മാർച്ച് അവസാനം ട്രഷറിയിൽ ബില്ലുകൾക്ക് കർശന നിയന്ത്രണം
- Posted on March 22, 2023
- News
- By Goutham Krishna
- 213 Views
തിരുവനന്തപുരം: സർക്കാർ കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്നതിനാൽ മാർച്ചിലെ അവസാനദിനങ്ങളിൽ മുൻവർഷങ്ങളിലേതുപോലെ ട്രഷറിയിൽനിന്ന് പണം ഒഴുകില്ല. അടിയന്തരപ്രാധാന്യമില്ലാത്ത ബില്ലുകൾ ട്രഷറിയിലെത്താതെതന്നെ നിയന്ത്രിക്കാനാണ് തീരുമാനം. കഴിഞ്ഞവർഷം മാർച്ചിൽ 21,000 കോടി ചെലവിട്ടതായാണ് ധനവകുപ്പിന്റെ കണക്ക്. മാർച്ചിലെ അവസാനത്തെ പത്തുദിവസങ്ങളിൽ 14,000 കോടി രൂപയോളം വേണ്ടിവന്നു. ഇത്തവണ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സർക്കാർ കടന്നുപോകുന്നത്. അത്യാവശ്യ ചെലവുകൾക്കുള്ള പണം മാത്രമേയുള്ളൂ. ഇപ്പോൾത്തന്നെ 25 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ മാറുന്നതിന് നിയന്ത്രണമുണ്ട്.
ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ മാനേജ്‌മെന്റ് സിസ്റ്റംസ് (ഐ.എഫ്.എം.എസ്.) എന്ന ഓൺലൈൻ ശൃംഖലയിലൂടെയാണ് ഇപ്പോൾ ട്രഷറിയിലെ ഇടപാടുകൾ നിയന്ത്രിക്കുന്നത്. അതിനാൽ സർക്കാരിന് നേരിട്ട് ബില്ലുകൾ തയ്യാറാക്കുന്നത് നിയന്ത്രിക്കാൻ സാധിക്കും. പദ്ധതിച്ചെലവാണ് ഇത്തരത്തിൽ നിയന്ത്രിക്കാൻ സാധിക്കുക. ഇതോടെ വാർഷികപദ്ധതിയുടെ ചെലവ് ഇത്തവണ 70 ശതമാനത്തിൽ ഒതുങ്ങാനാണ് സാധ്യത. 68 ശതമാനമാണ് ഇതുവരെയുള്ള ചെലവ്.
ട്രഷറിയിൽ ബില്ലുകൾ സമർപ്പിക്കാനുള്ള അവസാനതീയതി മാർച്ച് 29 ആണ്. 28-നുശേഷം നൽകുന്ന ബില്ലുകൾക്ക് ടോക്കൺ നമ്പർ നൽകി ട്രഷറി ക്യൂവിലേക്ക് മാറ്റും. ഇതിൽ അത്യാവശ്യമുള്ളതുമാത്രമേ മാർച്ച് 31-നകം മാറിനൽകൂ.
സ്വന്തം ലേഖകൻ