നീർച്ചാലുകളും തോടുകളും കണ്ടെത്തുന്നു: പശ്ചിമഘട്ടത്തിലെ മാപ്പത്തോൺ വേഗത്തിലാക്കുന്നു

  • Posted on April 19, 2023
  • News
  • By Fazna
  • 91 Views

കൽപ്പറ്റ: ചരിത്രത്തിലാദ്യമായി  പശ്ചിമഘട്ടത്തിലെ 9 ജില്ലകളിൽ തോടുകളുടെയും നീർച്ചാലുകളുടെയും ആധികാരിക രേഖ തയ്യാറാവുന്നു. വിവര ശേഖരണത്തിൽ വയനാട്ടിലിതുവരെ കണ്ടെത്തിയത് 419 തോടുകൾ. വരൾച്ചയെ പ്രതിരോധിക്കാനും വെള്ളപ്പൊക്കം നിയന്ത്രിക്കാനും സുസ്ഥിര പദ്ധതിക്കായുള്ള വിവരശേഖരണം വേഗത്തിലാക്കുന്നു.

വരൾച്ചയിലേക്കും വെള്ളപ്പൊക്കത്തിലേക്കും പതിയെ നീങ്ങുന്ന വയനാടിൻ്റെ  പ്രതിരോധം വേഗത്തിലാക്കുന്നു. ജലസംരക്ഷണത്തിനുള്ള സുസ്ഥിര പദ്ധതി ആവിഷ്കരിക്കാൻ തദ്ദേശ സ്ഥാപനങ്ങളെയും ജില്ലാ ഭരണകൂടത്തെയും സഹായിക്കുന്ന ആധുനിക രീതിയിലുള്ള മാപ്പിംഗ് 9 പഞ്ചായത്തുകളിൽ പൂർത്തിയായി.  കാലവർഷം ആരംഭിക്കുന്നതിന് മുമ്പ് നീർച്ചാലുകളും തോടുകളും അടയാളപ്പെടുത്തുന്ന മാപ്പത്തോൺ പൂർത്തിയാകും. ഓരോ ഗ്രാമ പഞ്ചായത്തിലെയും  തോടുകളും നീര്‍ച്ചാലുകളും കണ്ടെത്തി കേരള ഐ.ടി മിഷന്റെ സാങ്കേതിക സഹായത്തോടെ ഒ.എസ്.എം ട്രാക്കര്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ട്രൈസിംഗ് എടുക്കുകയും അവ കൃത്യമായി മാപ്പിംഗ് നടത്തുകയും ചെയ്യുന്നതാണ് മാപ്പത്തോൺ. 

തിരഞ്ഞെടുക്കപ്പെടുന്ന  റിസോഴ്‌സ് പേഴ്‌സണ്‍സ് അതാത് പ്രദേശത്ത് നേരിട്ടെത്തി നീര്‍ച്ചാലുകളുടെ അരികില്‍കൂടി നടന്നാണ് ഇവ ട്രേസ്  ചെയ്യുന്നത്. നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരള മിഷനാണ് കബനിക്കായി വയനാട് എന്ന ക്യാമ്പയിൻ്റെ ഭാഗമായി വിപുലമായ വിവര ശേഖരണം നടത്തുന്നത്.

''ഓപ്പണ്‍ സ്ട്രീറ്റ് മാപ്പ്'' എന്ന ബ്രൗസിംഗ് സംവിധാനത്തിലൂടെ ട്രെയിസ് ചെയ്ത തോടുകള്‍ 'ആം ചെയര്‍ മാപ്പിംഗ്' എന്ന സംവിധാനത്തിലൂടെ ഡിജിറ്റലായി വരയ്ക്കുന്നു.ഓരോ തദ്ദേശ സ്ഥാപനത്തിലേയും പ്രധാന തോടുകളും നീര്‍ച്ചാലുകളും ഗ്രിഡുകളായി ഉള്‍പ്പെടുത്തിയ ക്യു.ജി.ഐ.എസ് മാപ്പ് ഐ.ടി മിഷന്‍ ലഭ്യമാക്കി ഓരോ പ്രദേശത്തുമുളള തോടുകള്‍ കണ്ടെത്താന്‍ സഹായകരമാക്കുന്നതാണ് രീതി.

കബനി നദിയുടെ സുസ്ഥിര നിലനില്‍പ്പ് ഉറപ്പു വരുത്തുക, കാലാവസ്ഥാവ്യതിയാനം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ലഘൂകരിക്കുക, കബനി നദിയേയും ചെറിയ നീര്‍ച്ചാലുകളെയും ശാസ്ത്രീയ മാപ്പിംഗിലൂടെ രേഖപ്പെടുത്തി അവതരിപ്പിക്കുക, നദിയുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് ആസൂത്രണം നടത്തുക, നദീപുനരുജ്ജീവനത്തിന്റെ ഫലമായി കൃഷി ടൂറിസം മേഖലകളില്‍ വരുത്താവുന്ന മാറ്റങ്ങള്‍ കണ്ടെത്തുകയും അത് ജനങ്ങളുടെ ഉപജീവനത്തിന് ഉതകുന്നതാക്കി മാറ്റുകയും ചെയ്യുക, നിലവിലുള്ള വരുമാനസ്രോതസ്സുകള്‍ നിലനിര്‍ത്തുകയും പുതിയവ കണ്ടെത്തുകയും ചെയ്യുക, നദിയുടെ സുസ്ഥിര നിലനില്‍പിന് ശാസ്ത്രീയമായ മാലിന്യസംസ്‌കരണ രീതികള്‍ അവലംബിക്കുക എന്നിവയെല്ലാമാണ് പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങളെന്ന് നവകേരളം പദ്ധതി വയനാട് ജില്ലാ കോഡിനേറ്റർ സുരേഷ് ബാബു പറഞ്ഞു.  

ഒരോ പ്രദേശത്തും എത്ര തോടുകളുണ്ട്, എത്ര നീർച്ചാലുകൾ ഉണ്ട് തുടങ്ങിയ വിവരങ്ങൾ ഇതുവരെ ഒരു വകുപ്പിന് കീഴിലും ഉണ്ടായിരുന്നില്ല .ഇന്ത്യയിലാദ്യമായാണ് പശ്ചിമഘട്ട മേഖലയിലെ 9 ജില്ലകളിൽ ഇത്തരം വിവര ശേഖരണവും മാപ്പിംഗും നടത്തുന്നത്. വയനാട് ജില്ലയിൽ ഇതുവരെ 9 പഞ്ചായത്തുകളിൽ മാപ്പത്തോൺ പൂർത്തിയായപ്പോൾ 419. തോടുകൾ കണ്ടെത്താനായി. നിലവിലുള്ള സംരക്ഷിക്കുകയും കൈയ്യേറ്റം അടക്കമുള്ളവ തടയുകയും സുസ്ഥിരമായ ജലസംരക്ഷണത്തിലൂടെ വരൾച്ച ,വെള്ളപ്പൊക്കം എന്നിവയെ പ്രതിരോധിക്കാനുമുള്ള ഏത് തരം പദ്ധതിയും ആവിഷ്കരിച്ച് നടപ്പാക്കാനുള്ള വലിയൊരു ആധികാരിക  രേഖയാണ് മാപ്പത്തോണി ലൂടെ സാധ്യമാകുന്നത്.

ആംചെയര്‍ മാപ്പിംഗ് ചെയ്ത തോടുകള്‍ ഐ.ടി മിഷന്‍ പരിശോധിക്കുകയും ആവശ്യമായ തിരുത്തലുകള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും. . ഇവ പിന്നീട് ആര്‍.പിമാര്‍ ക്ലിയര്‍ ചെയ്യുകയും ചെയ്യും. ട്രെയ്‌സ് ചെയ്ത് അടയാളപ്പെടുത്തിയ തോടുകളുടേയും നീര്‍ച്ചാലുകളുടേയും അവതരണം അതാത് തദ്ദേശസ്ഥാപനങ്ങളില്‍ നടത്തുന്നതിനാല്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ജലസംരക്ഷണ മേഖലയില്‍ കൃത്യമായ ആസൂത്രണവും നിര്‍വ്വഹണവും നടത്താൻ കഴിയുകയും തങ്ങളുടെ പ്രദേശത്തെ തോടുകളുടെ സ്ഥിരതയുള്ളതും കൃത്യതയുള്ളതുമായ ഡിജിറ്റല്‍ ഡോക്യുമെന്റേഷനും സാധ്യമാകുന്നു. വയനാട് ജില്ലയിലെ 9 പഞ്ചായത്തുകളിലെ വിവര ശേഖരണം പൂർത്തിയക്കി മാപ്പുകൾ തയ്യാറായി. കബനി നദി പുനരുജീവനം പദ്ധതിയുടെ ഭാഗമായുളള മാപ്പത്തോണ്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും ഒടുവിൽ  മുള്ളന്‍കൊല്ലി പഞ്ചായത്തിലാണ്  ആരംഭിച്ചത്. തൊഴിലുറപ്പ് അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, പ്രദേശവാസികള്‍, നവകേരളം കര്‍മപദ്ധതി ആര്‍.പി മാര്‍,പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മാപ്പിംഗ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ജില്ലയിലെ  പത്താമത്തെ പഞ്ചായത്താണ് മുളളന്‍കൊല്ലി.  ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ നവകേരളം കര്‍മ്മ പദ്ധതി റിസോഴ്‌സ് പേഴ്‌സണ്‍മാരടങ്ങിയ   സംഘമാണ്  മാപ്പിംഗില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.   സര്‍വ്വേ നടപടികള്‍ക്കായി ഐ.ടി മിഷന്റെ സാങ്കേതിക സഹായവുമുണ്ട്. 

ഡിജിറ്റല്‍ മാപ്പത്തോണിലൂടെ 2 മീറ്റര്‍ സ്പഷ്ടതയുള്ള  ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ നിര്‍മ്മിക്കുന്ന ഡിജിറ്റല്‍ ഭൂപടങ്ങള്‍ ഉപയോഗിച്ച് ജനങ്ങള്‍ക്ക് പ്രദേശത്തെ ജല സ്രോതസ്സുകളുടെ ചെറിയ സവിശേഷതകള്‍ പോലും കൃത്യമായി മനസ്സിലാക്കാന്‍ കഴിയും. മാപ്പിംഗിലൂടെ ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകള്‍ പഠിച്ച് കൃത്യമായ ആസൂത്രണവും പദ്ധതി നിര്‍വ്വഹണവും നടത്താം. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് ഒരു പ്രദേശത്തെ വിഭവങ്ങളും സവിശേഷതകളും ഡിജിറ്റല്‍ ഭൂപടമായ ഓപ്പണ്‍ സ്ട്രീറ്റ് മാപ്പില്‍ രേഖപ്പെടുത്താനും കഴിയുമെന്നതും സവിശേഷതയാണ്. 








Author
Citizen Journalist

Fazna

No description...

You May Also Like