പക്ഷിപ്പനി നഷ്ടപരിഹാരം ഉടന്‍: മന്ത്രി ജെ. ചിഞ്ചുറാണി

  • Posted on January 10, 2023
  • News
  • By Fazna
  • 131 Views

തിരുവനന്തപുരം : സംസ്ഥാനത്ത് പക്ഷിപ്പനി നിയന്ത്രണവുമായി ബന്ധപ്പെട്ട് മരണപ്പെട്ടതും കൂട്ടത്തോടെ 'കള്‍' ചെയ്യപ്പെട്ടതുമായ പക്ഷികള്‍ക്കും നശിപ്പിച്ച മുട്ടകള്‍ക്കും തീറ്റയ്ക്കും കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചതായി മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. രണ്ട് മാസത്തിന് താഴെ പ്രായമുള്ള കോഴി, താറാവ് എന്നിവക്ക് നൂറ് രൂപ വീതവും രണ്ട് മാസത്തിന് മുകളില്‍ പ്രായമുള്ള കോഴി, താറാവ് എന്നിവക്ക് 200 രൂപ വീതവും നഷ്ടപരിഹാരം നല്‍കും. മുട്ട ഒന്നിന് 5 രൂപയും കോഴിത്തീറ്റ കിലോയ്ക്ക് 12 രൂപ നിരക്കിലുമാണ് നഷ്ടപരിഹാരം നിശ്ചയിച്ചിരിക്കുന്നത്. 2022 ഒക്ടോബര്‍ മുതൽ സംസ്ഥാനത്ത് ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിക്കുകയുണ്ടായി. നിലവിൽ ആലപ്പുഴയിൽ 10 പ്രദേശങ്ങളിലും കോട്ടയത്ത് 7 പ്രദേശങ്ങളിലും തിരുവനന്തപുരത്ത് ഒരു പ്രദേശത്തുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളതിനേക്കാൾ ഉയർന്ന നിരക്കിലാണ് നഷ്ടപരിഹാരം സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്നത്. നഷ്ടപരിഹാരം നല്‍കുന്നകാലതാമസം ഒഴിവാക്കുന്നതിനായി കേന്ദ്ര വിഹിതം ലഭിക്കുന്നതിനു മുൻപ് തന്നെ നഷ്ടപരിഹാരത്തുക മൃഗസംരക്ഷണ വകുപ്പിന്റെ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ കോർപ്പസ് ഫണ്ടിൽ നിന്നും നൽകുന്നതിനുള്ള നടപടി സ്വീകരിച്ചുവരുന്നതെന്നും മന്ത്രി അറിയിച്ചു.

തിരുവനന്തപുരം ജില്ലയിലെ അഴൂർ ഗ്രാമപഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് മൃഗസംരക്ഷണ വകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീം പഞ്ചായത്തിന്റെ സഹകരണത്തോടെ 09/01/2023 മുതൽ പക്ഷികളെ 'കള്‍' ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. 

1,859 ഓളം വിവിധ പ്രായത്തിലുള്ള പക്ഷികളെ നിലവില്‍ 'കള്‍' ചെയ്തുകഴിഞ്ഞു. 226കിലോ തീറ്റയും, 392 മുട്ടയും നശിപ്പിച്ചു.  'കള്‍' ചെയ്യപ്പെടുന്ന പക്ഷികൾ താറാവുകൾ എന്നിവയുടെ പ്രായം, എണ്ണം എന്നിവ രേഖപ്പെടുത്തി റിപ്പോർട്ട് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്.

ഒരു കിലോമീറ്ററിന് ചുറ്റുമുള്ള ഒൻപത് കിലോമീറ്ററിൽ ഉൾപ്പെടുന്ന കിഴുവിലം, കടക്കാവൂർ കീഴാറ്റിങ്ങൽ ചിറയിൻകീഴ്, മംഗലപുരം, അണ്ടൂർകോണം, പോത്തൻകോട്  എന്നീ ഗ്രാമപഞ്ചായത്തുകളും തിരുവനന്തപുരം കോർപ്പറേഷനിലെ കഴക്കൂട്ടം (വാർഡ് 1), ആറ്റിപ്ര വാർഡിലെ ആറ്റിൻകുഴി പ്രദേശം എന്നിവയും ഉൾപ്പെടുന്ന സർവൈലൻസ് സോണിന്റെ പരിധിയിൽ നിന്നും പുറത്തേക്കും അകത്തേക്കും കോഴി, താറാവ്, അരുമ പക്ഷികൾ എന്നിവയുടെ കൈമാറ്റം, കടത്ത്, വിൽപ്പന എന്നിവ നിരോധിച്ചതായി ജില്ലാ കളക്ടർ കഴിഞ്ഞ ദിവസം തന്നെ ഉത്തരവ് നല്കിയിട്ടിണ്ട്. 

ഈ പഞ്ചായത്തുകളിൽ നിന്നും പുറത്തേക്ക് മുട്ട, ഇറച്ചി, വളം, തീറ്റ എന്നിവയുടെ വില്പന, നീക്കം എന്നിവയ്ക്കും മൂന്നു മാസത്തേക്ക് നിരോധനം ഉണ്ടായിരിക്കും. രോഗം ബാധിച്ച സ്ഥലം കഠിനംകുളം കായല്‍ പ്രദേശത്തിനോട് ചേര്‍ന്നതാകയാല്‍ ദേശാടന പക്ഷികളില്‍ നിന്നുമാണ് രോഗബാധ ഉണ്ടായതെന്നാണ് വകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍. ജന്തുജന്യരോഗമായതിനാല്‍ മറ്റു പ്രദേശങ്ങളിലേക്ക് രോഗം വ്യാപിക്കാതിരിക്കാന്‍ വേണ്ടി ആണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത് . കര്‍ഷകരും വ്യാപാരികളും അധികൃതരും നിയന്ത്രണം പാലിക്കുന്നുണ്ടോ എന്ന കാര്യം ഉറപ്പുവരുത്തുന്നതാണ് എന്ന് മന്ത്രി അറിയിച്ചു.

ശ്രദ്ധിക്കേണ്ടതും പാലിക്കേണ്ടതും

1. ചത്ത പക്ഷികളെയും രോഗം ബാധിച്ചവയെയോ ദേശാടനക്കിളികളെയോ ഇവയുടെയൊക്കെ കാഷ്ടമോ ഒക്കെ കൈകാര്യം ചെയ്യേണ്ട സാഹചര്യം വന്നാൽ അതിനുമുൻപും ശേഷവും ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകി വൃത്തിയാക്കേണ്ടതാണ്.

2. രോഗത്തിന്റെ പ്രഭവ കേന്ദ്രത്തിൽ നിന്നും ഒരു കിലോമീറ്റർ ചുറ്റളവിൽ ഉള്ള രോഗം ബാധിച്ചതോ ചത്തതോ ആയ പക്ഷികളെ കൈകാര്യം ചെയ്യുമ്പോൾകൈയുറയും മാസ്കും നിർബന്ധമായും ധരിക്കേണ്ടതാണ്.

3. കോഴികളുടെ മാംസം (പച്ചമാംസം) കൈകാര്യം ചെയ്യുന്നതിന് മുൻപും പിൻപും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയാക്കേണ്ടതാണ്.

4. നിങ്ങളുടെ തൊട്ടടുത്ത് അസാധാരണമാംവിധം പക്ഷികളുടെ മരണം ശ്രദ്ധയിൽപ്പെട്ടാൽ അടുത്തുള്ള മൃഗസംരക്ഷണ വകുപ്പ് സ്ഥാപനത്തിൽ അറിയിക്കുക.

6. പക്ഷികളെ കൈകാര്യം ചെയ്തശേഷം എന്തെങ്കിലും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടാൽ അടുത്തുള്ള മെഡിക്കൽ ഡോക്ടറെ ബന്ധപ്പെടുക.

7. വ്യക്തി ശുചിത്വം കൃത്യമായി പാലിക്കുക.

8. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.

9. രോഗം ബാധിച്ച പക്ഷികളെ കൊന്നൊടുക്കുന്നതിനും രോഗബാധിത പ്രദേശങ്ങൾ ശുചീകരിക്കുന്നതിനും ഉദ്യോഗസ്ഥരുമായി സഹകരിക്കുക.

10. ശുചീകരണത്തിനായി 2% സോഡിയം ഹൈഡ്രോക്സൈഡ് ലായനി, പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി, കുമ്മായം എന്നിവ ഉപയോഗിക്കാവുന്നതാണ്.

ചെയ്തുകൂടാത്തത്.

1. ചത്തതോ രോഗം ബാധിച്ചതോ ആയ പക്ഷികളെ യോ ദേശാടനക്കിളികളുടേയോ അവയുടെ കാഷ്ടമോ നേരിട്ട് കൈകാര്യം ചെയ്യേണ്ട സാഹചര്യം ഒഴിവാക്കുക.

2. പകുതി വേവിച്ച മുട്ടകൾ കഴിക്കരുത് (ബുൾസ് ഐപോലുള്ളവ)

3. പകുതി വേവിച്ച മാംസം കഴിക്കരുത്.

4. രോഗബാധയുള്ള പക്ഷികൾ ഉള്ള പ്രദേശത്തു നിന്നും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്തു നിന്നുംപക്ഷികളെ വാങ്ങുകയോ വിൽക്കുകയോ അരുത്.

പക്ഷികള്‍, കോഴികള്‍, താറാവുകള്‍ തുടങ്ങിയവ കൂട്ടത്തോടെ ചത്തുവീഴുന്ന സാഹചര്യം ശ്രദ്ധയില്‍ പെട്ടാല്‍ എത്രയും വേഗം മൃഗസംരക്ഷ വകുപ്പിനെ അറിയിക്കണം. സംസ്ഥാനത്ത് പക്ഷിപനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആശങ്കപെടെണ്ടതില്ലെന്നും നന്നായി പാകം ചെയ്ത മുട്ട, കോഴി ഇറച്ചി എന്നിവ ഭക്ഷ്യയോഗ്യമാണെന്നും മന്ത്രി അറിയിച്ചു.




Author
Citizen Journalist

Fazna

No description...

You May Also Like