സാമൂഹിക പ്രവർത്തനങ്ങളിൽ നിന്ന് വിദ്യാർഥികൾ മാറി നിൽക്കരുതെന്ന് മന്ത്രി രാധാകൃഷ്ണൻ
തിരുവനന്തപുരം: സാമൂഹിക മാറ്റത്തിന് ഉതകുന്ന പ്രവർത്തനങ്ങളിൽ നിന്ന് വിദ്യാർഥികളും യുവജനങ്ങളും മാറി നിൽക്കരുതെന്ന് സംസ്ഥാന പട്ടികജാതി പട്ടികവർഗ, പിന്നാക്ക ക്ഷേമ, പാർലമെന്ററികാര്യ, ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. സംസ്ഥാന പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച സംസ്ഥാനതല യൂത്ത് ആന്റ് മോഡൽ പാർലമെന്റ് മത്സരത്തിലെ വിജയികൾക്ക് സമ്മാനദാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടന സംബന്ധിച്ച് കൃത്യമായ കാഴ്ചപ്പാട് വിദ്യാർഥികൾക്കും യുവജനങ്ങൾക്കും പകർന്ന് നൽകുക എന്ന ഉദ്ദേശത്തിലാണ് യൂത്ത് ആന്റ് മോഡൽ പാർലമെന്റ് പോലുള്ള മത്സരങ്ങൾ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തുല്യതയാണ് നമ്മുടെ ഭരണഘടന ഉറപ്പ് നൽകുന്ന ഏറ്റവും വലിയ അവകാശം. ആ സുപ്രധാന അവകാശത്തിന്റെ പ്രാധാന്യം മനസ്സിലാക്കാൻ യുവജനങ്ങൾക്ക് കഴിയണം. ജാതിയുടെയും തൊട്ടുകൂടായ്മയുടെയും അംശങ്ങൾ ഇപ്പോഴും നമ്മുടെയൊക്കെ മനസ്സിൽ ഉണ്ടെന്നതാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സംഭവങ്ങൾ സൂചിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
പ്രത്യേക ലേഖകൻ