൻ ഉണ്ടാക്കിയ ദ്വാരത്തിൽ നിന്ന്  രണ്ടര മുതൽ ഏഴ് സെന്റിമീറ്റർ താഴെയായി മുറിച്ച് കത്തിച്ചു കളയുക. ഈ പ്രവൃത്തി സെപ്റ്റംബർ മാസം മുതൽ ആരംഭിക്കാവുന്നതാണ്. തുടർച്ചയായ ഇടവേളകളിൽ ഈ പ്രവൃത്തി തുടരേണ്ടതാണ് .

3. വരണ്ട കാലാവസ്ഥയിൽ  ചില്ലത്തണ്ടു തുരപ്പൻ  തളുപ്പുകളിൽ അഥവാ കമ്പച്ചികിറുകളിൽ കാണുന്നതിനാൽ കമ്പച്ചികിറുകൾ യഥാസമയം ചെടിയിൽ നിന്ന് നീക്കം ചെയ്യേണ്ടതാണ്.

4.തോട്ടത്തിൽ ഏക്കറിന് 12 എണ്ണം വീതം സൈക്കോം ട്രാപ്പുകൾ സ്ഥാപിക്കുക.

Author
No Image
Journalist

Dency Dominic

No description...

You May Also Like